Top Spec

The Top-Spec Automotive Web Portal in Malayalam

സവാരി ഗിരിഗിരി പോകാന്‍ പുതിയ സഫാരി

ഡെല്‍ഹി എക്‌സ് ഷോറൂം പ്രാരംഭ വില 14.69 ലക്ഷം രൂപ മുതല്‍

പുതിയ ടാറ്റ സഫാരി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 14.69 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പ്രാരംഭ വിലയാണ് പ്രഖ്യാപിച്ചത്. ടാറ്റ മോട്ടോഴ്സിന്റെ പ്രശസ്തമായ സഫാരി നെയിംപ്ലേറ്റ് ഇതോടെ കമ്പനിയുടെ പതാകവാഹക എസ്‌യുവിയായി വിപണിയില്‍ തിരിച്ചെത്തി. ഡേടോണ ഗ്രേ, റൊയാല്‍ ബ്ലൂ, ഓര്‍ക്കസ് വൈറ്റ്, ട്രോപ്പിക്കല്‍ മിസ്റ്റ് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. ബുക്കിംഗ് നേരത്തെ സ്വീകരിച്ചുതുടങ്ങിയിരുന്നു. 30,000 രൂപയാണ് ബുക്കിംഗ് തുക. 2020 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ഗ്രാവിറ്റാസ് കണ്‍സെപ്റ്റാണ് പുതിയ സഫാരിയായി വിപണിയിലെത്തുന്നത്.

എക്സ്ഇ, എക്സ്എം, എക്സ്ടി, എക്‌സ്‌സെഡ് എന്നീ നാല് വകഭേദങ്ങളിലായി ആകെ ഒമ്പത് വേരിയന്റുകളില്‍ പുതിയ ടാറ്റ സഫാരി ലഭിക്കും. 6 സീറ്റ്, 7 സീറ്റ് വകഭേദങ്ങളിലും എസ്‌യുവി ലഭ്യമാണ്. എല്ലാ വേരിയന്റുകളിലും 7 സീറ്റ് ഓപ്ഷന്‍ ലഭിക്കും. എന്നാല്‍ മധ്യ നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ ലഭിക്കുന്നത് (6 സീറ്റര്‍) എക്‌സ്‌സെഡ് പ്ലസ്, എക്‌സ്‌സെഡ്എ പ്ലസ് വേരിയന്റുകളില്‍ മാത്രമായിരിക്കും. ടാറ്റ സഫാരിയുടെ ‘അഡ്വഞ്ചര്‍ പേഴ്സോണ’ എഡിഷന്‍ ഇതോടൊപ്പം പുറത്തിറക്കി.

ടാറ്റ മോട്ടോഴ്സിന്റെ ഇംപാക്റ്റ് 2.0 ഡിസൈന്‍ ഫിലോസഫിയിലാണ് പുതിയ ടാറ്റ സഫാരി അണിയിച്ചൊരുക്കിയത്. ലാന്‍ഡ് റോവര്‍ ഡി8 പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി വികസിപ്പിച്ച ഒമേഗാര്‍ക്ക് പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചു. പുതിയ സഫാരിയുടെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,661 എംഎം, 1,894 എംഎം, 1,786 എംഎം എന്നിങ്ങനെയാണ്. വീല്‍ബേസ് 2,741 മില്ലിമീറ്റര്‍.

സവിശേഷ ‘ട്രൈ ആരോ’ ഡിസൈനുമായി ക്രോം ഗ്രില്‍, 18 ഇഞ്ച് അലോയ് വീലുകള്‍, പനോരമിക് സണ്‍റൂഫ്, മുന്നിലും പിന്നിലും സില്‍വര്‍ സ്‌കിഡ് പ്ലേറ്റുകള്‍, റൂഫ് റെയിലുകള്‍, ഇന്റഗ്രേറ്റഡ് സ്‌പോയ്‌ലര്‍ എന്നിവയാണ് ബാഹ്യമായ ഫീച്ചറുകള്‍. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി സഹിതം 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ബോസ് മോഡ്, ആംബിയന്റ് ലൈറ്റിംഗ്, ക്രൂസ് കണ്‍ട്രോള്‍, ‘ഐറ’ കണക്റ്റഡ് കാര്‍ ടെക്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ടെറെയ്ന്‍ റെസ്‌പോണ്‍സ് മോഡുകള്‍, ഒമ്പത് സ്പീക്കറുകളോടുകൂടിയ ജെബിഎല്‍ മ്യൂസിക് സിസ്റ്റം, ആറ് വിധത്തില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ കാബിന്‍ വിശേഷങ്ങളാണ്.

2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ക്രയോടെക് ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് 2021 ടാറ്റ സഫാരിയുടെ ഹൃദയം. ഈ മോട്ടോര്‍ 3,750 ആര്‍പിഎമ്മില്‍ 168 ബിഎച്ച്പി കരുത്തും 1,750 മുതല്‍ 2,500 വരെ ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. സ്റ്റാന്‍ഡേഡായി 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് നല്‍കി. ഹ്യുണ്ടായില്‍നിന്ന് വാങ്ങിയ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഓപ്ഷണലായി ലഭിക്കും.

ആറ് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഡിസെന്‍ഡ് കണ്‍ട്രോള്‍, റോള്‍ ഓവര്‍ മിറ്റിഗേഷന്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നീ സുരക്ഷാ ഫീച്ചറുകളും ലഭിച്ചു.

എക്സ്ഇ എംടി …………. 14.69 ലക്ഷം രൂപ

എക്സ്എം എംടി ………………. 16 ലക്ഷം രൂപ

എക്സ്എം എടി ……………………. 17.25 ലക്ഷം രൂപ

എക്സ്ടി എംടി ………………17.45 ലക്ഷം രൂപ

എക്സ്ടി പ്ലസ് എംടി ………….. 18.25 ലക്ഷം രൂപ

എക്‌സ്‌സെഡ് എംടി ……………. 19.15 ലക്ഷം രൂപ

എക്‌സ്‌സെഡ് എടി ……………… 20.40 ലക്ഷം രൂപ

എക്‌സ്‌സെഡ് പ്ലസ് എംടി …………… 19.99 ലക്ഷം രൂപ

എക്‌സ്‌സെഡ് പ്ലസ് എടി ………….. 21.25 ലക്ഷം രൂപ

എക്‌സ്‌സെഡ് പ്ലസ് എംടി അഡ്വഞ്ചര്‍ പേഴ്സോണ എഡിഷന്‍ ……….. 20.20 ലക്ഷം രൂപ

എക്‌സ്‌സെഡ് പ്ലസ് എടി അഡ്വഞ്ചര്‍ പേഴ്സോണ എഡിഷന്‍ …….. 21.45 ലക്ഷം രൂപ