Top Spec

The Top-Spec Automotive Web Portal in Malayalam

ഡാക്കർ റാലി നാളെ മുതൽ

ജനുവരി മൂന്നിന് സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നാണ് ഈ വർഷത്തെ ഡാക്കർ റാലി റേസ് ആരംഭിക്കുന്നത്. ജനുവരി 15 ന് ഇതേ നഗരത്തിൽ സമാപിക്കും 

2021 ഡാക്കർ റാലി ജനുവരി മൂന്ന് മുതൽ 15 വരെ സൗദി അറേബ്യയിൽ നടക്കും. ഓഫ്-റോഡ് റാലി റേസിൻ്റെ 43-ാം പതിപ്പാണ് ഇത്തവണ അരങ്ങേറുന്നത്. ലോകത്തെ ഏറ്റവും ദുഷ്ക്കരവും അപകടകരവുമായ റാലി റേസാണ് ഡാക്കർ റാലി. 

ജനുവരി മൂന്നിന് സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നാണ് ഈ വർഷത്തെ ഡാക്കർ റാലി റേസ് ആരംഭിക്കുന്നത്. ജനുവരി 15 ന് ഇതേ നഗരത്തിൽ സമാപിക്കും. ഇതിനിടെ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലൂടെ റേസ് കടന്നുപോകും. റേസിംഗ് സീസണിലെ വിശ്രമ ദിനം ജനുവരി ഒമ്പതിന് ഹായിൽ നഗരത്തിലായിരിക്കും. 

 

2021 ഡാക്കർ റാലിയിൽ മൽസരിക്കുന്നവർ ആകെ 7,646 കിലോമീറ്ററായിരിക്കും താണ്ടുന്നത്. ഇതിൽ 4,767 കിലോമീറ്റർ പ്രത്യേക വിഭാഗമായിരിക്കും. ആകെ റേസ് ദൂരം 12 ഘട്ടങ്ങളായി തരംതിരിച്ചു. കഴിഞ്ഞ വർഷത്തെ റേസ് ഭൂപടവുമായി താരതമ്യം ചെയ്യുമ്പോൾ ആകെ റേസ് ദൂരം 300 കിമീ കുറഞ്ഞു.  

വിവിധ വിഭാഗങ്ങളിലായി ആകെ 295 വാഹനങ്ങളാണ് 2021 ഡാക്കര്‍ റാലിയില്‍ പങ്കെടുക്കുന്നത്. 108 മോട്ടോര്‍ബൈക്കുകളും 21 ക്വാഡുകളും 124 കാറുകളും സൈഡ്-ബൈ-സൈഡ് വാഹനങ്ങളും (എസ്എസ്‌വി) 42 ട്രക്കുകളും 2021 സീസണില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 25 വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കുറവ് വാഹനങ്ങളാണ് ഇത്തവണ മല്‍സരിക്കുന്നത്. കൊവിഡ്-19 മഹാമാരിയാണ് കാരണം. ഈ സീസണില്‍ ആകെ 501 പേര്‍ മല്‍സരിക്കുന്നു. ഇവരില്‍ 16 പേര്‍ വനിതകളാണ്. പ്രധാന റേസ് കൂടാതെ ‘ഡാക്കര്‍ ക്ലാസിക്’ വിഭാഗത്തിലും 43-ാം പതിപ്പില്‍ മല്‍സരം ഉണ്ടായിരിക്കും. രണ്ടായിരാമാണ്ടിന് മുമ്പ് പങ്കെടുത്ത കാറുകളും ട്രക്കുകളും പ്രധാന റേസിന് സമാന്തരമായി മല്‍സരിക്കുന്നതാണ് ഡാക്കര്‍ ക്ലാസിക് വിഭാഗം. ഈ വിഭാഗത്തില്‍ 26 വാഹനങ്ങളാണ് പങ്കെടുക്കുന്നത്.

സെബാസ്റ്റ്യൻ ബുഹ്ലർ, ജോക്വിം റോഡ്രിഗസ്, ഇന്ത്യൻ റൈഡറും ബെംഗളൂരു സ്വദേശിയുമായ സിഎസ് സന്തോഷ് എന്നിവരാണ് ഹീറോ മോട്ടോസ്പോർട്സ് റാലി ടീമിനുവേണ്ടി ഇത്തവണ മൽസരിക്കുന്നത്. മോട്ടോർസൈക്കിളിൽ കമ്പനി നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ടോപ് സ്പീഡ്, ആക്സെലറേഷൻ എന്നിവ മെച്ചപ്പെടുത്തി. കൂടുതൽ ദൂരം സഞ്ചരിക്കുന്നതിന് കൂടുതൽ വലിയ ഇന്ധന ടാങ്ക് നൽകി.  

ഡാകർ റാലിയുടെ മുൻ പതിപ്പുകളിൽ ഷെർക്കോ റാലിയുമായി ചേർന്ന് ടിവിഎസ് മോട്ടോർസ്പോർട്ട് പങ്കെടുത്തിരുന്നു. എന്നാൽ 2021 സീസണിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യൻ വാഹന നിർമാതാക്കൾ ഇതിനകം പ്രഖ്യാപിച്ചു. ഷെർക്കോ റാലി ടീമിന് സാങ്കേതിക സഹായവും നൽകില്ല. അതേസമയം ഷെർക്കോ റാലി ടീമിനെയും ഇന്ത്യൻ റൈഡർ ഹരിത്ത് നോഹയെയും സ്പോൺസർ ചെയ്യുന്നത് തുടരുമെന്ന് ടിവിഎസ് അറിയിച്ചു. മലയാളിയായ ഹരിത്ത് നോഹ ഷൊർണൂർ സ്വദേശിയാണ്. മാത്രമല്ല, ഷെർക്കോ റാലി ഫാക്ടറി ടീം റൈഡർമാരായ ലോറെൻസോ സാന്റോലിനോ, റൂയി ഗോൺവാൽവ്സ് എന്നിവർ തുടർന്നും ഷെർക്കോ ടിവിഎസ് ആർടിആർ 450 റാലി മോട്ടോർസൈക്കിൾ ഉപയോഗിക്കും.  

ഈ വർഷത്തെ ഡാക്കർ റാലിയിൽ ഇന്ത്യയുടെ ആശിഷ് റാവുറാണെ (മുംബൈ) അരങ്ങേറ്റം കുറിക്കും. ഡാക്കർ റാലിയിൽ മൽസരിക്കുന്ന മൂന്നാമത്തെ ഭാരതീയനാണ് ആശിഷ്. പ്രൈവറ്റീർ എന്ന നിലയിൽ മാൽ മോട്ടോ വിഭാഗത്തിലാണ് മൽസരിക്കുന്നത്. കെടിഎം 450 റാലി റെപ്ലിക്ക മോട്ടോർസൈക്കിൾ ഉപയോഗിക്കും. റേസിലെ ഏറ്റവും പ്രയാസമേറിയ വിഭാഗങ്ങളിലൊന്നാണ് മാൽ മോട്ടോ വിഭാഗം. ടീമിൽനിന്ന് ഒരു സഹായവും സ്വീകരിക്കാൻ റൈഡർമാരെ അനുവദിക്കില്ല. റേസിൻ്റെ മുഴുവൻ ദൂരവും റൈഡർ തനിയെ ആയിരിക്കും. അതേസമയം, ആവശ്യമായ എല്ലാ ഉപകരണങ്ങളും ആക്സസറികളും എത്തിച്ചുകൊണ്ട് ഡാക്കർ ഓർഗനൈസേഷൻ്റെ പിന്തുണ ഉണ്ടായിരിക്കും. 

ഓരോ ഘട്ടത്തിലും (ആകെ 12) റേസ് ആരംഭിക്കുന്നതിന് 15 മിനിറ്റ് മുമ്പ് മൽസരിക്കുന്നവർക്ക് റോഡ്ബുക്ക് കൈമാറും. മാത്രമല്ല, സംഘാടകർ എല്ലാ വാഹനങ്ങളിലും ഓഡിയോ അലർട്ട് സംവിധാനം സ്ഥാപിക്കും. പങ്കെടുക്കുന്നവർ അപകടകരമായ സ്ഥലത്ത് എത്തുമ്പോൾ ഇതുവഴി മുന്നറിയിപ്പ് നൽകും. ഇരുചക്ര വാഹന റേസർമാരും ക്വാഡ് ബൈക്ക് റേസർമാരും നിർബന്ധമായും എയർബാഗ് ജാക്കറ്റുകൾ ധരിക്കണമെന്നത് ഈ വർഷത്തെ പ്രധാന നിബന്ധനകളിലൊന്നാണ്. റേസ് തീരുന്നതുവരെ മോട്ടോർസൈക്കിൾ റൈഡർമാർ പരമാവധി ആറ് പിൻ ചക്രങ്ങൾ മാത്രമേ ഉപയോഗിക്കാവൂ. ഇന്ധനം നിറയ്ക്കാൻ നിർത്തുമ്പോൾ അറ്റകുറ്റപ്പണികൾ പാടില്ല.