Top Spec

The Top-Spec Automotive Web Portal in Malayalam

അനാവരണത്തിന് ഒരുങ്ങി അൾട്രോസ് ഐടർബോ

1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനായിരിക്കും ഉപയോഗിക്കുന്നത് 

ടാറ്റ മോട്ടോഴ്‌സിന്റെ പ്രീമിയം ഹാച്ച്ബാക്കായ അള്‍ട്രോസിന് നാളെ ടര്‍ബോ പെട്രോള്‍ വകഭേദം ലഭിക്കും. ജനുവരി 13 ന് അള്‍ട്രോസ് ഐടര്‍ബോ അനാവരണം ചെയ്യും. എക്‌സ്ടി, എക്‌സ്‌സെഡ്, എക്‌സ്‌സെഡ് പ്ലസ് എന്നീ വേരിയന്റുകളില്‍ അള്‍ട്രോസ് ഐടര്‍ബോ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മറീന ബ്ലൂ എന്ന പുതിയ കളര്‍ ഓപ്ഷന്‍ കൂടി നല്‍കിയേക്കും.

ഗ്ലോസ് ബ്ലാക്ക് സൺറൂഫ്, ഇളം ചാരനിറത്തിലുള്ള ഉൾവശം, സ്റ്റീരിയോ സിസ്റ്റത്തിന് രണ്ട് അധിക ട്വീറ്ററുകൾ എന്നിവ ഐടർബോ വേരിയൻ്റുകൾക്ക് നൽകിയേക്കും. റെഗുലർ മോഡലിൽനിന്ന് ഐടർബോ വകഭേദത്തെ വേർതിരിച്ചറിയാൻ ഇത് സഹായിക്കും. തുകൽ അപോൾസ്റ്ററി, ആംബിയൻ്റ് ലൈറ്റിംഗ്, കണക്റ്റഡ് കാർ ഫീച്ചറുകൾ, ഓട്ടോ പ്രൊജക്റ്റർ ഹെഡ്ലാംപുകൾ, പിൻ നിരയിൽ എസി വെൻ്റുകൾ, 7 ഇഞ്ച് വലുപ്പമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവ ടാറ്റ അൾട്രോസ് ഐടർബോയുടെ സവിശേഷതകൾ ആയിരിക്കും.  

1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനായിരിക്കും ടാറ്റ അൾട്രോസ് ഐടർബോ മോഡലിന് കരുത്തേകുന്നത്. ഈ മോട്ടോർ 110 ബിഎച്ച്പി പരമാവധി കരുത്തും 150 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. 5 സ്പീഡ് മാന്വൽ, ഡിസിടി (ഡുവൽ ക്ലച്ച് ട്രാൻസ്മിഷൻ) എന്നിവയായിരിക്കും ട്രാൻസ്മിഷൻ ഓപ്ഷനുകൾ. സിറ്റി, സ്പോർട്ട് എന്നീ ഡ്രൈവിംഗ് മോഡുകളും ഹാച്ച്ബാക്കിൽ നൽകും.