Top Spec

The Top-Spec Automotive Web Portal in Malayalam

ഉൽസവം കൊഴുപ്പിക്കാൻ അമേസ്, ഡബ്ല്യുആർ-വി ‘എക്സ്ക്ലുസീവ് എഡിഷൻ’

—  ഡെൽഹി എക്സ് ഷോറൂം വില 7.96 ലക്ഷം രൂപ മുതൽ 

രാജ്യത്തെ ഉൽസവ സീസൺ പ്രമാണിച്ച് ഹോണ്ട അമേസ്, ഡബ്ല്യുആർ-വി മോഡലുകളുടെ ‘എക്സ്ക്ലുസീവ് എഡിഷൻ’ വിപണിയിൽ അവതരിപ്പിച്ചു. ഇരു കാറുകളുടെയും ‘വിഎക്സ്’ എന്ന ടോപ് സ്പെക് വേരിയന്റ് അടിസ്ഥാനമാക്കിയാണ് പ്രത്യേക പതിപ്പ് പുറത്തിറക്കിയത്. പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ രണ്ട് കാറുകളുടെയും എക്സ്ക്ലുസീവ് എഡിഷൻ ലഭിക്കും. 7.96 ലക്ഷം രൂപ മുതലാണ് ഡെൽഹി എക്സ് ഷോറൂം വില. 

വിൻഡോ ലൈനിലും ഫോഗ് ലാംപുകളിലും ക്രോം സാന്നിധ്യം, എക്സ്ക്ലുസീവ് എഡിഷൻ ബാഡ്ജോടുകൂടിയ ട്രങ്ക് എന്നിവ അമേസ് സെഡാന്റെ പുറത്തെ സവിശേഷതകളാണ്. കറുത്ത സീറ്റ് കവറുകൾ, ആംറെസ്റ്റ്, മുന്നിൽ ഫൂട്ട് ലൈറ്റുകൾ, ഇല്യുമിനേറ്റഡ് ഡോർ സ്കഫ് പ്ലേറ്റുകൾ എന്നിവ അകത്തെ വിശേഷങ്ങളാണ്. 

മുന്നിലെ ഗ്രില്ലിലും ഫോഗ് ലാംപുകളിലും ക്രോം അലങ്കാരം, ബോഡി ഗ്രാഫിക്സ്, എക്സ്ക്ലുസീവ് എഡിഷൻ എംബ്ലം എന്നിവയാണ് ഡബ്ല്യുആർ-വി ക്രോസ്ഓവറിൽ നൽകിയത്. സീറ്റ് കവറുകൾ, ഇല്യുമിനേറ്റഡ് സ്കഫ് പ്ലേറ്റുകൾ, മുന്നിൽ ഡോർ ലൈറ്റുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ.  

89 ബിഎച്ച്പി, 110 എൻഎം ഉൽപ്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എൻജിൻ, 99 ബിഎച്ച്പി, 200 എൻഎം പുറത്തെടുക്കുന്ന 1.5 ലിറ്റർ ഡീസൽ മോട്ടോർ എന്നിവയാണ് ഇരു കാറുകളുടെയും പവർട്രെയ്ൻ ഓപ്ഷനുകൾ. 5 സ്പീഡ് മാന്വൽ, സിവിടി എന്നിവയാണ് അമേസിന്റെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ. അതേസമയം, ഡബ്ല്യുആർ-വിയുടെ പെട്രോൾ എൻജിനുമായി 5 സ്പീഡ് മാന്വൽ ഗിയർബോക്സും ഡീസൽ മോട്ടോറുമായി 6 സ്പീഡ് മാന്വൽ ഗിയർബോക്സും ഘടിപ്പിച്ചു.  

ഹോണ്ട അമേസ് എക്സ്ക്ലുസീവ് എഡിഷൻ
പെട്രോൾ എംടി …… 7.96 ലക്ഷം രൂപ 
പെട്രോൾ സിവിടി …… 8.79 ലക്ഷം രൂപ
ഡീസൽ എംടി …….. 9.26 ലക്ഷം രൂപ
ഡീസൽ സിവിടി ……  9.99 ലക്ഷം രൂപ 
ഹോണ്ട ഡബ്ല്യുആർ-വി എക്സ്ക്ലുസീവ് എഡിഷൻ
പെട്രോൾ എംടി ……. 9.70 ലക്ഷം രൂപ 
ഡീസൽ എംടി …… 10.99 ലക്ഷം രൂപ