Top Spec

The Top-Spec Automotive Web Portal in Malayalam

2022 അവസാനത്തോടെ ജീപ്പ് ഇന്ത്യയില്‍ നാല് മോഡലുകള്‍ അവതരിപ്പിക്കും

ഇന്ത്യയില്‍ എഫ്‌സിഎ 250 ദശലക്ഷം യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തും

2022 അവസാനത്തോടെ ഇന്ത്യയില്‍ നാല് മോഡലുകള്‍ അവതരിപ്പിക്കുമെന്ന് ജീപ്പ് പ്രഖ്യാപിച്ചു. ഫേസ്‌ലിഫ്റ്റ് ചെയ്ത ജീപ്പ് കോംപസ് ആയിരിക്കും ഇവയില്‍ ആദ്യം വരുന്നത്. ഇതേതുടര്‍ന്ന് ഇതേ പ്ലാറ്റ്‌ഫോമില്‍ മൂന്നുനിര സീറ്റുകളോടുകൂടി മിഡ് സൈസ് എസ്‌യുവി വിപണിയിലെത്തിക്കും. മഹാരാഷ്ട്രയിലെ രഞ്ജന്‍ഗാവ് പ്ലാന്റില്‍ റാംഗ്ലര്‍, ഗ്രാന്‍ഡ് ചെറോക്കീ മോഡലുകള്‍ അസംബിള്‍ ചെയ്യുമെന്നും കമ്പനി അറിയിച്ചു.

പുതിയ മോഡലുകള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്നതിന് ഇന്ത്യയില്‍ പുതുതായി 250 ദശലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 180 കോടി ഇന്ത്യന്‍ രൂപ) നിക്ഷേപം നടത്തുമെന്ന് ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സ് (എഫ്സിഎ) ഇന്ത്യ പ്രഖ്യാപിച്ചു. ഹൈദരാബാദില്‍ ഗ്ലോബല്‍ ഡിജിറ്റല്‍ ഹബ് സ്ഥാപിക്കുന്നതിന് 150 ദശലക്ഷം യുഎസ് ഡോളറിന്റെ നിക്ഷേപം കമ്പനി ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേയാണ് പുതിയ നിക്ഷേപം.

രഞ്ജന്‍ഗാവ് പ്ലാന്റില്‍നിന്ന് പുതിയ ജീപ്പ് എസ്‌യുവികള്‍ പുറത്തിറങ്ങുന്നതോടെ വിവിധ സെഗ്മെന്റുകളില്‍ തങ്ങള്‍ക്ക് മേല്‍ക്കോയ്മ ലഭിക്കുമെന്ന് എഫ്സിഎ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ പാര്‍ത്ഥ ദത്ത പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യാ പ്രവര്‍ത്തനങ്ങള്‍ക്കായി 450 ദശലക്ഷം യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.