Top Spec

The Top-Spec Automotive Web Portal in Malayalam

ടാറ്റ മാർക്കോപോളോയിലെ അവശേഷിക്കുന്ന ഓഹരി ടാറ്റ മോട്ടോഴ്സ് വാങ്ങും

99.96 കോടി രൂപ ചെലവഴിച്ച് സംയുക്ത സംരംഭത്തിലെ 49 ശതമാനം ഓഹരികളാണ് വാങ്ങുന്നത് 

ടാറ്റ മാർക്കോപോളോ മോട്ടോഴ്സ് ലിമിറ്റഡിലെ (ടിഎംഎംഎൽ) അവശേഷിക്കുന്ന 49 ശതമാനം ഓഹരി ടാറ്റ മോട്ടോഴ്സ് വാങ്ങും. ഇതുസംബന്ധിച്ച് മാർക്കോപോളോയുമായി ഓഹരി വാങ്ങൽ കരാറിൽ ഏർപ്പെട്ടതായി ടാറ്റ മോട്ടോഴ്സ് അറിയിച്ചു. 99.96 കോടി രൂപ ചെലവഴിച്ചാണ് ഇത്രയും ഓഹരികൾ വാങ്ങുന്നത്. ഇതോടെ ടാറ്റ മോട്ടോഴ്സിന് പൂർണ ഉടമസ്ഥാവകാശമുള്ള ഉപകമ്പനിയായി ടിഎംഎംഎൽ മാറും. ബ്രസീലിയൻ കമ്പനിയും ഇന്ത്യൻ കാർ നിർമാതാക്കളും ചേർന്ന് 2006 ലാണ് 51:49 അനുപാതത്തിൽ ടിഎംഎംഎൽ എന്ന സംയുക്ത സംരംഭം ആരംഭിച്ചത്. ഇതേതുടർന്ന് ലോകത്തിലെ ഏറ്റവും വലിയ ബസ്, കോച്ച് നിർമാതാക്കളിലൊന്നായി ടാറ്റ മാർക്കോപോളോ മോട്ടോഴ്സ് ലിമിറ്റഡ് മാറിയിരുന്നു. സംയുക്ത സംരംഭത്തിൽനിന്ന് പിൻമാറാൻ മാർക്കോപോളോ ഇപ്പോൾ തീരുമാനിക്കുകയായിരുന്നു. 

നിലവിലെ ബസ് ബോഡി ഉൽ‌പ്പന്നങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതികവിദ്യകളും ടി‌എം‌എംഎല്ലിൻ്റെ കൈവശം തുടർന്നും ഉണ്ടാകുമെന്ന് ടാറ്റ മോട്ടോഴ്സ് പ്രസ്താവനയിൽ വ്യക്തമാക്കി. കൂടാതെ, മൂന്ന് വർഷത്തേക്കെങ്കിലും ‘മാർക്കോപോളോ’ ട്രേഡ്മാർക്കുകൾ ഉപയോഗിക്കാൻ ടിഎംഎംഎല്ലിന് ബ്രസീലിയൻ കമ്പനി ലൈസൻസ് നൽകി. ഇതേ കാലയളവിൽ ഇതേ ട്രേഡുമായി ഇന്ത്യയിൽ മൽസരിക്കരുതെന്ന വ്യവസ്ഥയോടെയാണ് ലൈസൻസ് അനുവദിച്ചത്. പുതിയ സംഭവവികാസങ്ങൾ ടാറ്റ മാർക്കോപോളോ മോട്ടോഴ്സ് ലിമിറ്റഡിൻ്റെ പ്രവർത്തനങ്ങളെ ബാധിക്കില്ല. വിൽപ്പനയും നിലവിലെ ഉപയോക്താക്കൾക്കായി സർവീസും തുടരും. 

 

സ്റ്റാർബസ്, സ്റ്റാർബസ് അൾട്രാ തുടങ്ങിയ ബസ് ബ്രാൻഡുകൾ ടാറ്റ മാർക്കോപോളോ മോട്ടോഴ്സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ധാർവാഡിലും ലഖ്നൗവിലുമാണ് സംയുക്ത സംരംഭ കമ്പനിയുടെ നിർമാണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഭാവിയിൽ ബസ്സുകളുടെ ബോഡി രൂപകൽപ്പന, സാങ്കേതിക ഉപദേശങ്ങൾ തുടങ്ങിയ മേഖലകളിൽ സഹകരിക്കുന്നതിന് മാർക്കോപോളോയും ടിഎംഎംഎല്ലും ബന്ധം നിലനിർത്താൻ ഉദ്ദേശിക്കുന്നതായി ടാറ്റ മോട്ടോഴ്സ് വ്യക്തമാക്കി.