Top Spec

The Top-Spec Automotive Web Portal in Malayalam

വീരശൂരൻ പുതിയ കെടിഎം 125 ഡ്യൂക്ക്

ഡെൽഹി എക്സ് ഷോറൂം വില 1.50 ലക്ഷം രൂപ  

2021 മോഡൽ കെടിഎം 125 ഡ്യൂക്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഓസ്ട്രിയൻ ബ്രാൻഡിൻ്റെ എൻട്രി ലെവൽ മോട്ടോർസൈക്കിളിന് 1.50 ലക്ഷം രൂപയാണ് ഡെൽഹി എക്സ് ഷോറൂം വില. മുൻഗാമിയേക്കാൾ 8,000 രൂപയോളം വില വർധിച്ചു. ഇലക്ട്രോണിക് ഓറഞ്ച്, സെറാമിക് വൈറ്റ് എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകളിൽ കെടിഎം 125 ഡ്യൂക്ക് ലഭിക്കും.  

കെടിഎമ്മിൻ്റെ പുതിയകാല സ്റ്റൈലിംഗ് ലഭിച്ചു എന്നതാണ് മോട്ടോർസൈക്കിളിലെ ഏറ്റവും വലിയ മാറ്റം. പുതിയ 200 ഡ്യൂക്ക് മോട്ടോർസൈക്കിളിന് സമാനമാണ് സ്റ്റൈലിംഗ്. ഹെഡ്ലാംപ്, ഇന്ധന ടാങ്ക്, വാൽ ഭാഗം എന്നിവ കൂർപ്പിച്ചതുപോലെ കൂടുതൽ ഷാർപ്പ് സ്റ്റൈലിംഗ് നൽകി. കൂടാതെ, മൂത്ത സഹോദരങ്ങളെപ്പോലെ ഇന്ധന ടാങ്കിൻ്റെ ശേഷി 10.5 ലിറ്ററിൽനിന്ന് 13.5 ലിറ്ററായി വർധിച്ചു.  

മുൻഗാമി ഉപയോഗിച്ച സിംഗിൾ യൂണിറ്റ് ഷാസിക്ക് പകരം പുതിയ സ്പ്ലിറ്റ് ടൈപ്പ് ട്രെല്ലിസ് ഫ്രെയിമിലാണ് 2021 കെടിഎം 125 ഡ്യൂക്ക് നിർമിച്ചിരിക്കുന്നത്. ഇതോടെ മോട്ടോർസൈക്കിൾ മുമ്പത്തേക്കാൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയും. മാത്രമല്ല, ഇരിപ്പുസുഖം വർധിപ്പിക്കുംവിധം കൂടുതൽ വലിയ റൈഡർ, പില്യൺ സീറ്റുകൾ നൽകി. 

 

125 സിസി, ലിക്വിഡ് കൂൾഡ് എൻജിനിൽ മാറ്റമില്ല. ഈ മോട്ടോർ തുടർന്നും 9,250 ആർപിഎമ്മിൽ 14.3 ബിഎച്ച്പി പരമാവധി കരുത്തും 8,000 ആർപിഎമ്മിൽ 12 എൻഎം പരമാവധി ടോർക്കും പുറപ്പെടുവിക്കും. 6 സ്പീഡ് ഗിയർബോക്സ്, മറ്റൊരു ഓസ്ട്രിയൻ കമ്പനിയായ ഡബ്ല്യുപിയുടെ അപ്സൈഡ് ഡൗൺ (യുഎസ്ഡി) ഫോർക്കുകൾ, മോണോഷോക്ക്, ഇരു ചക്രങ്ങളിലും ഒന്നുവീതം ഡിസ്ക്, സിംഗിൾ ചാനൽ എബിഎസ് സംവിധാനം എന്നിവ അതേപോലെ തുടരുന്നു.