Top Spec

The Top-Spec Automotive Web Portal in Malayalam

ടാറ്റ സഫാരി തിരിച്ചുവരുന്നു

ടാറ്റ സഫാരി നെയിംപ്ലേറ്റില്‍ ടാറ്റ ഗ്രാവിറ്റാസ് ഈ മാസം വിപണിയിലെത്തും. പ്രീ-ബുക്കിംഗ് ഉടന്‍ ആരംഭിക്കും  

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ സഫാരി ബ്രാന്‍ഡ് പുനരുജ്ജീവിപ്പിക്കുന്നു. ടാറ്റ സഫാരി എന്ന പേരില്‍ ടാറ്റ ഗ്രാവിറ്റാസ് വിപണിയിലെത്തിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. 7 സീറ്റര്‍ ഫ്ളാഗ്ഷിപ്പ് എസ്‌യുവിയുടെ വിപണി അവതരണം ഈ മാസം നടക്കും. പ്രീ-ബുക്കിംഗ് അടുത്തയാഴ്ച്ച ആരംഭിക്കും. ജനുവരിയില്‍തന്നെ ഡെലിവറി ചെയ്തുതുടങ്ങും. 2020 ഫെബ്രുവരിയില്‍ നടന്ന ഡെല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ ഗ്രാവിറ്റാസ് പ്രദര്‍ശിപ്പിച്ചിരുന്നു. ടാറ്റ ഗ്രാവിറ്റാസിന്റെ രൂപകല്‍പ്പനയില്‍ത്തന്നെ സഫാരിയുടെ സൂചകങ്ങള്‍ ഉണ്ടായിരുന്നു. ടാറ്റയുടെ ഇംപാക്റ്റ് 2.0 ഡിസൈന്‍ ഭാഷയിലാണ് പുതിയ സഫാരി അണിയിച്ചൊരുക്കുന്നത്. 2019 ജനീവ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ടാറ്റ ബസര്‍ഡ് കണ്‍സെപ്റ്റാണ് ഇപ്പോള്‍ പുതിയ സഫാരിയായി വിപണിയിലെത്തുന്നത്.

5 സീറ്റര്‍ എസ്‌യുവിയായ ടാറ്റ ഹാരിയറിന് മുന്നിലായിരിക്കും മൂന്നുനിര സീറ്റുകളോടുകൂടിയ പുതിയ ടാറ്റ സഫാരിയുടെ സ്ഥാനം. ഹാരിയര്‍ അടിസ്ഥാനമാക്കിയാണ് പുതിയ സഫാരി നിര്‍മിക്കുന്നത്. ഡ്രൈവ്‌ട്രെയ്ന്‍ ഓപ്ഷനുകളും സമാനമായിരിക്കും. ഫിയറ്റില്‍നിന്ന് വാങ്ങിയതും ടാറ്റ ഹാരിയര്‍ ഉപയോഗിക്കുന്നതുമായ 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനായിരിക്കും കരുത്തേകുന്നത്. ഈ മോട്ടോര്‍ 168 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേഡായി നല്‍കും. 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഓപ്ഷണലായിരിക്കും. പഴയ സഫാരിയിലെന്ന പോലെ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം ഉണ്ടായിരിക്കില്ല. വിപണി അവതരണസമയത്ത് ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനും നല്‍കില്ല. ആവശ്യകത ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഈ രണ്ട് ഓപ്ഷനുകളും നല്‍കുന്ന കാര്യം കമ്പനി പിന്നീട് ആലോചിക്കും.

ഒമേഗാര്‍ക്ക് പ്ലാറ്റ്‌ഫോമാണ് പുതിയ ടാറ്റ സഫാരി എസ്‌യുവി അടിസ്ഥാനമാക്കുന്നത്. ലാന്‍ഡ് റോവറിന്റെ ഡി8 പ്ലാറ്റ്‌ഫോമില്‍നിന്ന് വികസിപ്പിച്ചതാണ് ഒമേഗാര്‍ക്ക്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം നല്‍കാന്‍ കഴിയുംവിധം ഈ പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തു. പിന്‍ ചക്രങ്ങളില്‍ മോട്ടോറുകള്‍ സ്ഥാപിച്ചുകൊണ്ട് ഇലക്ട്രിക് വാഹനമാക്കി മാറ്റിയും പുതിയ സഫാരിയെ ഓള്‍ വീല്‍ ഡ്രൈവ് വാഹനമാക്കി മാറ്റാന്‍ കഴിയുമെന്ന് കമ്പനി സൂചിപ്പിച്ചു. എംജി ഹെക്ടര്‍ പ്ലസ്, മഹീന്ദ്ര എക്‌സ്‌യുവി 500 എന്നിവയായിരിക്കും പുതിയ ടാറ്റ സഫാരിയുടെ എതിരാളികള്‍. 15 ലക്ഷത്തിന് മുകളില്‍ എക്‌സ് ഷോറൂം വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.