Top Spec

The Top-Spec Automotive Web Portal in Malayalam

അടിമുടി മാറ്റങ്ങളുമായി പുതിയ ജാഗ്വാര്‍ എഫ്-പേസ് എസ്‌വിആര്‍

പുതിയ മോഡൽ കൂടുതൽ സംതൃപ്ത ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുമെന്ന് ചീഫ് പ്രോഗ്രാം എൻജിനീയർ പോൾ ബാരിറ്റ് 

2021 മോഡല്‍ ജാഗ്വാര്‍ എഫ്-പേസ് എസ്‌വിആര്‍ ആഗോളതലത്തില്‍ അനാവരണം ചെയ്തു. കൂടുതല്‍ വേഗമുള്ളവനും കൂടുതല്‍ ഡൈനാമിക്കുമാണ് പുതിയ എഫ്-പേസ് എസ്‌വിആര്‍. എഫ്-പേസ് മോഡലിന്റെ എസ്‌വിആര്‍ (സ്‌പെഷല്‍ വെഹിക്കിള്‍ റേസിംഗ്) എന്ന ഹൈ പെര്‍ഫോമന്‍സ് പതിപ്പിനെ സ്ഫുടം ചെയ്ത് കൂടുതല്‍ ഉല്‍കൃഷ്ടമാക്കിയിരിക്കുന്നു ജാഗ്വാര്‍ എസ്‌വി ടീം.

ജാഗ്വാറിന്റെ നൂതന ഇലക്ട്രിക്കല്‍ വെഹിക്കിള്‍ ആര്‍ക്കിടെക്ച്ചറിലാണ് (ഇവിഎ 2.0) പുതിയ എഫ്-പേസ് എസ്‌വിആര്‍ നിര്‍മിക്കുന്നത്. കൂടാതെ പുതിയ ഹാര്‍ഡ്‌വെയര്‍ നല്‍കി. മോട്ടോര്‍സ്‌പോര്‍ട്ട് പ്രചോദിതമായ രൂപകല്‍പ്പന, ആഡംബരപൂര്‍ണവും പെര്‍ഫോമന്‍സ് കേന്ദ്രീകൃതവുമായ അകം, ഏറ്റവും പുതിയ കണക്റ്റഡ് സാങ്കേതികവിദ്യകള്‍ എന്നിവ സവിശേഷതകളാണ്.

ജാഗ്വാറിന്റെ 5.0 ലിറ്റര്‍, വി8, സൂപ്പര്‍ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും പുതിയ എഫ്-പേസ് എസ്‌വിആര്‍ ലഭിക്കുന്നത്. ഈ മോട്ടോര്‍ 550 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. ടോര്‍ക്ക് ഇപ്പോള്‍ 20 ന്യൂട്ടണ്‍ മീറ്റര്‍ വര്‍ധിച്ചു. ഇതോടെ നൂറ് കിമീ വേഗം കൈവരിക്കാന്‍ നാല് സെക്കന്‍ഡ് മാത്രം മതി. മുമ്പത്തേതിനേക്കാള്‍ മൂന്നിലൊന്ന് വേഗം വര്‍ധിച്ചു. ഏറ്റവും ഉയര്‍ന്ന വേഗത 5.1 കിമീ വര്‍ധിച്ചു. ഇപ്പോള്‍ മണിക്കൂറില്‍ 286 കിലോമീറ്ററാണ് ടോപ് സ്പീഡ്. പെര്‍ഫോമന്‍സ് വര്‍ധിച്ചപ്പോഴും കാര്‍ബണ്‍ ഡൈഓക്‌സൈഡ് പുറന്തള്ളല്‍ കുറഞ്ഞുവെന്നത് ശ്രദ്ധേയമാണ്. ഇന്ധനക്ഷമതയും നേരിയ തോതില്‍ വര്‍ധിച്ചു.

സ്റ്റിയറിംഗ് സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതാണ് പുതിയ ഇലക്ട്രോണിക് പവർ അസിസ്റ്റൻസ് സിസ്റ്റം. ബ്രേക്ക് പെഡലിന് നീളം കുറഞ്ഞെങ്കിലും മെച്ചപ്പെട്ട ബ്രേക്കിംഗ് അനുഭവം ലഭിക്കും. പുതുതായി ഇൻ്റഗ്രേറ്റഡ് പവർ ബൂസ്റ്റർ നൽകിയതാണ് കാരണം.  

മെച്ചപ്പെട്ട എയർഫ്ലോ ലഭിക്കുന്നതിന് കാറിൻ്റെ പുറം പുനർരൂപകൽപ്പന ചെയ്തു. കാർ സഞ്ചരിക്കുമ്പോൾ ചുറ്റും വായു ചലിക്കുന്നതിൻ്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് പുതിയ ദ്വാരങ്ങളും പഴുതുകളും നൽകി. ഇതോടെ പവർട്രെയ്നിനും ബ്രേക്കിനും കൂടുതൽ തണുപ്പ് ലഭിക്കും. കൂടാതെ എയ്റോഡൈനാമിക് ലിഫ്റ്റ് ഇപ്പോൾ 35 ശതമാനം കുറഞ്ഞു. ഡ്രാഗ് കോഎഫിഷ്യൻ്റ് 0.37 ൽനിന്ന് 0.36 ആയി കുറഞ്ഞു.  

കാറിനകത്തെ വിശേഷങ്ങൾ പരിശോധിച്ചാൽ, പരിഷ്കരിച്ച കാബിൻ്റെ ഡൈനാമിക് സ്വഭാവം മെച്ചപ്പെട്ടു. പ്രീമിയം തുകലുകളായ അൽകാൻ്ററ, വിൻഡ്സർ എന്നിവ ഉപയോഗിച്ചു. അലുമിനിയം അലങ്കാരങ്ങൾ, ഓപ്ഷണലായി സുഷിരങ്ങളോടുകൂടിയ കാർബൺ ഫൈബർ എന്നിവ കൂടി നൽകി.  

പുതിയ മോഡല്‍ കൂടുതല്‍ സംതൃപ്ത ഡ്രൈവിംഗ് അനുഭവം സമ്മാനിക്കുമെന്ന് എഫ്-പേസ് എസ്‌വിആര്‍ ചീഫ് പ്രോഗ്രാം എന്‍ജിനീയര്‍ പോള്‍ ബാരിറ്റ് പറഞ്ഞു. പുതുതായി കൊണ്ടുവന്ന ആയിരക്കണക്കിന് മാറ്റങ്ങള്‍ എഫ്-പേസ് എസ്‌വിആര്‍ മോഡലിനെ വേറെ ലെവലാക്കി മാറ്റിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.