Top Spec

The Top-Spec Automotive Web Portal in Malayalam

ബിഎംഡബ്ല്യു 220ഐ എം സ്പോർട്ട് വിപണിയിൽ

ഇന്ത്യ എക്സ് ഷോറൂം വില 40.90 ലക്ഷം രൂപ 

ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ പെട്രോൾ വേരിയൻ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ‘എം സ്പോർട്ട്’ ഡിസൈൻ പാക്കേജ് സഹിതമാണ് 220ഐ വരുന്നത്. 40.90 ലക്ഷം രൂപയാണ് ഇന്ത്യ എക്സ് ഷോറൂം വില. രണ്ട് ഡീസൽ വേരിയൻ്റുകളുടെ കൂടെ ചെന്നൈ പ്ലാൻ്റിൽ നിർമിക്കും. ആൽപൈൻ വൈറ്റ്, മെൽബൺ റെഡ്, മിസാനോ ബ്ലൂ, സ്നാപ്പർ റോക്ക്സ് ബ്ലൂ, ബ്ലാക്ക് സഫയർ, സ്‌റ്റോം ബേ എന്നിവയാണ് ആറ് കളർ ഓപ്ഷനുകൾ.  

ബോണറ്റിനു കീഴിൽ, 2.0 ലിറ്റർ, ‘ട്വിൻപവർ’ ടർബോ പെട്രോൾ എൻജിനാണ് കരുത്തേകുന്നത്. ഈ മോട്ടോർ 190 എച്ച്പി കരുത്തും 280 എൻഎം ടോർക്കും പരമാവധി ഉൽപ്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് എൻജിനുമായി ചേർത്തത്. സ്റ്റിയറിംഗ് വളയത്തിൽ പാഡിൽ ഷിഫ്റ്ററുകൾ നൽകി. 0-100 കിമീ/ മണിക്കൂർ വേഗമാർജിക്കാൻ 7.1 സെക്കൻഡ് മതി.  

കാഴ്ച്ചയില്‍ ഡീസല്‍, പെട്രോള്‍ വേരിയന്റുകള്‍ തമ്മില്‍ വ്യത്യാസങ്ങളില്ല. സവിശേഷ കിഡ്‌നി ഗ്രില്‍, ഫ്രെയിം ഇല്ലാത്ത ഡോറുകള്‍, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, ചെരിഞ്ഞിറങ്ങുന്ന റൂഫ്‌ലൈന്‍, വയര്‍ലെസ് ചാര്‍ജിംഗ്, 17 ഇഞ്ച് ഡബിള്‍ സ്‌പോക്ക് അലോയ് വീലുകള്‍ എന്നിവ സവിശേഷതകളാണ്.

ഇലക്ട്രിക്കൽ മെമ്മറി ഫംഗ്ഷൻ സഹിതം ‘സ്‌പോർട്ട് സീറ്റുകൾ’, 12.3 ഇഞ്ച് വർച്ച്വൽ കോക്പിറ്റ്, പിൻ നിരയിൽ മടക്കാവുന്ന സ്പ്ലിറ്റ് സീറ്റുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫൊടെയ്ൻമെൻ്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, ഡ്രൈവർ കേന്ദ്രീകൃത എർഗണോമിക് ഡാഷ്ബോർഡ് എന്നിവ കാബിനിൽ നൽകി. ബ്ലാക്ക് അല്ലെങ്കിൽ സെൻസെടെക് ഒയിസ്റ്റർ കളർ ഷേഡുകളിലാണ് അപോൾസ്റ്ററി.  

ബ്രേക്ക് അസിസ്റ്റ് സഹിതം എബിഎസ്, ആറ് എയർബാഗുകൾ, ടിപിഎംഎസ് സഹിതം റൺ ഫ്ലാറ്റ് ടയറുകൾ, ക്രാഷ് സെൻസറുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റുകൾ, കോർണറിംഗ് ബ്രേക്ക് കൺട്രോൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ നൽകിയിരിക്കുന്നു.