Top Spec

The Top-Spec Automotive Web Portal in Malayalam

ഡബ്ല്യുആർസി: സെബാസ്റ്റ്യൻ ഓജിയറിന് ഏഴാം സ്വർഗം

കൺസ്ട്രക്ടർമാരുടെ കിരീടം ഹ്യുണ്ടായ് മോട്ടോർസ്പോർട്ട് സ്വന്തമാക്കി 

ഇൻ്റർനാഷ്ണൽ ഓട്ടോമൊബൈൽ ഫെഡറേഷൻ്റെ (എഫ്ഐഎ) ഈ വർഷത്തെ വേൾഡ് റാലി ചാമ്പ്യൻഷിപ്പിൽ (ഡബ്ല്യുആർസി) ഫ്രഞ്ച് ഡ്രൈവറായ സെബാസ്റ്റ്യൻ ഓജിയറും സഹ ഡ്രൈവറായ ഫ്രാൻസിൻ്റെതന്നെ ജൂലിയൻ ഇൻഗ്രാസിയയും ജേതാക്കളായി. 2020 സീസണിലെ അവസാന റൗണ്ട് മൽസരം ഇറ്റലിയിലെ മോൻസയിലാണ് നടന്നത്. ടൊയോട്ട ഗാസൂ റേസിംഗ് ടീമിനുവേണ്ടി ടൊയോട്ട യാരിസിലാണ് ഇരുവരും മൽസരിച്ചത്. 

എട്ട് വർഷങ്ങൾക്കിടെ ഏഴാം ചാമ്പ്യൻഷിപ്പാണ് സെബാസ്റ്റ്യൻ ഓജിയർ ജയിക്കുന്നത്. 2013, 2014, 2015, 2016, 2017, 2018 വർഷങ്ങളിലാണ് ഇതിനുമുമ്പ് സെബാസ്റ്റ്യൻ ഓജിയർ വേൾഡ് റാലി ചാമ്പ്യൻഷിപ്പ് ജയിച്ചത്. മൂന്ന് വ്യത്യസ്ത കാർ നിർമാതാക്കളുമായി ചേർന്ന് ഡബ്ല്യുആർസി കിരീടം നേടിയെന്ന റെക്കോഡ് കൂടി ഇതോടെ സെബാസ്റ്റ്യൻ ഓജിയർ സ്വന്തമാക്കി. ഒമ്പത് ഡബ്ല്യുആർസി ചാമ്പ്യൻഷിപ്പ് വിജയിച്ച ഫ്രഞ്ചുകാരൻ തന്നെയായ സെബാസ്റ്റ്യൻ ലോബ് മാത്രമാണ് 36 കാരനായ സെബാസ്റ്റ്യൻ ഓജിയറിന് മുന്നിലുള്ളത്. കഴിഞ്ഞ 17 വർഷങ്ങൾക്കിടെ 16-ാം തവണയാണ് ഏതെങ്കിലും ഫ്രഞ്ച് ഡ്രൈവർമാർ ഡബ്ല്യുആർസി ജേതാക്കളാകുന്നത്. അതായത് 2019 ൽ ഒഴികെ 2004 മുതൽ 2020 വരെ ഫ്രഞ്ച് ഡ്രൈവർമാർ വേൾഡ് റാലി ചാമ്പ്യൻഷിപ്പ് വിജയിച്ചു.

  

ഹ്യുണ്ടായ് ഐ20 കൂപ്പെയിൽ മൽസരിച്ച നിലവിലെ ചാമ്പ്യൻ എസ്റ്റോണിയയുടെ ഓട്ട് ടനാക് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. എങ്കിലും ടൊയോട്ട ഗാസൂ റേസിംഗ് ടീമിനേക്കാൾ അഞ്ച് പോയൻ്റ് വ്യത്യാസത്തിൽ കൺസ്ട്രക്ടർമാരുടെ കിരീടം ഹ്യുണ്ടായ് മോട്ടോർസ്പോർട്ട് സ്വന്തമാക്കി. കഴിഞ്ഞ വർഷവും ജേതാക്കളായ ഹ്യുണ്ടായ് മോട്ടോർസ്പോർട്ടിന് ഇതോടെ കിരീടനേട്ടം രണ്ടായി.