Top Spec

The Top-Spec Automotive Web Portal in Malayalam

ഇരുപതാം വാർഷിക പതിപ്പിൽ ആക്റ്റിവ 6ജി

‘മാറ്റ് മച്ചുർ ബ്രൗൺ’ കളർ സ്കീമിലാണ് പ്രത്യേക പതിപ്പ് വരുന്നത്  

ഇന്ത്യയിലെ ജനപ്രിയ സ്കൂട്ടറായ ആക്റ്റിവയുടെ ഇരുപതാം വാർഷികം ആഘോഷിക്കുകയാണ് ഹോണ്ട. ഇതിൻ്റെ ഭാഗമായി ഹോണ്ട ആക്റ്റിവ 6ജി മോഡലിൻ്റെ 20-ാം ആനിവേഴ്സറി എഡിഷൻ വിപണിയിലെത്തിച്ചു. സ്റ്റാൻഡേഡ്, ഡീലക്സ് എന്നീ രണ്ട് വേരിയൻ്റുകളിൽ പ്രത്യേക പതിപ്പ് ലഭിക്കും. യഥാക്രമം 66,816 രൂപ, 68,316 രൂപയാണ് ഗുരുഗ്രാം എക്സ് ഷോറൂം വില.  

മാറ്റ് മച്ചുർ ബ്രൗൺ എന്ന പുതിയ കളർ സ്കീമിലാണ് ഇരുപതാം വാർഷിക പതിപ്പ് വരുന്നത്. പുതിയ നിറത്തിന് അനുസൃതമായ ഗ്രാബ് റെയിലുകൾ, 20-ാം ആനിവേഴ്സറി ലോഗോ, സ്വർണനിറമുള്ള ആക്റ്റിവ ലോഗോ, ബോഡിയിൽ വെള്ളിനിറമുള്ള സ്ട്രൈപ്പുകൾ എന്നിവ കാണാം. കൂടാതെ കറുത്ത സ്റ്റീൽ വീൽ, കറുത്ത ക്രാങ്ക്കേസ് കവർ എന്നിവ ലഭിച്ചു.  

മറ്റുകാര്യങ്ങളിൽ മാറ്റമില്ല. പൂർണ എൽഇഡി ഹെഡ്ലാംപ് (ഡീലക്സ് വേരിയൻ്റ്), പുറമേക്കൂടി ഇന്ധനം നിറയ്ക്കാവുന്ന സൗകര്യം, അനലോഗ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവ ലഭിച്ചു. നിലവിലെ അതേ 110 സിസി, ഫ്യൂവൽ ഇൻജെക്റ്റഡ് എൻജിനാണ് കരുത്തേകുന്നത്. 7.68 ബിഎച്ച്പി കരുത്തും 8.79 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും.