Top Spec

The Top-Spec Automotive Web Portal in Malayalam

പുതുചരിത്രമെഴുതി ഹോണ്ട ആക്റ്റിവ

ഇന്ത്യയില്‍ ഇതുവരെ വിറ്റത് 2.5 കോടി ഹോണ്ട ആക്റ്റിവ

ഇന്ത്യയിലെ ഇരുചക്രവാഹന വ്യവസായത്തില്‍ ഹോണ്ട പുതിയ ചരിത്രം സൃഷ്ടിച്ചു. രാജ്യത്ത് ഇതുവരെ രണ്ടര കോടി യൂണിറ്റ് ആക്റ്റിവ സ്‌കൂട്ടറാണ് വിറ്റത്. ഇരുപത് വര്‍ഷത്തിനുള്ളിലാണ് 2.5 കോടി ഉപയോക്താക്കളെ ഹോണ്ട ആക്റ്റിവ സ്വന്തമാക്കിയത്. ഇത്രയും വില്‍പ്പന കരസ്ഥമാക്കിയ ആദ്യ സ്‌കൂട്ടര്‍ ബ്രാന്‍ഡാണ് ആക്റ്റിവ.

ഇന്ത്യയിലെ പങ്കാളിയായിരുന്ന ഹീറോയുമായി വഴിപിരിഞ്ഞശേഷം 2001 ലാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) പുതുതായി ഹോണ്ട ആക്റ്റിവ വിപണിയിലെത്തിച്ചത്. 102 സിസി എന്‍ജിനുമായി വന്ന ഹോണ്ട ആക്റ്റിവ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ബെസ്റ്റ് സെല്ലിംഗ് സ്‌കൂട്ടറായി വളര്‍ന്നു.

ആക്റ്റിവയോടുള്ള ഇന്ത്യക്കാരുടെ സ്നേഹത്തില്‍ വളരെയധികം സന്തോഷമുണ്ടെന്ന് എച്ച്എംഎസ്ഐ മാനേജിംഗ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്സുഷി ഒഗാത്ത പറഞ്ഞു. ഒരു ഇരുചക്രവാഹനം ജനങ്ങള്‍ക്കിടയില്‍ വികാരമായി മാറുന്നത് വളരെ അപൂര്‍വമാണെന്ന് വില്‍പ്പന, വിപണന വിഭാഗം ഡയറക്ടര്‍ യാദവീന്ദര്‍ സിംഗ് ഗുലേരിയ പ്രതികരിച്ചു.

2015 ലാണ് ഒരു കോടി ഉപയോക്താക്കളെന്ന നേട്ടം ഹോണ്ട ആക്റ്റിവ കൈവരിച്ചത്. പിന്നീട് 1.5 കോടി ഉപയോക്താക്കളെ നേടിയത് വെറും അഞ്ച് വര്‍ഷം കൊണ്ടാണ്. ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയായ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ഇരുചക്രവാഹനങ്ങളിലൊന്നുകൂടിയാണ് ഹോണ്ട ആക്റ്റിവ. 110 സിസി എന്‍ജിന്‍ നല്‍കി 2008 ല്‍ ഹോണ്ട ആക്റ്റിവ പരിഷ്‌കരിച്ചിരുന്നു. 2014 ല്‍ ഹോണ്ട ആക്റ്റിവ 125 പുറത്തിറക്കി.