Top Spec

The Top-Spec Automotive Web Portal in Malayalam

നിരത്തുകള്‍ വാഴാന്‍ ഔഡി എ4 ഫേസ്‌ലിഫ്റ്റ്

പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നീ വേരിയന്റുകളില്‍ ലഭിക്കും. യഥാക്രമം 42.34 ലക്ഷം, 46.67 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില

പരിഷ്‌കരിച്ച ഔഡി എ4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്രീമിയം പ്ലസ്, ടെക്‌നോളജി എന്നീ രണ്ട് വേരിയന്റുകളില്‍ 2021 ഔഡി എ4 ലഭിക്കും. യഥാക്രമം 42.34 ലക്ഷം, 46.67 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ബുക്കിംഗ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. രണ്ട് ലക്ഷം രൂപയാണ് ബുക്കിംഗ് തുക. അഞ്ചാം തലമുറ (ബി9) മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പാണ് വിപണിയിലെത്തിയത്.

സിംഗിള്‍ ഫ്രെയിം ഗ്രില്‍, പുതുക്കിപ്പണിത എല്‍ഇഡി ഹെഡ്‌ലാംപുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, ട്രപ്പിസോയ്ഡ് ആകൃതിയില്‍ എക്‌സോസ്റ്റ് പൈപ്പുകള്‍, പുതിയ 5 സ്‌പോക്ക് അലോയ് വീലുകള്‍ എന്നിവ സവിശേഷതകളാണ്. 10.1 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പരിഷ്‌കരിച്ച എംഎംഐ (മള്‍ട്ടി മീഡിയ ഇന്റര്‍ഫേസ്) സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ് എന്നിവ കാറിനകത്തെ വിശേഷങ്ങളാണ്.

2.0 ലിറ്റര്‍ ടിഎഫ്എസ്‌ഐ (ടര്‍ബോ ഫ്യൂവല്‍ സ്ട്രാറ്റിഫൈഡ് ഇന്‍ജെക്ഷന്‍) പെട്രോള്‍ എന്‍ജിനാണ് ഹുഡിന് കീഴില്‍ പുതിയ ഔഡി എ4 മോഡലിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 188 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായ 7 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് (ഡിസിടി) എന്‍ജിനുമായി ഘടിപ്പിച്ചത്. മുന്‍ ചക്രങ്ങളിലേക്ക് കരുത്ത് കൈമാറും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ 7.3 സെക്കന്‍ഡ് മതി.