Top Spec

The Top-Spec Automotive Web Portal in Malayalam

‘ബ്ലാക്ക് ഷാഡോ’ എഡിഷനിൽ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ

24 യൂണിറ്റ് മാത്രമായിരിക്കും വിൽക്കുന്നത് 

ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ ‘ബ്ലാക്ക് ഷാഡോ’ എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 42.30 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. റെഗുലർ മോഡലിൻ്റെ ‘സ്പോർട്ട് ലൈൻ’ വേരിയൻ്റിനേക്കാൾ മൂന്ന് ലക്ഷം രൂപ കൂടുതൽ. പ്രത്യേക പതിപ്പിൻ്റെ 24 യൂണിറ്റ് മാത്രമായിരിക്കും വിൽക്കുന്നത്. ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. ആൽപ്പൈൻ വൈറ്റ്, ബ്ലാക്ക് സാഫയർ എന്നീ രണ്ട് നിറങ്ങളിൽ ലഭിക്കും. 

 

ബിഎംഡബ്ല്യുവിൻ്റെ ‘ഹൈ ഗ്ലോസ് ഷാഡോ ലൈൻ’ പാക്കേജ്, ‘എം പെർഫോമൻസ്’ പാർട്ടുകൾ എന്നിവയോടെയാണ് പ്രത്യേക പതിപ്പ് വരുന്നത്. കൂടാതെ പുതിയ മെഷ് ഗ്രിൽ, പുറം കണ്ണാടികളുടെ ക്യാപ്പുകൾ, എക്സോസ്റ്റ് ടെയ്ൽ പൈപ്പുകൾ, പിറകിലെ ‘എം പെർഫോമൻസ്’ ലിപ് സ്പോയ്ലർ എന്നിവിടങ്ങളിൽ കറുപ്പ് നിറം നൽകി. പുതിയ 18 ഇഞ്ച്, ‘വൈ’ സ്പോക്ക്, ‘എം’ ഫോർജ്ഡ് വീലുകളിലും ഗ്ലോസ് ബ്ലാക്ക് ഫിനിഷ് കാണാം. 

 

ഇലക്ട്രിക് മെമ്മറി ഫംഗ്ഷൻ സഹിതം പുതുതായി രൂപകൽപ്പന ചെയ്ത സ്പോർട്സ് സീറ്റുകൾ, കാർബൺ മൈക്രോഫിൽറ്റർ സഹിതം 2 സോൺ ക്ലൈമറ്റ് കൺട്രോൾ, ആറ് വിധത്തിൽ ഡിം ചെയ്യാൻ കഴിയുന്ന ആംബിയൻ്റ് ലൈറ്റിംഗ് എന്നിവ കാറിനകത്തെ ശ്രദ്ധേയ മാറ്റങ്ങളാണ്. 12.3 ഇഞ്ച് മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ (എംഐഡി), ആപ്പിൾ കാർപ്ലേ, വിർച്വൽ അസിസ്റ്റൻ്റ് എന്നിവ സഹിതം 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫൊടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ചാർജിംഗ്, റിവേഴ്സ് അസിസ്റ്റ് സഹിതം റിയർ വ്യൂ കാമറ, ഫ്രെയിം ഇല്ലാത്ത ഡോറുകൾ എന്നിവ 4 ഡോർ കൂപ്പെയിൽ തുടർന്നും കാണാം. 

 

2.0 ലിറ്റർ, ടർബോ ഡീസൽ എൻജിൻ തന്നെയാണ് ബ്ലാക്ക് ഷാഡോ എഡിഷൻ ഉപയോഗിക്കുന്നത്. ഈ മോട്ടോർ 188 ബിഎച്ച്പി പരമാവധി കരുത്തും 400 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് മുൻ ചക്രങ്ങളിലേക്കാണ് കരുത്ത് കൈമാറുന്നത്. ജർമൻ കാർ നിർമാതാക്കളുടെ ചെന്നൈ പ്ലാൻ്റിൽ കൂപ്പെ തദ്ദേശീയമായി അസംബിൾ ചെയ്യുകയാണ്.