Top Spec

The Top-Spec Automotive Web Portal in Malayalam

വാഹന രജിസ്ട്രേഷൻ: സാമ്പത്തിക വർഷത്തിൽ ഇതാദ്യമായി വർധന

യാത്രാ വാഹന രജിസ്ട്രേഷനിൽ 24 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത് 

2020 ഡിസംബറിൽ രാജ്യത്തെ ആകെ വാഹന രജിസ്ട്രേഷനിൽ 11.01 ശതമാനം വർധന. 2019 ഡിസംബർ മാസവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വളർച്ച. 2019 അവസാന മാസത്തിൽ 16.61 ലക്ഷം വാഹനങ്ങളാണ് രാജ്യത്ത് ആകെ രജിസ്റ്റർ ചെയ്തതെങ്കിൽ കഴിഞ്ഞ മാസം 18.44 ലക്ഷം വാഹനങ്ങളായി വർധിച്ചു. 

യാത്രാ വാഹനങ്ങളുടെ രജിസ്ട്രേഷൻ മാത്രം കണക്കിലെടുത്താൽ 23.99 ശതമാനമാണ് വർധനയെന്ന് വാഹന ഡീലർമാരുടെ അസോസിയേഷനുകളുടെ ഫെഡറേഷനായ ഫാഡ അറിയിച്ചു. 2019 ഡിസംബറിൽ 2.18 ലക്ഷം പാസഞ്ചർ വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ കഴിഞ്ഞ മാസം 2.71 ലക്ഷം യാത്രാ വാഹനങ്ങളാണ് രജിസ്ട്രേഷൻ നടത്തിയത്. അതേസമയം, മൂന്നുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷനിൽ 52.75 ശതമാനം ഇടിവ് സംഭവിച്ചു. 2020 ഡിസംബറിൽ 27,715 മുച്ചക്ര വാഹനങ്ങളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തത്. 2019 അവസാന മാസത്തിൽ 58,651 വാഹനങ്ങൾ രജിസ്റ്റർ ചെയ്തിരുന്നു.  

ഇരുചക്രവാഹനങ്ങളുടെ രജിസ്ട്രേഷൻ സംബസിച്ച് 11.88 ശതമാനം വർധനയുണ്ടായി. കഴിഞ്ഞ മാസം 14.24 ലക്ഷം ഇരുചക്രവാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. 2019 ഡിസംബറിൽ 12.73 ലക്ഷം വാഹനങ്ങളായിരുന്നു. വാണിജ്യ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ 13.52 ശതമാനം കുറവ് സംഭവിച്ചതായും ഫാഡയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 59,497 വാഹനങ്ങൾ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് 51,454 വാഹനങ്ങളായി കുറഞ്ഞു. ഇതിനിടയിൽ ട്രാക്ടറുകളുടെ രജിസ്ട്രേഷൻ 35.49 ശതമാനം വർധിച്ചത് ശ്രദ്ധേയമായി. 51,004 ട്രാക്ടറുകളിൽനിന്ന് 69,105 ട്രാക്ടറുകളായി രജിസ്ട്രേഷനിൽ വർധന രേഖപ്പെടുത്തി.  

മുൻവർഷ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, നടപ്പു സാമ്പത്തിക വർഷം ഇതാദ്യമായാണ് വാഹന രജിസ്ട്രേഷനിൽ വളർച്ച രേഖപ്പെടുത്തുന്നതെന്ന് ഫാഡ പ്രസിഡൻ്റ് വിങ്കേഷ് ഗുലാത്തി പറഞ്ഞു.