Top Spec

The Top-Spec Automotive Web Portal in Malayalam

കാണാം ഇനി അള്‍ട്രോസിന്റെ പവര്‍പ്ലേ

ടാറ്റ അള്‍ട്രോസ് ഐടര്‍ബോ വേരിയന്റ് അനാവരണം ചെയ്തു

ടാറ്റ അള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കിന്റെ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ വകഭേദം ഇന്ത്യയില്‍ അനാവരണം ചെയ്തു. എക്‌സ്ടി, എക്‌സ്‌സെഡ്, എക്‌സ്‌സെഡ് പ്ലസ് എന്നീ മൂന്ന് വേരിയന്റുകളില്‍ അള്‍ട്രോസ് ഐടര്‍ബോ ലഭിക്കും. ഹോട്ട് ഹാച്ചിനെ സംബന്ധിച്ചിടത്തോളം എക്‌സ്‌സെഡ് പ്ലസ് എന്നത് പുതിയ ടോപ് സ്‌പെക് വേരിയന്റാണ്. ഈ വേരിയന്റില്‍ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി. അനാവരണത്തോടെ ടാറ്റ മോട്ടോഴ്‌സ് ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. 11,000 രൂപയാണ് ബുക്കിംഗ് തുക. അള്‍ട്രോസ് ഐടര്‍ബോയുടെ വിപണി അവതരണം ജനുവരി 22 ന് നടക്കും. ഏകദേശം എട്ട് ലക്ഷം രൂപയില്‍ വില ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാം. നിലവില്‍ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിന്‍, 1.5 ലിറ്റര്‍ ഡീസല്‍ മോട്ടോര്‍ എന്നീ ഓപ്ഷനുകളിലാണ് പ്രീമിയം ഹാച്ച്ബാക്ക് ലഭിക്കുന്നത്.

ടാറ്റ നെക്‌സോണ്‍ ഉപയോഗിക്കുന്ന 1.2 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് അള്‍ട്രോസ് ഐടര്‍ബോ വകഭേദത്തിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 110 ബിഎച്ച്പി കരുത്തും 140 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിനേക്കാള്‍ 23.7 ബിഎച്ച്പി കരുത്തും 27 എന്‍എം ടോര്‍ക്കും കൂടുതല്‍. 0-100 കിമീ/മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ 11.9 സെക്കന്‍ഡ് മതി. എംഐഡിസി (മോഡിഫൈഡ് ഇന്ത്യന്‍ ഡ്രൈവ് സൈക്കിള്‍) അനുസരിച്ച് 18.13 കിലോമീറ്ററാണ് ഇന്ധനക്ഷമത. തല്‍ക്കാലം 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ മാത്രമാണ് ഓപ്ഷന്‍. 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ പിന്നീട് നല്‍കും. ഡിസിടി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിക്കുന്ന ആദ്യ ടാറ്റ മോഡലായിരിക്കും അള്‍ട്രോസ് ഐടര്‍ബോ. സ്റ്റിയറിംഗ്, സസ്‌പെന്‍ഷന്‍ സംവിധാനം എന്നിവ ചെറുതായി പരിഷ്‌ക്കരിച്ചതു കൂടാതെ സിറ്റി, സ്‌പോര്‍ട്ട് എന്നീ രണ്ട് ഡ്രൈവിംഗ് മോഡുകള്‍ കൂടി നല്‍കി.

നിലവിലെ മോഡലും ഐടര്‍ബോ വകഭേദവും തമ്മില്‍ കാഴ്ച്ചയില്‍ വ്യത്യാസങ്ങളില്ല. പുതുതായി ‘ഹാര്‍ബര്‍ ബ്ലൂ’ എന്ന കളര്‍ ഓപ്ഷന്‍ നല്‍കി. ചുവപ്പ്, സ്വര്‍ണ നിറം, ചാര നിറം, വെളുപ്പ് എന്നിവയാണ് മറ്റ് പെയിന്റ് ഓപ്ഷനുകള്‍. ബൂട്ട് ലിഡിന് പുറത്ത് ‘ടര്‍ബോ’ ബാഡ്ജ് കാണാം. കാബിനില്‍ പുതിയ ഡുവല്‍ ടോണ്‍ ഫിനിഷ് നല്‍കി.

ഫോക്‌സ്‌വാഗണ്‍ പോളോ ടിഎസ്‌ഐ, ഹ്യുണ്ടായ് ഐ20 ടര്‍ബോ എന്നിവ എതിരാളികളായിരിക്കും. ഓട്ടോമാറ്റിക് വേരിയന്റുകള്‍ ഹോണ്ട ജാസ്, മാരുതി സുസുകി ബലേനോ, ടൊയോട്ട ഗ്ലാന്‍സ മോഡലുകളുടെ ഓട്ടോമാറ്റിക് വേരിയന്റുകളുമായി മല്‍സരിക്കും.