Top Spec

The Top-Spec Automotive Web Portal in Malayalam

മനം കവരാന്‍ റെനോ കൈഗര്‍ വരുന്നു

പ്രൊഡക്ഷന്‍ റെഡി റെനോ കൈഗര്‍ ജനുവരി 28 ന് അനാവരണം ചെയ്യും. 2020 നവംബറില്‍ കണ്‍സെപ്റ്റ് വേര്‍ഷന്‍ പ്രദര്‍ശിപ്പിച്ചിരുന്നു

ഉല്‍പ്പാദനത്തിന് തയ്യാറായ (പ്രൊഡക്ഷന്‍ റെഡി) റെനോ കൈഗര്‍ ഈ മാസം 28 ന് അനാവരണം ചെയ്യും. കഴിഞ്ഞ നവംബറില്‍ സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ കണ്‍സെപ്റ്റ് വേര്‍ഷന്‍ അനാവരണം ചെയ്തിരുന്നു. ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഏറ്റവുമധികം മല്‍സരം നടക്കുന്ന സബ്‌കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റില്‍ വലിയ പ്രതീക്ഷകളോടെയാണ് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കള്‍ തങ്ങളുടെ പുതിയ മോഡല്‍ കൊണ്ടുവരുന്നത്.

നിസാന്‍ മാഗ്നൈറ്റ് എസ്‌യുവിയുടെ ഫ്രഞ്ച് സഹോദരനാണ് കൈഗര്‍. അതുകൊണ്ടുതന്നെ മാഗ്നൈറ്റ് ഉപയോഗിക്കുന്ന അതേ എന്‍ജിനുകളും ഗിയര്‍ബോക്സ് ഓപ്ഷനുകളും ഫീച്ചറുകളും റെനോ കൈഗറില്‍ പ്രതീക്ഷിക്കാം. ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനില്‍ റെനോ കൈഗര്‍ ലഭിക്കും. പ്രധാനമായും ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കി റെനോ അവതരിപ്പിക്കുന്ന രണ്ടാമത്തെ മോഡലാണ് കൈഗര്‍. ചെന്നൈയിലെ റെനോ-നിസാന്‍ സഖ്യ പ്ലാന്റില്‍ നിസാന്‍ മാഗ്നൈറ്റിനൊപ്പം റെനോ കൈഗര്‍ നിര്‍മിക്കും.

നാല് മീറ്ററില്‍ താഴെ നീളം വരുന്ന എസ്‌യുവി സെഗ്‌മെന്റില്‍ നിസാന്‍ മാഗ്നൈറ്റ്, മാരുതി സുസുകി വിറ്റാര ബ്രെസ, ഹ്യുണ്ടായ് വെന്യൂ, കിയ സോണറ്റ്, ടാറ്റ നെക്സോണ്‍, ഹോണ്ട ഡബ്ല്യുആര്‍-വി, ഫോഡ് ഇക്കോസ്പോര്‍ട്ട്, മഹീന്ദ്ര എക്‌സ്‌യുവി 300, ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ എന്നിവയായിരിക്കും എതിരാളികള്‍.