Top Spec

The Top-Spec Automotive Web Portal in Malayalam

അപ്രീലിയ എസ്എക്സ്ആർ 160 പ്രീ-ബുക്കിംഗ് ആരംഭിച്ചു

പിയാജിയോയുടെ ബാരാമതി പ്ലാൻ്റിൽ മാക്സി സ്കൂട്ടർ നിർമിച്ചുവരികയാണ്. വൈകാതെ വിപണിയിൽ അവതരിപ്പിക്കും 

ഇന്ത്യയിൽ അപ്രീലിയ എസ്എക്സ്ആർ 160 മാക്സി സ്കൂട്ടറിൻ്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ ഡീലർഷിപ്പ് സന്ദർശിച്ച് ബുക്കിംഗ് നടത്താം. 5,000 രൂപയാണ് ബുക്കിംഗ് തുക. പിയാജിയോയുടെ ബാരാമതി പ്ലാൻ്റിൽ മാക്സി സ്കൂട്ടർ നിർമിച്ചുവരികയാണ്. വൈകാതെ വിപണിയിൽ അവതരിപ്പിക്കും.  

പ്രധാനമായും ഇന്ത്യൻ വിപണി മനസ്സിൽക്കണ്ട് ഇറ്റലിയിൽ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചതാണ് അപ്രീലിയ എസ്എക്സ്ആർ 160. ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഡെൽഹി ഓട്ടോ എക്സ്പോയിൽ സ്കൂട്ടർ പ്രദർശിപ്പിച്ചിരുന്നു. സ്റ്റൈലിംഗ്, സ്പോർട്ടി ഡിസൈൻ എന്നിവയാൽ മാക്സി സ്കൂട്ടർ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അപ്രീലിയ ആർഎസ് 660 സൂപ്പർസ്പോർട്ട് മോട്ടോർസൈക്കിളിൽനിന്നും മാക്സി സ്കൂട്ടർ പ്രചോദനമുൾക്കൊണ്ടിട്ടുണ്ട്. പൂർണമായും എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ കൺസോൾ, ധാരാളം സ്റ്റോറേജ് ശേഷി എന്നിവ ഉണ്ടായിരിക്കും.  

160 സിസി, 3 വാൽവ്, ഫ്യൂവൽ ഇൻജെക്റ്റഡ് എൻജിനായിരിക്കും കരുത്തേകുന്നത്. ഈ മോട്ടോർ അപ്രീലിയ എസ്ആർ 160 സ്കൂട്ടറിലേതുപോലെ 10.84 ബിഎച്ച്പി കരുത്തും 11.6 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  

ഗ്ലോസ് റെഡ്, മാറ്റ് ബ്ലൂ, ഗ്ലോസ് വൈറ്റ്, മാറ്റ് ബ്ലാക്ക് എന്നീ നാല് നിറങ്ങളില്‍ ലഭ്യമായിരിക്കും. ബോഡി സ്‌റ്റൈലിംഗ് കണക്കിലെടുത്താല്‍, നിലവില്‍ ഇന്ത്യയിലെ ഏക മാക്‌സി സ്‌കൂട്ടറായ സുസുകി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 ആയിരിക്കും എതിരാളി.