Top Spec

The Top-Spec Automotive Web Portal in Malayalam

കൊമ്പുകുലുക്കി വരുന്നു പുതിയ ഫോര്‍ച്യൂണര്‍

ഡെല്‍ഹി എക്സ് ഷോറൂം വില 29.98 ലക്ഷം രൂപ മുതല്‍  

ഫേസ്‌ലിഫ്റ്റ് ചെയ്ത ടൊയോട്ട ഫോര്‍ച്യൂണര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 29.98 ലക്ഷം മുതല്‍ 37.43 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഇത്തവണ കൂടുതല്‍ സ്പോര്‍ട്ടിയായ ലെജന്‍ഡര്‍ വേരിയന്റ് കൂടി ഇന്ത്യയിലെത്തി. 37.58 ലക്ഷം രൂപയാണ് വില. ലെജന്‍ഡര്‍ ഉള്‍പ്പെടെ ഏഴ് വേരിയന്റുകളില്‍ പുതിയ ടൊയോട്ട ഫോര്‍ച്യൂണര്‍ ലഭിക്കും. നാല് വര്‍ഷത്തിനുശേഷമാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ പരിഷ്‌ക്കാരിയാകുന്നത്. പുതിയ ലുക്ക്, കൂടുതല്‍ ഫീച്ചറുകള്‍, മെച്ചപ്പെട്ട പെര്‍ഫോമന്‍സ് എന്നിവ വിശേഷങ്ങളാണ്.

ബിഎസ് 6 പാലിക്കുന്ന അതേ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് കരുത്തേകുന്നത്. 2.7 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 164 ബിഎച്ച്പി പരമാവധി കരുത്തും 245 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 2.8 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ മോട്ടോര്‍ പുറപ്പെടുവിക്കുന്നത് 201 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കുമാണ്. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് സ്വീക്വന്‍ഷ്യല്‍ ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 2 വീല്‍ ഡ്രൈവ്, 4 വീല്‍ ഡ്രൈവ് വകഭേദങ്ങളിലും എസ്‌യുവി ലഭിക്കും.

പുതിയ എല്‍ഇഡി ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ചെറിയ ഗ്രില്‍, പുതുക്കിപ്പണിത മുന്‍, പിന്‍ ബംപറുകള്‍, പരിഷ്‌കരിച്ച എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, പുതിയ 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് 2021 ടൊയോട്ട ഫോര്‍ച്യൂണറിന്റെ പുറത്തെ സവിശേഷതകള്‍. ക്രൂസ് കണ്‍ട്രോള്‍, 360 ഡിഗ്രി കാമറ, വയര്‍ലെസ് ചാര്‍ജിംഗ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റിയോടെ വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് അകത്തെ പരിഷ്‌കാരങ്ങള്‍.

ടൊയോട്ടയുടെ ‘സേഫ്റ്റി സെന്‍സ്’, കൊളീഷന്‍ പ്രിവന്‍ഷന്‍ സിസ്റ്റം, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, ഡൈനാമിക് ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയവയാണ് സുരക്ഷാ ഫീച്ചറുകള്‍. ആസിയാന്‍ എന്‍കാപ് നടത്തിയ ഇടി പരിശോധനയില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ മോഡലാണ്. 2020 ഫോഡ് എന്‍ഡവര്‍, എംജി ഗ്ലോസ്റ്റര്‍, മഹീന്ദ്ര അല്‍ട്ടുറാസ് ജി4 എന്നിവയാണ് എതിരാളികള്‍.

വേരിയന്റ്                                                                 വില

2.7 പെട്രോള്‍, 2 വീല്‍ ഡ്രൈവ്, മാന്വല്‍ …………. 29.98 ലക്ഷം രൂപ

2.7 പെട്രോള്‍, 2 വീല്‍ ഡ്രൈവ്, ഓട്ടോമാറ്റിക് ………….31.57 ലക്ഷം രൂപ

2.8 ഡീസല്‍, 2 വീല്‍ ഡ്രൈവ്, മാന്വല്‍ ……………32.48 ലക്ഷം രൂപ

2.8 ഡീസല്‍, 2 വീല്‍ ഡ്രൈവ്, ഓട്ടോമാറ്റിക് ………….34.84 ലക്ഷം രൂപ

2.8 ഡീസല്‍, 4 വീല്‍ ഡ്രൈവ്, മാന്വല്‍ …………………35.14 ലക്ഷം രൂപ

2.8 ഡീസല്‍, 4 വീല്‍ ഡ്രൈവ്, ഓട്ടോമാറ്റിക് ………….. 37.43 ലക്ഷം രൂപ

ലെജന്‍ഡര്‍ 2.8 ഡീസല്‍, 2 വീല്‍ ഡ്രൈവ്, ഓട്ടോമാറ്റിക് ……..37.58 ലക്ഷം രൂപ