Top Spec

The Top-Spec Automotive Web Portal in Malayalam

ലൂയിസ് ഹാമിൽട്ടൺ ഏഴാം തമ്പുരാൻ

— ഫോർമുല വണ്ണിന്റെ ചരിത്രത്തിൽ ഏഴ് കിരീടങ്ങൾ നേടുന്ന രണ്ടാമത്തെ ഡ്രൈവറാണ് മെഴ്സേഡസിന്റെ ബ്രിട്ടീഷ് താരം

ഫോർമുല വൺ കാറോട്ട മൽസരത്തിൽ വീണ്ടും ലൂയിസ് ഹാമിൽട്ടണിന്റെ വിജയഗാഥ. ഫോർമുല വണ്ണിന്റെ ചരിത്രത്തിൽ ഏഴ് കിരീടങ്ങൾ നേടുന്ന രണ്ടാമത്തെ ഡ്രൈവറായി മെഴ്സേഡസിന്റെ ബ്രിട്ടീഷ് താരം ഇതിഹാസ പദവി ഉറപ്പിച്ചു. ജർമൻ ഡ്രൈവറായിരുന്ന സാക്ഷാൽ മൈക്കൽ ഷൂമാക്കറിന്റെ കിരീടനേട്ടത്തിന് ഒപ്പമാണ് ഇപ്പോൾ ലൂയിസ് ഹാമിൽട്ടണ് സ്ഥാനം. തുർക്കിയിലെ ഇസ്താംബുളിൽ കഴിഞ്ഞ ദിവസം നടന്ന ഗ്രാൻഡ് പ്രിക്സിൽ വിജയിച്ചതോടെയാണ് ലൂയിസ് ഹാമിൽട്ടൺ ചരിത്രപുരുഷനായി മാറിയത്.  

ഈ സീസണിൽ മൂന്ന് ഗ്രാൻഡ് പ്രിക്സ് അവശേഷിക്കേ 307 പോയന്റ് നേടിയാണ് ലൂയിസ് ഹാമിൽട്ടൺ ലോക കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനത്തുള്ള മറ്റൊരു മെഴ്സേഡസ് ഡ്രൈവറായ വാൽട്ടേരി ബോട്ടാസിന് 197 പോയന്റ് മാത്രമാണ് ഉള്ളത്. 170 പോയന്റുമായി റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റപ്പൻ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. കൺസ്ട്രക്ടർമാരുടെ വിഭാഗത്തിൽ ഈ സീസണിലെ ലോക ചാമ്പ്യൻഷിപ്പ് ഇതിനകം മെഴ്സേഡസ് നേടിയിരുന്നു.  

തുര്‍ക്കിയില്‍ ലൂയിസ് ഹാമില്‍ട്ടണുപിന്നാലെ റേസിംഗ് പോയന്റ് ടീമിന്റെ സെര്‍ജിയോ പെരസ് രണ്ടാമതായി ഫിനിഷ് ചെയ്തു. ഫെറാറി ഡ്രൈവര്‍മാരായ സെബാസ്റ്റ്യന്‍ വെറ്റല്‍, ചാള്‍സ് ലെക്‌ലര്‍ക് എന്നിവര്‍ യഥാക്രമം മൂന്ന്, നാല് സ്ഥാനങ്ങളിലെത്തി. ഈ സീസണിലെ മികച്ച പ്രകടനമാണ് പെരസ് കാഴ്ച്ചവെച്ചത്. 2020 സീസണിലെ ആദ്യ പോഡിയം ഫിനിഷാണ് സെബാസ്റ്റ്യന്‍ വെറ്റല്‍ നേടിയത്. ഇരു ഡ്രൈവര്‍മാരും പി3, പി4 നേടിയതോടെ ടീം എന്ന നിലയില്‍ ഫെറാറിയുടെ മികച്ച പ്രകടനം തുര്‍ക്കിയില്‍ കണ്ടു. റെഡ് ബുള്ളിന്റെ മാക്‌സ് വെര്‍സ്റ്റപ്പന്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇനി നവംബർ 29 ന് ബഹ്റൈൻ ഗ്രാൻഡ് പ്രിക്സ് അരങ്ങേറും.