Top Spec

The Top-Spec Automotive Web Portal in Malayalam

കലണ്ടർ മാറുമ്പോൾ വില വർധന

ജനുവരി മുതൽ വില വർധിക്കുമെന്ന് മിക്ക വാഹന നിർമാതാക്കളും പ്രഖ്യാപിച്ചു  

പുതിയ വർഷത്തിലേക്ക് പ്രവേശിക്കുന്നതോടെ രാജ്യത്തെ മിക്ക വാഹന നിർമാതാക്കളും വില വർധന പ്രഖ്യാപിച്ചു. 2021 ജനുവരി മുതൽ വില വർധിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചവരിൽ മാരുതി സുസുകി, മഹീന്ദ്ര & മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്പ് തുടങ്ങിയവർ ഉൾപ്പെടുന്നു. അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചതും ഉൽപ്പാദന ചെലവുകളിലെ വർധനയുമാണ് വാഹനങ്ങളുടെ വില വർധിപ്പിക്കാൻ പ്രധാനമായും കാരണമെന്ന് കമ്പനികൾ പറയുന്നു. വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകളും കാരണമായി. 

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകിയാണ് ആദ്യം വില വർധന പ്രഖ്യാപിച്ച കമ്പനികളിലൊന്ന്. ജനുവരി മുതൽ എല്ലാ മാരുതി സുസുകി മോഡലുകൾക്കും വില വർധിക്കും. എത്രമാത്രം വില വർധിക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ വിവിധ മോഡലുകൾക്ക് അനുസരിച്ച് വില വർധന വ്യത്യാസപ്പെട്ടിരിക്കും.  

അഞ്ച് ശതമാനം വരെ വില വർധിപ്പിക്കുകയാണെന്ന് നിസാൻ ഇന്ത്യ പ്രഖ്യാപിച്ചു. എല്ലാ നിസാൻ, ഡാറ്റ്സൺ മോഡലുകൾക്കും ജനുവരി മുതൽ വില വർധിക്കും. ചെലവുകൾ വർധിച്ചതാണ് കാരണമെന്ന് നിസാൻ മോട്ടോർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.  

ജർമൻ ആഡംബര കാർ നിർമാതാക്കളായ ബിഎംഡബ്ല്യു ഗ്രൂപ്പ്  ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ബിഎംഡബ്ല്യു, മിനി മോഡലുകളുടെയും വില രണ്ട് ശതമാനം വരെ വർധിപ്പിക്കും. ജനുവരി നാലിന് വില വർധന പ്രാബല്യത്തിൽ വരും.

യൂട്ടിലിറ്റി വാഹന നിർമാതാക്കളായ ഇസുസു മോട്ടോഴ്സ് തങ്ങളുടെ ഡി-മാക്സ് റെഗുലർ കാബ്, ഡി-മാക്സ് എസ്-കാബ് പിക്കപ്പ് മോഡലുകളുടെ വില വർധിപ്പിച്ചു. ജനുവരി ഒന്ന് മുതൽ പുതിയ വിലയിൽ വിൽപ്പന നടത്തും. ഉൽപ്പാദന, വിതരണ ചെലവുകൾ വർധിച്ചതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ എക്സ് ഷോറൂം വിലയിൽ നിന്ന് ഏകദേശം 10,000 രൂപയുടെ വർധനയാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.  

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ എല്ലാ മോഡലുകളുടെയും വില 28,000 രൂപ വരെ വർധിപ്പിച്ചു. വില വർധന പ്രഖ്യാപിച്ച മറ്റൊരു വാഹന നിർമാതാക്കൾ എംജി മോട്ടോറാണ്. ജനുവരി ഒന്നിന് വിവിധ മോഡലുകൾക്ക് അനുസരിച്ച് മൂന്ന് ശതമാനം വരെ വില വർധന ഉണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കി.

  

ജനുവരി ഒന്ന് മുതൽ വാണിജ്യ വാഹനങ്ങൾക്ക് വില വർധിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചു. മീഡിയം&ഹെവി വാണിജ്യ വാഹനങ്ങൾ, ഇടത്തരം&ലഘു വാണിജ്യ വാഹനങ്ങൾ, ചെറിയ വാണിജ്യ വാഹനങ്ങൾ, ബസ്സുകൾ എന്നിവയുടെ വിലയാണ് വർധിക്കുന്നത്. മോഡൽ, വേരിയൻ്റ്, ഉപയോഗിക്കുന്ന ഇന്ധനം എന്നിവയനുസരിച്ച് വില വർധന വ്യത്യാസപ്പെട്ടിരിക്കും.  

കെടിഎം, ഹൂസ്‌ക്‌വാണ മോട്ടോര്‍സൈക്കിളുകളുടെ വില ബജാജ് ഓട്ടോ ഇതിനകം വര്‍ധിപ്പിച്ചു. 250 ഡ്യൂക്ക്, ആര്‍സി 390, 390 അഡ്വഞ്ചര്‍ ബൈക്കുകള്‍ കൂടാതെ പ്ലാറ്റിന, പള്‍സര്‍ എന്നീ ബജാജ് മോഡലുകളുടെയും വിലയില്‍ വര്‍ധന വരുത്തി. ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് വില വര്‍ധന പ്രഖ്യാപിച്ചു. ജനുവരി ഒന്ന് മുതല്‍ 1,500 രൂപ വരെയാണ് വില വര്‍ധിക്കുന്നത്.

ജനുവരി ഒന്ന് മുതൽ മഹീന്ദ്ര & മഹീന്ദ്ര ട്രാക്ടറുകളുടെ വില വർധിക്കും. വിവിധ മോഡലുകൾക്ക് വരുത്തിയ വില വർധന എത്രയെന്ന് പിന്നീട് അറിയിക്കും. യാത്രാ വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും വില വർധിപ്പിക്കുമെന്നും മഹീന്ദ്ര & മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുണ്ട്.