Top Spec

The Top-Spec Automotive Web Portal in Malayalam

സമ്പത്തിന്റെ കൊടുമുടി കയറി ഇലോണ്‍ മസ്‌ക്

ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിനെയാണ് ടെസ്‌ല, സ്‌പേസ് എക്‌സ് സിഇഒ മറികടന്നത്

ധനികനായി മാറുന്നതിലും ഇലോണ്‍ മസ്‌ക്കിന് റോക്കറ്റ് വേഗം. ബിസിനസ് ലോകത്തെ വിസ്മയ പേരുകളിലൊന്നായ ഇലോണ്‍ മസ്‌ക് ഒടുവില്‍ ഭൂമുഖത്തെ ഏറ്റവും വലിയ സമ്പന്നനായി മാറിയിരിക്കുന്നു. ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിനെയാണ് ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സിഇഒ മറികടന്നത്. ബ്ലൂംബര്‍ഗിന്റെ ശതകോടീശ്വരന്‍മാരുടെ സൂചികയില്‍ ഒന്നാമതെത്തിയാണ് ഇലോണ്‍ മസ്‌ക് പുതുചരിത്രമെഴുതിയത്. മോശം ഫലങ്ങളെതുടര്‍ന്ന് ഒരിക്കല്‍ ടെസ്‌ല വിറ്റുതുലയ്ക്കാന്‍ തീരുമാനിച്ചയാളാണ് മസ്‌ക്.

വ്യാഴാഴ്ച്ച ടെസ്‌ലയുടെ ഓഹരി വില 4.8 ശതമാനം വര്‍ധിച്ചതോടെയാണ് ഇലോണ്‍ മസ്‌ക് ലോകത്തെ ധനികരില്‍ ഒന്നാമതെത്തിയത്. 188.5 ബില്യണ്‍ യുഎസ് ഡോളറാണ് ഇപ്പോള്‍ മസ്‌കിന്റെ അറ്റാദായം. ബെസോസിനേക്കാള്‍ 1.5 ബില്യണ്‍ കൂടുതല്‍. 2017 ഒക്ടോബര്‍ മുതല്‍ ബെസോസ് ആയിരുന്നു തലപ്പത്ത്. ഈ വര്‍ഷം മസ്‌കിന്റെ അറ്റാദായം 150 ബില്യണ്‍ ഡോളറിലധികമാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ടെസ്‌ലയുടെ ഓഹരി വില കുതിച്ചുകയറിയത് 743 ശതമാനം!

ബ്ലൂംബര്‍ഗ് സൂചികയനുസരിച്ച്, ലോകത്തെ ഏറ്റവും ധനികരായ 500 പേര്‍ കഴിഞ്ഞ വര്‍ഷം ആകെ 1.8 ട്രില്യണ്‍ യുഎസ് ഡോളറാണ് സ്വന്തം സമ്പാദ്യത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്! ഇതൊരു റെക്കോര്‍ഡാണ്.

ഈ സുപ്രധാന നാഴികക്കല്ല് താണ്ടിയ സന്ദര്‍ഭത്തില്‍ ടെസ്‌ല ടീമിനെക്കുറിച്ച് അഭിമാനിക്കുന്നതായി ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു. ടെസ്‌ല ആരംഭിക്കുമ്പോള്‍ അതിജീവനത്തിനുള്ള സാധ്യത പത്ത് ശതമാനം മാത്രമെന്നാണ് ചിന്തിച്ചിരുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. ബഹിരാകാശ നാഗരികതയിലേക്ക് മനുഷ്യവംശ പരിണാമത്തിന്റെ വേഗം വര്‍ധിപ്പിക്കുകയാണ് തന്റെ സമ്പത്തിന്റെ പ്രധാന ഉദ്ദേശ്യമെന്ന് ഈയിടെ ഒരു അഭിമുഖത്തില്‍ മസ്‌ക് വ്യക്തമാക്കിയിരുന്നു.

2020 ല്‍ ടെസ്‌ല ആകെ 4,99,550 വാഹനങ്ങളാണ് ഡെലിവറി ചെയ്തത്. അടുത്ത പതിറ്റാണ്ടില്‍ പ്രതിവര്‍ഷം 20 മില്യണ്‍ വാഹനങ്ങള്‍ വില്‍ക്കാനാണ് മസ്‌ക് ആഗ്രഹിക്കുന്നത്.