Top Spec

The Top-Spec Automotive Web Portal in Malayalam

എഫ്1: തുടർച്ചയായ ഏഴാം ചാമ്പ്യൻഷിപ്പ് നേടി മെഴ്സേഡസ്

— 1999 മുതൽ 2004 വരെ തുടർച്ചയായി ആറ് ചാമ്പ്യൻഷിപ്പ് നേടിയ ഫെറാറിയുടെ റെക്കോർഡാണ് മെഴ്സേഡസ് മറികടന്നത് 

— ഇറ്റലിയിലെ ഈമൊല ഗ്രാൻഡ് പ്രിക്സിൽ ലൂയിസ് ഹാമിൽട്ടൺ കരിയറിലെ 93-ാം ജയം സ്വന്തമാക്കി 

ഫോർമുല വൺ കാറോട്ട മൽസരങ്ങളിൽ തുടർച്ചയായ ഏഴാം ചാമ്പ്യൻഷിപ്പ് നേടി മെഴ്സേഡസ്. ഇറ്റലിയിലെ ഈമൊല ഗ്രാൻഡ് പ്രിക്സിൽ ലൂയിസ് ഹാമിൽട്ടൺ തന്റെ കരിയറിലെ 93-ാം ജയം കരസ്ഥമാക്കിയതോടെയാണ് മെഴ്സേഡസ് ഈ സീസണിലെ കിരീടമുറപ്പിച്ചത്. 1999 മുതൽ 2004 വരെ തുടർച്ചയായി ആറ് ചാമ്പ്യൻഷിപ്പ് നേടിയ ഫെറാറിയുടെ റെക്കോർഡാണ് മെഴ്സേഡസ് മറികടന്നത്. ഫെറാറിയുടെ അന്നത്തെ നേട്ടത്തിന് പിന്നിൽ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറായിരുന്നു.

ലൂയിസ് ഹാമിൽട്ടണു പിന്നാലെ മെഴ്സേഡസിന്റെ മറ്റൊരു ഡ്രൈവറായ വാൽട്ടേരി ബോട്ടാസ് രണ്ടാമതും റെനോയുടെ ഡാനിയൽ റിക്കിയാർഡോ മൂന്നാമതും ഫിനിഷ് ചെയ്തു. ടയർ പങ്ക്ചർ ആയതിനെതുടർന്ന് റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റപ്പൻ ഉൾപ്പെടെ അഞ്ച് പേർക്ക് റേസ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഈമൊലയിൽ വാൽട്ടേരി ബോട്ടാസിനായിരുന്നു പോൾ പൊസിഷൻ. 

മെഴ്സേഡസ് തുടർച്ചയായ ഏഴാം ചാമ്പ്യൻഷിപ്പ് നേടിയതോടെ ഇനി ശ്രദ്ധ തുർക്കി ഗ്രാൻഡ് പ്രിക്സിലാണ്. ലൂയിസ് ഹാമിൽട്ടൺ തന്റെ കരിയറിലെ ഏഴാം ലോക കിരീടം തുർക്കിയിൽ നേടുമോയെന്നാണ് ഇനി അറിയേണ്ടത്. മാത്രമല്ല, ഫോർമുല വൺ കാറോട്ട മത്സരങ്ങളുടെ ചരിത്രത്തിലെ ഹൈബ്രിഡ് കാലഘട്ടത്തിൽ മെഴ്സേഡസ് ഇതോടെ നൂറ് റേസുകൾ വിജയിച്ചു.