Top Spec

The Top-Spec Automotive Web Portal in Malayalam

പാഡി ഹോപ്കിര്‍ക്ക് എഡിഷനില്‍ മിനി കൂപ്പര്‍

വില 41.70 ലക്ഷം രൂപ. പതിനഞ്ച് യൂണിറ്റ് മാത്രം ഇന്ത്യയില്‍ വില്‍ക്കും

മിനി കൂപ്പര്‍ പാഡി ഹോപ്കിര്‍ക്ക് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 41.70 ലക്ഷം രൂപയാണ് വില. റേസിംഗ് ഇതിഹാസം പാട്രിക്ക് പാഡി ഹോപ്കിര്‍ക്കിനോടുള്ള ആദരസൂചകമായാണ് പ്രത്യേക പതിപ്പ് നിര്‍മിച്ചത്. പതിനഞ്ച് യൂണിറ്റ് മാത്രമായിരിക്കും ഇന്ത്യയില്‍ വില്‍ക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റില്‍ ബുക്കിംഗ് ആരംഭിച്ചു. പൂര്‍ണമായി നിര്‍മിച്ചശേഷം (സിബിയു) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്.

‘ചില്ലി റെഡ്’ നിറത്തിലാണ് മിനി കൂപ്പര്‍ പാഡി ഹോപ്കിര്‍ക്ക് എഡിഷന്‍ വരുന്നത്. റൂഫിന് ‘ആസ്പന്‍ വൈറ്റ്’ നിറം നല്‍കി. രണ്ട് ഡോറുകളിലും ’37’ സ്റ്റിക്കര്‍, ബോണറ്റില്‍ വെളുത്ത സ്‌ട്രൈപ്പ്, അതില്‍ പാഡി ഹോപ്കിര്‍ക്കിന്റെ ഒപ്പ് എന്നിവ കാണാം. മാത്രമല്ല, ഡോര്‍ ഹാന്‍ഡിലുകള്‍, മുന്നിലെയും പിന്നിലെയും എംബ്ലം, ഫ്യൂവല്‍ ഫില്ലര്‍ ക്യാപ്, ബോണറ്റ് സ്‌കൂപ്പ്, മിറര്‍ ക്യാപ്പുകള്‍, ഗ്രില്‍, 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിവിടങ്ങളില്‍ ‘ഗ്ലോസ് ബ്ലാക്ക്’ നിറം നല്‍കി.

തുകല്‍ പൊതിഞ്ഞ ജെസിഡബ്ല്യു സ്റ്റിയറിംഗ് വളയം, പനോരമ ഗ്ലാസ് റൂഫ്, റിയര്‍ വ്യൂ കാമറ, ‘കംഫര്‍ട്ട് ആക്‌സസ് സിസ്റ്റം’ എന്നിവ പ്രത്യേക പതിപ്പിന്റെ അകത്തെ സവിശേഷതകളാണ്. കാറിനെ വീണ്ടും ഗ്ലാമര്‍ മോഡലാക്കി മാറ്റുന്നതിന് ‘എക്‌സൈറ്റ്‌മെന്റ്’ പാക്കേജ് ഓപ്ഷണലായി ലഭിക്കും.

2.0 ലിറ്റര്‍, 4 സിലിണ്ടര്‍, ‘ട്വിന്‍പവര്‍’ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ത്രീ ഡോര്‍ ഹാച്ച്ബാക്കിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 189 ബിഎച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 7 സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട്ട് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തു. 0-100 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ 6.7 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 235 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത.