Top Spec

The Top-Spec Automotive Web Portal in Malayalam

അവതാരപ്പിറവിയുടെ മുഴുവന്‍ ഭാവങ്ങളുമായി പുതിയ സഫാരി

പുണെ പ്ലാന്റില്‍ പുതിയ ടാറ്റ സഫാരിയുടെ ഉല്‍പ്പാദനം ആരംഭിച്ചു

ടാറ്റ സഫാരിയുടെ വംശപരമ്പര തുടരുകയാണ്. ഒരിക്കല്‍ക്കൂടി അവതരിച്ച ടാറ്റ സഫാരിയുടെ ആദ്യ ഔദ്യോഗിക ചിത്രങ്ങള്‍ ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടു. ടാറ്റ സഫാരി എന്ന പേരും പെരുമയും വീണ്ടും ഇന്ത്യയിലെ കാര്‍ വിപണിയിലേക്ക് തിരിച്ചുവരികയാണ്. സഫാരി ബ്രാന്‍ഡ് തിരികെ കൊണ്ടുവരാന്‍ ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ടാറ്റ ബസര്‍ഡ് കണ്‍സെപ്റ്റായി ആദ്യം പ്രദര്‍ശിപ്പിക്കുകയും പിന്നീട് ടാറ്റ ഗ്രാവിറ്റാസ് എന്ന് വിളിക്കുകയും ചെയ്ത മോഡലാണ് ടാറ്റ സഫാരിയായി വിപണിയിലെത്തുന്നത്. ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ പതാകവാഹക മോഡലാണ് പുതിയ സഫാരി.

എസ്‌യുവിയുടെ ഉല്‍പ്പാദനം ആരംഭിച്ചതായി ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. പുണെ പ്ലാന്റിലാണ് മൂന്നുനിര സീറ്റുകളോടുകൂടിയ 7 സീറ്റര്‍ എസ്‌യുവി നിര്‍മിക്കുന്നത്. അസംബ്ലി ലൈനില്‍ നിന്ന് ആദ്യ യൂണിറ്റ് വാഹനം പ്ലാന്റിന് പുറത്തെത്തിക്കുകയും ചെയ്തു. രാജ്യമെങ്ങുമുള്ള ഡീലര്‍ഷിപ്പുകളില്‍ ടാറ്റ സഫാരി ഉടനെയെത്തും. വിപണി അവതരണം വൈകാതെ നടക്കും. സഫാരി വീണ്ടും ഇന്ത്യന്‍ റോഡുകളെ ഭരിക്കുന്നത് കാണാന്‍ ആഗ്രഹിക്കുകയാണെന്ന് ടാറ്റ മോട്ടോഴ്‌സ് സിഇഒ & എംഡി ഗുണ്ടര്‍ ബുട്‌ഷെക് പറഞ്ഞു.

ഇതോടൊപ്പം, ടാറ്റ സഫാരി ഇമാജിനേറ്റര്‍ സ്യൂട്ട് കൂടി അവതരിപ്പിച്ചു. ഉപയോക്താക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് പുതിയ 7 സീറ്റര്‍ മോഡലിനെ വര്‍ച്ച്വലായി അറിയാന്‍ കഴിയും.

കാഴ്ച്ചയില്‍ പഴയ ടാറ്റ സഫാരിയുമായി സാമ്യമുള്ളതാണ് പുതിയ മോഡല്‍. റിയര്‍ ക്വാര്‍ട്ടര്‍ ഗ്ലാസ് കാണാം. 5 സീറ്റര്‍ മോഡലായ ഹാരിയറിന്റെ സ്‌റ്റൈലിംഗ്, ഡിസൈന്‍ സൂചകങ്ങളും നല്‍കി. ‘ഒയസ്റ്റര്‍ വൈറ്റ്’ തീം നല്‍കിയതാണ് പുതിയ സഫാരിയുടെ കാബിന്‍. ഡാഷ്‌ബോര്‍ഡിന് ആഷ് വുഡ് നല്‍കി. രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളായിരിക്കും. പനോരമിക് സണ്‍റൂഫ്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, പരിഷ്‌കരിച്ച ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍.

മെക്കാനിക്കല്‍ കാര്യങ്ങളില്‍ ടാറ്റ ഹാരിയറുമായി വ്യത്യാസമുണ്ടായേക്കില്ല. ഹാരിയര്‍ ഉപയോഗിക്കുന്ന 2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനായിരിക്കും കരുത്തേകുന്നത്. ഈ മോട്ടോര്‍ 170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയായിരിക്കും ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍.