Top Spec

The Top-Spec Automotive Web Portal in Malayalam

തിരുവനന്തപുരത്ത് ഹോണ്ട ബിഗ്‌വിങ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

പാപ്പനംകോട് കൈമനത്ത് സര്‍ക്കാര്‍ വനിത പോളിടെക്നിക് കോളേജിന് എതിര്‍വശത്താണ് ഷോറൂം

തിരുവനന്തപുരത്ത് ഹോണ്ട ബിഗ് വിങ് ഷോറൂം തുറന്നു. പാപ്പനംകോട് കൈമനത്ത് സര്‍ക്കാര്‍ വനിത പോളിടെക്നിക് കോളേജിന് എതിര്‍വശത്താണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്. ഹോണ്ടയുടെ വലിയ പ്രീമിയം ബൈക്കുകളാണ് ബിഗ് വിങ് ഷോറൂം ശൃംഖല വഴി വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഹൈനസ് സിബി 350 പുറത്തിറക്കി ഇന്ത്യയിലെ മിഡ്സൈസ് മോട്ടോര്‍സൈക്കിള്‍ സെഗ്മെന്റില്‍ ഹോണ്ട പ്രവേശിച്ചിരുന്നു.

ഹോണ്ട ഹൈനസ് സിബി 350 കൂടാതെ 2020 സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ്, 2020 സിബിആര്‍1000ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ് എസ്പി, 2020 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്പോര്‍ട്സ് എന്നിവയാണ് ഹോണ്ടയുടെ മറ്റു ചില വലിയ പ്രീമിയം ബൈക്കുകള്‍. പ്രദര്‍ശിപ്പിച്ച വാഹനങ്ങളുടെ മുഴുവന്‍ ഭംഗിയും പ്രതിഫലിക്കത്തക്ക വിധത്തിലാണ് ബിഗ് വിങ് ഷോക്കേസുകള്‍ സജ്ജീകരിച്ചത്. ഉപയോക്താക്കളുടെ സംശയങ്ങള്‍ക്ക് പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ മറുപടി ലഭിക്കും.

തിരുവനന്തപുരത്ത് കൂടുതല്‍ ഉപയോക്താക്കളെ കണ്ടെത്തുകയാണ് പുതിയ ഷോറൂം തുറന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) വില്‍പ്പന വിപണന വിഭാഗം ഡയറക്ടര്‍ യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. രാജ്യത്ത് കൂടുതല്‍ ബിഗ് വിങ് ഷോറൂമുകള്‍ തുറക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നടപ്പു സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇന്ത്യയിലാകെ അമ്പത് ബിഗ് വിങ് ഔട്ട്ലെറ്റുകളാണ് കമ്പനി ലക്ഷ്യമിടുന്നത്.