Top Spec

The Top-Spec Automotive Web Portal in Malayalam

വഴിമാറിക്കോ; പുതിയ കോംപസ് വരുന്നു

ജീപ്പ് കോംപസ് ഫേസ്‌ലിഫ്റ്റ് അനാവരണം ചെയ്തു. ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി

ഫേസ്‌ലിഫ്റ്റ് ചെയ്ത ജീപ്പ് കോംപസ് ഇന്ത്യയില്‍ അനാവരണം ചെയ്തു. ഈ മാസം അവസാനത്തോടെ 2021 ജീപ്പ് കോംപസ് രാജ്യത്തെ ഷോറൂമുകളിലെത്തും. ഓണ്‍ലൈന്‍ വഴിയും ഡീലര്‍ഷിപ്പുകളിലൂടെയും എസ്‌യുവി ബുക്ക് ചെയ്യാം. അമേരിക്കന്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ വില്‍ക്കുന്ന പ്രധാന മോഡലുകളിലൊന്നാണ് കോംപസ്. 2017 ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചശേഷം ഇതാദ്യമായാണ് കോംപസ് നവീകരിക്കുന്നത്. പുതിയ കോംപസ് ഇതിനകം നിര്‍മിച്ചുതുടങ്ങി.

വലിയ സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഹെഡ്‌ലാംപുകളുമായി ചേര്‍ത്ത എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ക്രോം സാന്നിധ്യത്തോടെ സവിശേഷ സെവന്‍ ബോക്സ് ഗ്രില്‍, വലിയ തിരശ്ചീന എയര്‍ ഇന്‍ലെറ്റുകള്‍, ഫോഗ് ലാംപുകള്‍ എന്നിവയോടെ പുതുക്കിപ്പണിത ബംപര്‍ എന്നിവ മുന്‍ഭാഗത്തെ മാറ്റങ്ങളാണ്. താഴെ ഇരുവശങ്ങളിലും പ്ലാസ്റ്റിക് ക്ലാഡിംഗ് സഹിതം സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് നല്‍കി. അലോയ് വീലുകള്‍ക്ക് പുതിയ ഡിസൈന്‍ ലഭിച്ചു. എഴുന്നുനില്‍ക്കുന്ന ചതുരാകൃതിയുള്ള വീല്‍ ആര്‍ച്ചുകള്‍ കാണാം. ടെയ്ല്‍ ലൈറ്റുകളില്‍ ചെറിയ മാറ്റങ്ങളൊഴിച്ച് പിന്‍ഭാഗത്ത് പരിഷ്‌കാരങ്ങളില്ല.

പുതിയ കോംപസിന്റെ ഉള്‍വശം പൂര്‍ണമായും നവീകരിച്ചു. മികച്ച സപ്പോര്‍ട്ട്, കുഷ്യന്‍ എന്നിവയോടെ പുതിയ സീറ്റുകള്‍ നല്‍കി. ഏറ്റവും പുതിയ ‘യുകണക്റ്റ്5’ സോഫ്റ്റ്‌വെയര്‍ സഹിതം 10.1 ഇഞ്ച് ഫ്‌ളോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ലഭിച്ചു. സ്ഥാനം മാറ്റിനല്‍കിയ എയര്‍ വെന്റുകള്‍ക്ക് മുകളിലാണ് ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി സഹിതം ടച്ച്സ്‌ക്രീന്‍ സിസ്റ്റം നല്‍കിയത്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, പുതിയ മള്‍ട്ടി ഫംഗ്ഷണല്‍, ത്രീ സ്പോക്ക് സ്റ്റിയറിംഗ് വളയം എന്നിവയും വിശേഷങ്ങളാണ്. സ്റ്റിയറിംഗ് വളയം തുകല്‍ പൊതിഞ്ഞു. ഡാഷ്ബോര്‍ഡ്, ഡോര്‍ പാഡുകള്‍ എന്നിവിടങ്ങളില്‍ 2 ടോണ്‍ നിറങ്ങള്‍ നല്‍കി. വയര്‍ലെസ് ചാര്‍ജിംഗ്, ക്രൂസ് കണ്‍ട്രോള്‍, ഓട്ടോ ഹോള്‍ഡ് ഫംഗ്ഷന്‍, പവേര്‍ഡ് ടെയ്ല്‍ഗേറ്റ്, മുന്നില്‍ വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

2021 ജീപ്പ് കോംപസ് എസ്‌യുവിയുടെ പവര്‍ട്രെയ്ന്‍ ഓപ്ഷനുകളില്‍ മാറ്റമുണ്ടായേക്കില്ല. 1.4 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍. പെട്രോള്‍ എന്‍ജിന്‍ 160 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഡീസല്‍ മോട്ടോര്‍ 171 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്സ് ആയിരിക്കും പെട്രോള്‍ എന്‍ജിനുമായി ഘടിപ്പിക്കുന്നത്. ഡീസല്‍ മോട്ടോറുമായി 9 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ചേര്‍ത്തുവെയ്ക്കും.

കൂടുതല്‍ സുരക്ഷാ ഫീച്ചറുകളോടെയാണ് പുതിയ ജീപ്പ് കോംപസ് വരുന്നത്. പാനിക് ബ്രേക്ക് അസിസ്റ്റ്, റെഡി അലര്‍ട്ട് ബ്രേക്കിംഗ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് റോള്‍ മിറ്റിഗേഷന്‍ എന്നിവയാണ് പുതിയ ചില പ്രധാന ഫീച്ചറുകള്‍.