Top Spec

The Top-Spec Automotive Web Portal in Malayalam

കൊള്ളിമീൻ കണക്കെ പായാൻ മീറ്റിയോർ 350

—  ഫയർബോൾ, സ്റ്റെല്ലർ, സൂപ്പർനോവ എന്നീ വേരിയന്റുകളിൽ റോയൽ എൻഫീൽഡ് മീറ്റിയോർ 350 ക്രൂസർ ലഭിക്കും  

—  യഥാക്രമം 1,75,825 രൂപ, 1,81,342 രൂപ, 1,90,536 രൂപയാണ് ഡെൽഹി എക്സ് ഷോറൂം വില  

റോയൽ എൻഫീൽഡിന്റെ പുതിയ മോഡലായ മീറ്റിയോർ 350 ഒടുവിൽ അവതരിച്ചു. ഫയർബോൾ, സ്റ്റെല്ലർ, സൂപ്പർനോവ എന്നീ മൂന്ന് വേരിയന്റുകളിൽ റോയൽ എൻഫീൽഡ് മീറ്റിയോർ 350 ലഭിക്കും. യഥാക്രമം 1,75,825 രൂപ, 1,81,342 രൂപ, 1,90,536 രൂപയാണ് ഡെൽഹി എക്സ് ഷോറൂം വില. തണ്ടർബേർഡ് 350എക്സ് മോട്ടോർസൈക്കിളിന് പകരമാണ് മീറ്റിയോർ 350 വരുന്നത്. പുതുതായി വിപണിയിലെത്തിയ ഹോണ്ട ഹൈനസ് സിബി 350, ജാവ സ്റ്റാൻഡേഡ്, ബെനല്ലി ഇംപീരിയാലെ 400 എന്നിവയാണ് എതിരാളികൾ. റോയൽ എൻഫീൽഡിന്റെ പുതിയ ‘ജെ’ പ്ലാറ്റ്ഫോമിലാണ് മീറ്റിയോർ 350 നിർമിച്ചിരിക്കുന്നത്.

പെയിന്റ് സ്കീമുകൾ, മറ്റു ചില വാഹനഘടകങ്ങൾ എന്നിവയാൽ മൂന്ന് വേരിയന്റുകളും വ്യത്യാസപ്പെട്ടിരിക്കുന്നു. ഫയർബോൾ യെല്ലോ, ഫയർബോൾ റെഡ് എന്നീ കളർ ഓപ്ഷനുകളിൽ ഫയർബോൾ വേരിയന്റ് ലഭിക്കും. റെഡ് മെറ്റാലിക്, ബ്ലാക്ക് മാറ്റ്, ബ്ലൂ മെറ്റാലിക് എന്നിവയാണ് സ്‌റ്റെല്ലർ വകഭേദത്തിന്റെ കളർ ഓപ്ഷനുകൾ. ബ്ലൂ, ബ്രൗൺ എന്നീ ഡുവൽ ടോൺ പെയിന്റ് സ്കീമുകളിൽ സൂപ്പർനോവ എന്ന ‘ടോപ് സ്പെക്‘  വേരിയന്റ് ലഭിക്കും.  

തണ്ടർബേർഡ് 350എക്സ് മോട്ടോർസൈക്കിളിന് സമാനമാണ് സ്റ്റൈലിംഗ് സൂചകങ്ങൾ. ക്രൂസർ സ്റ്റാൻസ് നൽകിയാണ് മീറ്റിയോർ 350 രൂപകൽപ്പന ചെയ്തിരിക്കുന്നത്. എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റോടുകൂടി വൃത്താകൃതിയുള്ള ഹെഡ്ലാംപ്, യുഎസ്ബി ചാർജർ, പുൾഡ് ബാക്ക് ഹാൻഡിൽബാർ, എൽഇഡി ടെയ്ൽലൈറ്റ് എന്നിവ സവിശേഷതകളാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേൺ ബൈ ടേൺ നാവിഗേഷൻ എന്നിവ സഹിതം പകുതി ഡിജിറ്റലായ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ നൽകിയിരിക്കുന്നു.

ബിഎസ് 6 പാലിക്കുന്ന 349 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എൻജിനാണ് റോയൽ എൻഫീൽഡ് മീറ്റിയോർ 350 ഉപയോഗിക്കുന്നത്. ഈ മോട്ടോർ 20.2 ബിഎച്ച്പി പരമാവധി കരുത്തും 27 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. 5 സ്പീഡ് ഗിയർബോക്സ് എൻജിനുമായി ഘടിപ്പിച്ചു. മുന്നിൽ ടെലിസ്കോപിക് ഫോർക്കുകളും പിന്നിൽ ഇരുവശങ്ങളിലായി ഷോക്ക് അബ്സോർബറുകളും ഉൾപ്പെടുന്നതാണ് സസ്പെൻഷൻ സംവിധാനം. ഓരോ ചക്രത്തിലും ഓരോ ഡിസ്ക് വീതം ബ്രേക്കിംഗ് നിർവഹിക്കും. ഡുവൽ ചാനൽ എബിഎസ് സുരക്ഷാ ഫീച്ചറാണ്.