Top Spec

The Top-Spec Automotive Web Portal in Malayalam

ഫോർമുല ഇ: ജാഗ്വാർ ഐ-ടൈപ്പ് 5 അനാവരണം ചെയ്തു

ഏഴാം സീസൺ ആരംഭിക്കുന്നതിന് അമ്പത് ദിവസം മുമ്പാണ് സിംഗിൾ സീറ്റർ അവതരിപ്പിച്ചത്  

ജാഗ്വാർ റേസിംഗ് തങ്ങളുടെ പൂർണമായും പുതിയ ഇലക്ട്രിക് റേസ് കാർ അനാവരണം ചെയ്തു. ഇൻ്റർനാഷ്ണൽ ഓട്ടോമൊബൈൽ ഫെഡറേഷൻ (എഫ്ഐഎ) സംഘടിപ്പിക്കുന്ന ഫോർമുല ഇ ലോക ചാമ്പ്യൻഷിപ്പിൽ മൽസരിക്കുന്നതിന് ജാഗ്വാർ ഐ-ടൈപ്പ് 5 കാറാണ് അവതരിപ്പിച്ചത്. ഏഴാം സീസൺ ആരംഭിക്കുന്നതിന് അമ്പത് ദിവസം മുമ്പാണ് സിംഗിൾ സീറ്റർ അനാവരണം ചെയ്തത്.

  

അടുത്ത രണ്ട് സീസണുകളിൽ മൽസരിക്കുന്നതിന് കമ്പനി സ്വന്തമായി പുതിയ പവർട്രെയ്ൻ വികസിപ്പിച്ചു. ട്രാക്കുകൾക്ക് അനുസൃതമായി ക്രമീകരിക്കാൻ കഴിയുന്നതാണ് പുതിയ സസ്പെൻഷൻ. കൂടുതൽ ക്ഷമതയേറിയ ഇൻ‌വെർട്ടർ കാറിൻ്റെ വേഗതയും പ്രകടനവും മെച്ചപ്പെടുത്തും.  

യുകെയുടെ സാം ബേർഡ്, ന്യൂസിലൻഡ് ഡ്രൈവറായ മിച്ച് ഇവാൻസ് എന്നിവരാണ് ജാഗ്വാർ റേസിംഗ് ടീമിനുവേണ്ടി ഫോർമുല ഇ ലോക ചാമ്പ്യൻഷിപ്പിൽ മൽസരിക്കുന്നത്. ഇലക്ട്രിക് കാറുകളുടെ ലോക ചാമ്പ്യൻഷിപ്പിൽ ജാഗ്വാർ റേസിംഗ് പങ്കെടുത്തുതുടങ്ങിയ 2016 മുതൽ മിച്ച് ഇവാൻസ് ഒപ്പമുണ്ട്. എല്ലാ ഫോർമുല ഇ സീസണുകളിലും റേസുകൾ വിജയിച്ച സാം ബേർഡ് ഈ സീസണിലാണ് ബ്രിട്ടീഷ് ടീമിനൊപ്പം ചേർന്നത്. 

 

2021 ഫോർമുല ഇ സീസണിൽ ഐ-ടൈപ്പ് 5 നടത്തുന്ന പ്രകടനം ജാഗ്വാർ റേസിംഗ് നിരീക്ഷിക്കും. പാഠങ്ങൾ ഉൾക്കൊണ്ട് ഇലക്ട്രിക് റേസ് കാർ തീർച്ചയായും പരിഷ്കരിക്കും.