Top Spec

The Top-Spec Automotive Web Portal in Malayalam

ഒന്നര ലക്ഷം നെക്സോൺ നിർമിച്ച് ടാറ്റ മോട്ടോഴ്സ്

—  ഗ്ലോബൽ എൻകാപ് നടത്തിയ ഇടി പരിശോധനയിൽ പഞ്ചനക്ഷത്ര റേറ്റിംഗ് കരസ്ഥമാക്കിയ ഇന്ത്യയിലെ ആദ്യ കാറാണ് ടാറ്റ നെക്സോൺ 

ടാറ്റ മോട്ടോഴ്‌സ് ഇതുവരെ നിര്‍മിച്ചത് ഒന്നര ലക്ഷം യൂണിറ്റ് നെക്‌സോണ്‍ എസ്‌യുവി. 1,50,000 എന്ന എണ്ണം തികച്ച ടാറ്റ നെക്‌സോണ്‍ പുണെയിലെ രഞ്ജന്‍ഗാവ് പ്ലാന്റില്‍നിന്ന് പുറത്തെത്തിച്ചു. ആദ്യ 50,000 യൂണിറ്റ് നാഴികക്കല്ല് താണ്ടിയത് 2018 സെപ്റ്റംബറിലാണ്. തൊട്ടടുത്ത വര്‍ഷം ഇതേ സമയത്ത് ഒരു ലക്ഷം യൂണിറ്റ് ടാറ്റ നെക്‌സോണ്‍ പുറത്തിറക്കി. 2020 ഒക്ടോബറിലാണ് ഏറ്റവും കൂടുതല്‍ ടാറ്റ നെക്‌സോണ്‍ സബ്‌കോംപാക്റ്റ് എസ്‌യുവി വിറ്റുപോയത്.

ഗ്ലോബൽ എൻകാപ് നടത്തിയ ഇടി പരിശോധനയിൽ പഞ്ചനക്ഷത്ര റേറ്റിംഗ് കരസ്ഥമാക്കിയ ഇന്ത്യയിലെ ആദ്യ കാറാണ് ടാറ്റ നെക്സോൺ. 2018 ലാണ് നെക്‌സോൺ ഈ നേട്ടം കൈവരിച്ചത്. എൻഡ് ഓഫ് ലൈഫ് വെഹിക്കിൾസ് (ഇഎൽവി) സംബന്ധിച്ച ഇന്റർനാഷണൽ ഡിസ്മാന്റ്ലിംഗ് ഇൻഫർമേഷൻ സിസ്റ്റത്തിൽ ഈയിടെ ടാറ്റ നെക്സോണിനെ ഉൾപ്പെടുത്തിയിരുന്നു. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യൻ കാർ കൂടിയാണ് ടാറ്റ നെക്സോൺ. 

ഈ വര്‍ഷം സെപ്റ്റംബറില്‍ ടാറ്റ നെക്‌സോണ്‍ എസ്‌യുവിയുടെ എക്‌സ്എം (എസ്) വേരിയന്റ് പുറത്തിറക്കിയിരുന്നു. ഇലക്ട്രിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ഹെഡ്‌ലാംപുകള്‍, റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍, സ്റ്റിയറിംഗില്‍ നല്‍കിയ ഓഡിയോ കണ്‍ട്രോളുകള്‍ എന്നീ അധിക ഫീച്ചറുകളോടെയാണ് പുതിയ വേരിയന്റ് എത്തിയത്.

118 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍, 108 ബിഎച്ച്പി കരുത്തും 260 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് ടാറ്റ നെക്‌സോണ്‍ എസ്‌യുവിയുടെ എന്‍ജിന്‍ ഓപ്ഷനുകള്‍. 6 സ്പീഡ് മാന്വല്‍, എഎംടി എന്നിവയാണ് രണ്ട് എന്‍ജിനുകളുടെയും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.