Top Spec

The Top-Spec Automotive Web Portal in Malayalam

2020 എൻആർസി; അശ്വിൻ ദത്തയുടെയും അമീർ സയ്യദിൻ്റെയും ആധിപത്യം

കോയമ്പത്തൂരിലെ കരി മോട്ടോര്‍ സ്പീഡ്‌വേ സര്‍ക്യൂട്ടിലാണ് ഒന്നാം റൗണ്ട് മല്‍സരങ്ങള്‍ നടന്നത്

2020 ജെകെ ടയര്‍ നാഷണല്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ (ജെകെഎന്‍ആര്‍സി) ആദ്യ റൗണ്ടില്‍ എല്‍ജിബി ഫോര്‍മുല 4 വിഭാഗത്തില്‍ അശ്വിന്‍ ദത്തയുടെയും നോവിസ് കപ്പ് വിഭാഗത്തില്‍ അമീര്‍ സയ്യദിന്റെയും ആധിപത്യം. കോയമ്പത്തൂരിലെ കരി മോട്ടോര്‍ സ്പീഡ്‌വേ സര്‍ക്യൂട്ടില്‍ ഞായറാഴ്ച്ച ഫോര്‍മുല എല്‍ജിബി 4 വിഭാഗത്തില്‍ ആകെ നടന്ന മൂന്ന് റേസുകളില്‍ രണ്ടെണ്ണത്തില്‍ അശ്വിന്‍ ദത്ത വിജയിച്ചു. ഡാര്‍ക്ക് ഡോണ്‍ റേസിംഗ് ടീമിന്റെ ഡ്രൈവറാണ് ചെന്നൈക്കാരനായ അശ്വിന്‍ ദത്ത. തുടക്കക്കാരുടെ നോവിസ് കപ്പ് വിഭാഗത്തില്‍ എംസ്‌പോര്‍ട്ട് ടീമിനുവേണ്ടിയാണ് കോട്ടയം സ്വദേശിയായ അമീര്‍ സയ്യദ് മല്‍സരിച്ചത്. ദേശീയ റേസിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ 23-ാമത് പതിപ്പാണ് ഇത്തവണ.

ഫോർമുല എൽജിബി 4 വിഭാഗത്തിൽ ഞായറാഴ്ച്ച രാവിലെ നടന്ന ആദ്യ രണ്ട് റേസുകളും അശ്വിൻ ദത്തയാണ് വിജയിച്ചത്. ഉച്ചയ്ക്കുശേഷം നടന്ന മൂന്നാമത്തെയും അവസാനത്തെയും റേസിൽ അവസാന ലാപ്പിന് തൊട്ടുമുമ്പുവരെ അശ്വിൻ ദത്തയായിരുന്നു മുന്നിൽ. എംസ്പോർട്ട് ടീമിൻ്റെ ഡ്രൈവർമാരായ വിഷ്ണുപ്രസാദും രാഗുൽ രംഗസാമിയും അശ്വിൻ ദത്തയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്നതും കാണാൻ സാധിച്ചു. ആറാമത്തെ വളവിൽ ദത്തയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ വിഷ്ണുപ്രസാദിൻ്റെ കാർ അശ്വിൻ ദത്തയുടെ കാറുമായി കൂട്ടിമുട്ടി. ഇതോടെ ഇരു ഡ്രൈവർമാരുടെയും മൽസരയോട്ടം അവിടെ അവസാനിച്ചു. ഇതേതുടർന്ന് രാഗുൽ രംഗസാമിക്ക് ഒന്നാം സ്ഥാനം ലഭിച്ചപ്പോൾ അഹൂറ റേസിംഗ്‌ ടീമിൻ്റെ സരോഷ് ഹതാരിയ രണ്ടാം സ്ഥാനവും ഡാർക്ക് ഡോൺ റേസിംഗ്‌ ടീമിൻ്റെ എ സന്ദീപ് കുമാർ മൂന്നാം സ്ഥാനവും നേടി. വലതുകയ്യിന് പരുക്കേറ്റ വിഷ്ണുപ്രസാദിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. 

 

നോവിസ് കപ്പ് വിഭാഗത്തിൽ ഞായറാഴ്ച്ച നടന്ന രണ്ട് റേസുകളും അമീർ സയ്യദാണ് വിജയിച്ചത്. ഇതോടെ വാരാന്ത്യത്തിൽ അമീർ സയ്യദ് ആകെ ആറ് വിജയങ്ങളാണ് കരസ്ഥമാക്കിയത്. ശനിയാഴ്ച്ച നടന്ന നോവിസ് കപ്പ് നാലാം റേസിൽ ജോബ റേസിംഗ്‌ ഡ്രൈവറായ അഭിലാഷ് ജൂനിയർ (തൃശ്ശൂർ) മൂന്നാം സ്ഥാനം നേടിയിരുന്നു. ഈ റേസിൽ അമീർ സയ്യദാണ് ഒന്നാമതെത്തിയത്. പങ്കെടുത്ത ആദ്യ റേസ് വാരാന്ത്യത്തിൽത്തന്നെ അഭിലാഷ് ജൂനിയറിന് പോഡിയം നേടാൻ സാധിച്ചു. എഫ്ഐഎ ഏഷ്യ പസഫിക് റാലി പ്രൊഡക്ഷൻ ക്ലാസ് ചാമ്പ്യനും ഇന്ത്യൻ റാലി ഡ്രൈവറുമായ പിജി അഭിലാഷിൻ്റെ മകനാണ് അഭിലാഷ് ജൂനിയർ.  

വാരാന്ത്യത്തിലെ മികച്ച വുമൺ പെർഫോമറായി എംസ്പോർട്ട് ടീമിൻ്റെ മീര എർദയെയും നോവിസ് വിഭാഗത്തിൽ മികച്ച വുമൺ പെർഫോമറായി അഹൂറ റേസിംഗ് ടീമിൻ്റെ അനുശ്രിയ ഗുലാത്തിയെയും തെരഞ്ഞെടുത്തു.  

ഫോർമുല എൽജിബി 4 വിഭാഗത്തിൽ ഡാർക്ക് ഡോൺ റേസിംഗ് ടീമിൻ്റെ ടിഎസ്  ദിൽജിത് (തൃശ്ശൂർ), അവലാഞ്ച് റേസിംഗ് ടീമിൻ്റെ എംഎ ബഷീർ (കോഴിക്കോട്) എന്നിവരായിരുന്നു മലയാളി ഡ്രൈവർമാർ.  

വാരാന്ത്യത്തില്‍ ആകെ 12 റേസുകള്‍ക്കാണ് കരി മോട്ടോര്‍ സ്പീഡ്‌വേ സാക്ഷ്യം വഹിച്ചത്. എല്‍ജിബി ഫോര്‍മുല 4 വിഭാഗത്തില്‍ മൂന്നും നോവിസ് കപ്പ് വിഭാഗത്തില്‍ രണ്ടും ഉള്‍പ്പെടെ ഞായറാഴ്ച്ച അഞ്ച് റേസുകള്‍ നടന്നു.