Top Spec

The Top-Spec Automotive Web Portal in Malayalam

സ്‌കോഡ സൂപ്പര്‍ബ് ഇപ്പോള്‍ പരിഷ്‌കാരി

സ്‌പോര്‍ട്ട്‌ലൈന്‍ വേരിയന്റിന് 31.99 ലക്ഷം രൂപയും ലോറിന്‍ & ക്ലെമെന്റ് വേരിയന്റിന് 34.99 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില

പരിഷ്‌കരിച്ച സ്‌കോഡ സൂപ്പര്‍ബ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആഡംബര സെഡാന്റെ സ്‌പോര്‍ട്ട്‌ലൈന്‍ വേരിയന്റിന് 31.99 ലക്ഷം രൂപയും ലോറിന്‍ & ക്ലെമെന്റ് എന്ന ടോപ് സ്‌പെക് വേരിയന്റിന് 34.99 ലക്ഷം രൂപയുമാണ് ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം വില. 2020 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ യഥാക്രമം 1.5 ലക്ഷം, രണ്ട് ലക്ഷം രൂപ വര്‍ധിച്ചു. സൗന്ദര്യവര്‍ധന വരുത്തിയും കാബിനില്‍ അധിക ഫീച്ചറുകളോടെയുമാണ് പുതിയ സൂപ്പര്‍ബ് വരുന്നത്.

കാഴ്ച്ചയില്‍, നിലവിലെ തലമുറ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ 2021 സ്‌കോഡ സൂപ്പര്‍ബ് സെഡാന്റെ ആകെ രൂപകല്‍പ്പനയില്‍ മാറ്റമില്ല. സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലാംപുകളുമായി എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ ചേര്‍ത്തു.

കാബിനില്‍, പരിഷ്‌കരിച്ച ഇന്റര്‍ഫേസ് സഹിതം 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കി. ഇപ്പോള്‍ ഇന്‍-ബില്‍റ്റ് നാവിഗേഷന്‍ സപ്പോര്‍ട്ട് ചെയ്യും. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി, വോയ്‌സ് കമാന്‍ഡ് കണ്‍ട്രോള്‍ സഹിതം മിറര്‍ലിങ്ക് എന്നിവ സവിശേഷതകളാണ്. സെന്റര്‍ കണ്‍സോളില്‍ വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, ടൈപ്പ്-സി യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവ നല്‍കി. ഈ മാറ്റങ്ങള്‍ രണ്ട് വേരിയന്റുകളിലും കാണാം.

ലോറിന്‍ & ക്ലെമെന്റ് (എല്‍&കെ) എന്ന പ്രീമിയം വേരിയന്റില്‍ കോഫി ബ്രൗണ്‍, സ്റ്റോണ്‍ ബേഷ് എന്നീ രണ്ട് നിറങ്ങളില്‍ തുകല്‍ അപോള്‍സ്റ്ററി നല്‍കി. ഡാഷ്‌ബോര്‍ഡില്‍ പിയാനോ ബ്ലാക്ക് ഫിനിഷ് കാണാം. പുതിയ 2 സ്‌പോക്ക് സ്റ്റിയറിംഗ് വളയത്തില്‍ ‘ലോറിന്‍ & ക്ലെമെന്റ്’ എഴുതിയിരിക്കുന്നു. വര്‍ച്ച്വല്‍ കോക്പിറ്റ് കൂടുതല്‍ പ്രീമിയമാണ്. 360 ഡിഗ്രി സറൗണ്ട് വ്യൂ, പാര്‍ക്ക് അസിസ്റ്റ് ഫംഗ്ഷന്‍ എന്നിവ ലോറിന്‍ & ക്ലെമെന്റ് വേരിയന്റിലെ മറ്റ് ഫീച്ചറുകളാണ്. സ്‌പോര്‍ട്ട്‌ലൈന്‍ വേരിയന്റിലെ ത്രീ സ്‌പോക്ക് ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വളയത്തില്‍ ‘സ്‌പോര്‍ട്ട്‌ലൈന്‍’ ബാഡ്ജ് കാണാം. അല്‍കാന്ററ സ്‌പോര്‍ട്‌സ് സീറ്റുകള്‍, ഹെഡ്‌റെസ്റ്റുകള്‍ സവിശേഷതകളാണ്.

ബോണറ്റിനു കീഴിലെ എന്‍ജിനില്‍ മാറ്റമില്ല. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 188 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 7 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ചേര്‍ത്തത്.