Top Spec

The Top-Spec Automotive Web Portal in Malayalam

സാഹസികർക്ക് കൂട്ടായി കെടിഎം 250 അഡ്വഞ്ചർ

ഡെൽഹി എക്സ് ഷോറൂം വില 2,48,256 രൂപ

കെടിഎം 250 അഡ്വഞ്ചർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2,48,256 രൂപയാണ് ക്വാർട്ടർ ലിറ്റർ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിന് ഡെൽഹി എക്സ് ഷോറൂം വില. രാജ്യത്തെ എല്ലാ ഷോറൂമുകളിലും ഓസ്ട്രിയൻ ബ്രാൻഡ് ബുക്കിംഗ് സ്വീകരിച്ചുവരുന്നു.  

ഇലക്ട്രോണിക് ഫ്യൂവൽ ഇൻജെക്ഷൻ സഹിതം ബിഎസ് 6 പാലിക്കുന്ന 248 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ് കെടിഎം 250 അഡ്വഞ്ചർ ഉപയോഗിക്കുന്നത്. ഈ മോട്ടോർ 29.5 ബിഎച്ച്പി പരമാവധി കരുത്തും 24 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. 6 സ്പീഡ് ട്രാൻസ്മിഷൻ എൻജിനുമായി ചേർത്തുവെച്ചു. സ്ലിപ്പർ ആൻഡ് അസിസ്റ്റ് ക്ലച്ച് സവിശേഷതയാണ്. അതേസമയം, 390 അഡ്വഞ്ചർ മോട്ടോർസൈക്കിളിൽനിന്ന് വ്യത്യസ്തമായി ഏറ്റവും പുതിയ മോഡലിന് ക്വിക്ക്ഷിഫ്റ്റർ നൽകിയില്ല.  

മറ്റൊരു ഓസ്ട്രിയന്‍ കമ്പനിയായ ഡബ്ല്യുപിയുടെ ‘ഏപെക്‌സ്’ സസ്‌പെന്‍ഷനാണ് കെടിഎം 250 അഡ്വഞ്ചര്‍ ഉപയോഗിക്കുന്നത്. മുന്നിലെ 43 എംഎം യുഎസ്ഡി ഫോര്‍ക്കുകള്‍ 170 എംഎം ട്രാവല്‍ ചെയ്യും. പ്രീലോഡ് ക്രമീകരിക്കാന്‍ കഴിയുന്ന പിറകിലെ മോണോഷോക്ക് ട്രാവല്‍ ചെയ്യുന്നത് 177 മില്ലിമീറ്ററാണ്. മുന്നില്‍ 19 ഇഞ്ച്, പിന്നില്‍ 17 ഇഞ്ച് കാസ്റ്റ് വീലുകള്‍ ഉപയോഗിക്കുന്നു. ട്യൂബ്‌ലെസ് ടയറുകള്‍ നല്‍കി.

മുന്നിൽ 320 എംഎം ഡിസ്ക്, പിന്നിൽ 230 എംഎം ഡിസ്ക് ഉൾപ്പെടുന്നതാണ് ബ്രേക്കിംഗ് സംവിധാനം. ബോഷിൻ്റെ ഡുവൽ ചാനൽ എബിഎസ് സുരക്ഷാ ഫീച്ചറാണ്. ഓഫ് റോഡ് മോഡ് കൂടി ഉൾപ്പെടുന്ന എബിഎസ് ലഭിച്ചതിനാൽ പിൻ ചക്രത്തിൽ വേണമെങ്കിൽ എബിഎസ് സുരക്ഷ വേണ്ടെന്നുവെയ്ക്കാൻ കഴിയും.  

ജിപിഎസ് ബ്രാക്കറ്റുകൾ, റേഡിയേറ്റർ പ്രൊട്ടക്ഷൻ ഗ്രിൽ, ക്രാഷ് ബങുകൾ, ഹെഡ്ലാംപ് പ്രൊട്ടക്ഷൻ, ഹാൻഡിൽബാർ പാഡുകൾ എന്നിവ ഉൾപ്പെടുന്ന ‘പവർപാർട്സ്’ കെടിഎം 250 അഡ്വഞ്ചർ മോട്ടോർസൈക്കിളിനായി വാങ്ങി ഉപയോഗിക്കാം.