Top Spec

The Top-Spec Automotive Web Portal in Malayalam

ഫോർമുല 2: മിക്ക് ഷൂമാക്കർ ജേതാവ്; ആദ്യ ജയം നേടി ഇന്ത്യയുടെ ജെഹാൻ ദാരുവാല

2021 സീസണിൽ ഫോർമുല 1 അരങ്ങേറ്റം കുറിക്കുകയാണ് മൈക്കൽ ഷൂമാക്കറുടെ മകൻ  

2020 സീസണിലെ ഫോർമുല 2 ചാമ്പ്യൻഷിപ്പ് ജർമനിയുടെ മിക്ക് ഷൂമാക്കർ നേടി. ബഹ്റൈനിലെ സഖീർ ഗ്രാൻഡ് പ്രിക്സിൽ പതിനെട്ടാമതായാണ് ഫിനിഷ് ചെയ്തതെങ്കിലും ആകെ പോയൻ്റ് നിലയിൽ മുന്നിലെത്തിയാണ് മിക്ക് ഈ സീസണിലെ ജേതാവായത്. ഇതിഹാസ താരം മൈക്കൽ ഷൂമാക്കറുടെ മകനാണ് 21 വയസ്സുകാരനായ മിക്ക്. പ്രേമ റേസിംഗ് ടീമിനുവേണ്ടിയാണ് മിക്ക് ഷൂമാക്കർ മൽസരിച്ചത്. കൺസ്ട്രക്ടർമാരുടെ വിഭാഗത്തിൽ പ്രേമ റേസിംഗ് ഈ സീസണിലെ ചാമ്പ്യൻമാരായി. 2021 സീസണിൽ ഫോർമുല 1 അരങ്ങേറ്റം കുറിക്കുകയാണ് മിക്ക് ഷൂമാക്കർ. ഇതിനുമുന്നോടിയായി ഫോർമുല 2 ചാമ്പ്യൻഷിപ്പ് നേടിയത് ജർമൻ ഡ്രൈവറുടെ ആത്മവിശ്വാസം വർധിപ്പിക്കും. ഹാസ് ടീമിനുവേണ്ടിയാണ് ഫോർമുല വണ്ണിൽ മിക്ക് ഷൂമാക്കർ മൽസരിക്കുക.

  

ഫോർമുല 2 ചാമ്പ്യൻഷിപ്പിൻ്റെ ഈ സീസണിലെ അവസാന ഗ്രാൻഡ് പ്രിക്സായ സഖീർ ജിപിയിൽ ഇന്ത്യയുടെ അഭിമാന നിമിഷം കൂടി പിറന്നു. സ്പ്രിൻ്റ് റേസ് വിഭാഗത്തിൽ മുംബൈക്കാരനായ ജെഹാൻ ദാരുവാലയാണ് ജേതാവായത്. ഫോർമുല 2 ചാമ്പ്യൻഷിപ്പിൽ ആദ്യ ജയമാണ് 22 കാരനായ ജെഹാൻ നേടിയത്. ഈ സീസണിലാണ് ജെഹാൻ ദാരുവാല ഫോർമുല 2 അരങ്ങേറ്റം കുറിച്ചത്. കാർലിൻ ടീമിനുവേണ്ടിയാണ് മൽസരിച്ചത്. ഡാംസ് ടീമിൻ്റെ ഡാൻ ടിക്റ്റത്തെ പോൾ പൊസിഷനിൽ നിർത്തിയാണ് സ്പ്രിൻ്റ് റേസ് ആരംഭിച്ചത്. ജെഹാൻ ദാരുവാല രണ്ടാമതും മിക്ക് ഷൂമാക്കർ മൂന്നാമതും നിലയുറപ്പിച്ചു.