Top Spec

The Top-Spec Automotive Web Portal in Malayalam

ത്രിമൂര്‍ത്തികളുമായി ഇന്ത്യ പിടിക്കാന്‍ എംജി

പുതിയ ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് പുറത്തിറക്കി. 7 സീറ്റര്‍ ഹെക്ടര്‍ പ്ലസ് കൂടി അവതരിപ്പിച്ചു

ഫേസ്‌ലിഫ്റ്റ് ചെയ്ത എംജി ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. യഥാക്രമം 12.89 ലക്ഷം രൂപയിലും 13.35 ലക്ഷം രൂപയിലുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. 6 സീറ്റര്‍ ഹെക്ടര്‍ പ്ലസ് കൂടാതെ പുതുതായി 7 സീറ്റര്‍ ഹെക്ടര്‍ പ്ലസ് കൂടി പുറത്തിറക്കി.

2021 ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് മോഡലുകളിലെ മാറ്റങ്ങള്‍ പരിശോധിച്ചാല്‍ ഹെക്ടറിന്റെ ഗ്രില്‍ പരിഷ്‌കരിച്ചു. പിറകില്‍, ഇരു ടെയ്ല്‍ ലാംപുകളെയും ബന്ധിപ്പിച്ചിരുന്ന റിഫ്‌ളക്ടര്‍ സ്ട്രിപ്പ് മാറ്റി പകരം കറുത്ത ആപ്ലിക്ക് നല്‍കി. ഇപ്പോള്‍ കൂടുതല്‍ വലിയ 18 ഇഞ്ച് അലോയ് വീലുകളാണ് രണ്ട് എസ്‌യുവികളും ഉപയോഗിക്കുന്നത്. മുന്നിലും പിന്നിലും പുതിയ സ്‌കഫ് പ്ലേറ്റുകള്‍ കാണാം. പുതുതായി ‘സ്റ്റാറി ബ്ലൂ’ കളര്‍ ഓപ്ഷനിലും ഹെക്ടര്‍ ലഭിക്കും.

2021 ഹെക്ടറിന്റെ അകത്തെ വിശേഷങ്ങളുടെ കണക്കെടുത്താല്‍, പൂര്‍ണമായും കറുത്ത ഉള്‍വശം ഇപ്പോള്‍ ഷാംപെയ്ന്‍, ബ്ലാക്ക് എന്നീ നിറങ്ങളോടുകൂടിയ ഡുവല്‍ ടോണ്‍ കാബിനായി മാറിയിരിക്കുന്നു. 7 സീറ്റര്‍ ഹെക്ടര്‍ പ്ലസിന്റെ രണ്ടാമത്തെ നിരയില്‍ ബെഞ്ചാണ് നല്‍കിയിരിക്കുന്നത്. 6 സീറ്റര്‍ ഹെക്ടര്‍ പ്ലസ്, 5 സീറ്റര്‍ ഹെക്ടര്‍ എന്നിവയില്‍ ഇപ്പോള്‍ മുന്നില്‍ വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, അകത്ത് ഓട്ടോമാറ്റിക്കായി ഡിം ചെയ്യുന്ന റിയര്‍ വ്യൂ മിറര്‍ എന്നിവ പുതിയ ഫീച്ചറുകളാണ്.

ഹെക്ടറിലെ വോയ്‌സ് അസിസ്റ്റന്റ് പരിഷ്‌കരിച്ചത് ശ്രദ്ധേയ മാറ്റമാണ്. ഇപ്പോള്‍ ഹിംഗ്ലീഷില്‍ 31 കമാന്‍ഡുകള്‍ തിരിച്ചറിയാന്‍ വാഹനത്തിന് കഴിയും. ചില കമാന്‍ഡുകള്‍ ഹിന്ദിയില്‍ മാത്രം പറഞ്ഞാല്‍പ്പോലും ഹെക്ടര്‍ അനുസരിക്കും. 10.4 ഇഞ്ച് വലുപ്പമുള്ള പോര്‍ട്രെയ്റ്റ് ടച്ച്‌സ്‌ക്രീന്‍, കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, മുന്നില്‍ പവേര്‍ഡ് സീറ്റുകള്‍, 360 ഡിഗ്രി കാമറ, പവേര്‍ഡ് ടെയ്ല്‍ഗേറ്റ്, പനോരമിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകള്‍ രണ്ട് മോഡലുകളിലും തുടരുന്നു.

ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് എസ്‌യുവികളുടെ എന്‍ജിന്‍ ഓപ്ഷനുകളില്‍ മാറ്റമില്ല. 143 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 170 എച്ച്പി പുറപ്പെടുവിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയോടെയും പെട്രോള്‍ എന്‍ജിന്‍ ലഭിക്കും. 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എല്ലാ എന്‍ജിനുകളുടെയും ഓപ്ഷനാണ്. നോണ്‍ ഹൈബ്രിഡ് ടര്‍ബോ പെട്രോള്‍ എന്‍ജിന്റെ കൂടെ ഓപ്ഷണലായി 6 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിക്കും.