Top Spec

The Top-Spec Automotive Web Portal in Malayalam

ജർമൻ പ്രമാണി ബിഎംഡബ്ല്യു എക്സ്5 എം കോമ്പറ്റീഷൻ ഇന്ത്യയിൽ

ഇന്ത്യ എക്സ് ഷോറൂം വില 1.95 കോടി രൂപ

ജർമൻ ആഡംബര കാർ നിർമാതാക്കളായ ബിഎംഡബ്ല്യു ഇന്ത്യയിൽ എക്സ്5 എം കോമ്പറ്റീഷൻ അവതരിപ്പിച്ചു. 1.95 കോടി രൂപയാണ് സ്പോർട്സ് ആക്റ്റിവിറ്റി വെഹിക്കിളിന് (എസ്എവി) ഇന്ത്യയിലെങ്ങും എക്സ് ഷോറൂം വില. പൂർണമായി നിർമിച്ചശേഷം എസ്എവി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. ഏഴ് സ്റ്റാൻഡേഡ് മെറ്റാലിക് കളർ ഓപ്ഷനുകളിൽ ബിഎംഡബ്ല്യു എക്സ്5 എം കോമ്പറ്റീഷൻ ലഭിക്കും. കാർബൺ ബ്ലാക്ക്, ബ്ലാക്ക് സഫയർ, മിനറൽ വൈറ്റ്, മറീന ബേ ബ്ലൂ, ഡോണിംഗ്ടൺ ഗ്രേ, മാൻഹാട്ടൻ ഗ്രീൻ, ടൊർണേഡോ റെഡ് എന്നിവയാണ് ഏഴ് നിറങ്ങൾ. കൂടാതെ ടാൻസാനൈറ്റ് ബ്ലൂ, അമേട്രിൻ എന്നീ രണ്ട് ഓപ്ഷണൽ കളർ ഓപ്ഷനുകൾ ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം. 

സ്പോർട്ടി രൂപകൽപ്പനയോടെയാണ് ബിഎംഡബ്ല്യു എക്സ്5 എം കോമ്പറ്റീഷൻ വരുന്നത്. മുന്നിലെ ബംപറിൽ വലിയ എയർ ഇൻടേക്കുകൾ കാണാം. മുന്നിൽ 21 ഇഞ്ച് വ്യാസമുള്ളതും ഭാരം കുറഞ്ഞതുമായ ‘എം’ അലോയ് വീലുകളും പിന്നിൽ സ്റ്റാർ സ്പോക്ക് സ്റ്റൈൽ ലഭിച്ചതും ഇരട്ട നിറമുള്ളതുമായ 22 ഇഞ്ച് ‘എം’ അലോയ് വീലുകളും നൽകി. 

12.3 ഇഞ്ച് വലുപ്പമുള്ള മൾട്ടിഫംഗ്ഷൻ ഡിസ്പ്ലേ ടച്ച്സ്ക്രീൻ, ഐഡ്രൈവ് ടച്ച് കൺട്രോളർ, ബട്ടണുകളോടുകൂടി മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ്‌ വളയം, വോയ്സ് കൺട്രോൾ, ഓപ്ഷണൽ ബിഎംഡബ്ല്യു ജെസ്ചർ കൺട്രോൾ എന്നിവ അകത്തെ ഫീച്ചറുകളാണ്. നാവിഗേഷൻ സിസ്റ്റം സഹിതം ബിഎംഡബ്ല്യു ലൈവ് കോക്ക്പിറ്റ് പ്രൊഫഷണൽ, ബിഎംഡബ്ല്യു വിർച്വൽ അസിസ്റ്റൻ്റ് എന്നിവ സ്റ്റാൻഡേഡായി നൽകി.  

4.4 ലിറ്റർ, വി8 എൻജിനാണ് ബിഎംഡബ്ല്യു എക്സ്5 എം കോമ്പറ്റീഷൻ ഉപയോഗിക്കുന്നത്. ഈ മോട്ടോർ 6,000 ആർപിഎമ്മിൽ 617 ബിഎച്ച്പി കരുത്തും 1,800- 5,600 ആർപിഎമ്മിൽ 750 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. ‘ഡ്രൈവ് ലോജിക്’ സഹിതം 8 സ്പീഡ് ‘എം’ സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എൻജിനുമായി ചേർത്തുവെച്ചു. ട്രാക്ക്, സ്പോർട്ട്, റോഡ് എന്നിവയാണ് മൂന്ന് ഷിഫ്റ്റ് മോഡുകൾ. പൂജ്യത്തിൽനിന്ന് മണിക്കൂറിൽ നൂറ് കിമീ വേഗമാർജിക്കാൻ 3.8 സെക്കൻഡ് മതി. ഏറ്റവും ഉയർന്ന വേഗത മണിക്കൂറിൽ 250 കിലോമീറ്ററായി ഇലക്ട്രോണിക്കലായി പരിമിതപ്പെടുത്തി.  

മുന്നിലും വശത്തും തലയ്ക്കും സുരക്ഷയേകുന്ന എയര്‍ബാഗുകള്‍, ‘എം’ ഡൈനാമിക് മോഡ് ഉള്‍പ്പെടെ ഡൈനാമിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ (ഡിഎസ്‌സി), കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍ (സിബിസി), ഡൈനാമിക് ബ്രേക്ക് കണ്‍ട്രോള്‍, ഡ്രൈ ബ്രേക്കിംഗ് ഫംഗ്ഷന്‍, ബ്രേക്കിംഗ് ഫംഗ്ഷന്‍ സഹിതം ക്രൂസ് കണ്‍ട്രോള്‍, സിറ്റി ബ്രേക്കിംഗ് ഫംഗ്ഷന്‍ സഹിതം കൊളീഷന്‍ & പെഡസ്ട്രിയന്‍ വാണിംഗ് എന്നിവ സുരക്ഷാ ഫീച്ചറുകളാണ്.

ഡിസംബർ 31 നുമുമ്പ് ബിഎംഡബ്ല്യു എക്സ്5 എം കോമ്പറ്റീഷൻ ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് ‘ഇസ്പ്രാവ’ ആഡംബര വില്ലകളിൽ താമസിക്കാൻ അവസരം ലഭിക്കും. ഇതുസംബന്ധിച്ച് ബിഎംഡബ്ല്യു എക്സലൻസ് ക്ലബ്ബുമായി ഇസ്പ്രാവ സഹകരിക്കും.