Top Spec

The Top-Spec Automotive Web Portal in Malayalam

ആകർഷകം, ആവേശകരം… റെനോ കൈഗർ കൺസെപ്റ്റ്

— സബ്‌കോംപാക്റ്റ് എസ്‌യുവിയാണ് റെനോ കൈഗര്‍

റെനോ കൈഗര്‍ എസ്‌യുവിയുടെ കണ്‍സെപ്റ്റ് വേര്‍ഷന്‍ ഒടുവില്‍ ഔദ്യോഗികമായി അനാവരണം ചെയ്തു. ആഗോളതലത്തിലുള്ള അനാവരണമാണ് ഇന്ത്യയില്‍ നടന്നത്. ബി സെഗ്‌മെന്റ് അഥവാ സബ്‌കോംപാക്റ്റ് എസ്‌യുവിയാണ് റെനോ കൈഗര്‍. ആഗോളതലത്തില്‍ ഇന്ത്യന്‍ വിപണിയില്‍ റെനോ കൈഗര്‍ ആദ്യം അവതരിപ്പിക്കും. പിന്നീട് മറ്റ് വിപണികളില്‍ വില്‍പ്പന നടത്തും.

റെനോ-നിസാന്‍-മിറ്റ്‌സുബിഷി സഖ്യത്തിന്റെ സിഎംഎഫ് എ പ്ലസ് പ്ലാറ്റ്‌ഫോമിലാണ് റെനോ കൈഗര്‍ നിര്‍മിക്കുന്നത്. നിസാന്റെ പുതിയ മോഡലായ മാഗ്‌നൈറ്റ് അടിസ്ഥാനമാക്കിയിരിക്കുന്നത് ഇതേ പ്ലാറ്റ്‌ഫോമാണ്.

ധീരനും ദൃഢകായനുമാണ് ഇപ്പോൾ അനാവരണം ചെയ്ത റെനോ കൈഗർ ‘ഷോ കാർ’. ചിത്രങ്ങളിൽ ഇക്കാര്യം വ്യക്തമാകും. എ പില്ലറിന് നീളം കുറവാണ്. ഗ്രില്ലിന് മുകളിലായി ഒരറ്റം മുതൽ മറ്റേ അറ്റം വരെ സ്ട്രിപ്പ് ലൈറ്റിംഗ് നൽകിയിരിക്കുന്നു. നിയോൺ ഇൻഡിക്കേറ്ററുകളും കാണാം. ഉൽപ്പാദന പതിപ്പിൽ ഇത് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളായി മാറിയേക്കാം. ബംപറിലാണ് എൽഇഡി ഹെഡ്ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. നടുവിൽ മെഷ് നൽകിയതുപോലെ എയർ ഇൻടേക്ക് കാണാം. റൂഫ് ലൈൻ ആകർഷകമാണ്. കൂടാതെ റൂഫ് റെയിലുകൾ നൽകി. 19 ഇഞ്ച് വ്യാസമുള്ളതാണ് അലോയ് വീലുകൾ. 210 മില്ലിമീറ്ററാണ് ഗ്രൗണ്ട് ക്ലിയറൻസ്. പിറകുവശം ശ്രദ്ധേയമാണ്. വിൻഡ്സ്‌ക്രീനിനു താഴെ അൽപ്പം വളച്ചുനൽകിയ ഞൊറി കാണാം. ഇരട്ട ‘സി’ ആകൃതിയിൽ എൽഇഡി ടെയ്ൽ ലാംപുകൾ നൽകിയിരിക്കുന്നു. സ്പോയ്ലർ റൂഫിൽ സ്ഥാപിച്ചു. അടിയിൽ നടുവിലാണ് എക്സോസ്റ്റ് സംവിധാനം. റെനോ കൈഗർ കൺസെപ്റ്റ് വേർഷന്റെ അകത്തെ വിശേഷങ്ങൾ തൽക്കാലം ലഭ്യമല്ല. 

 

റെനോ കൈഗറില്‍ പൂര്‍ണമായും പുതിയ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ അവതരിപ്പിക്കുമെന്ന് കമ്പനി പ്രസ്താവിച്ചു. നിസാന്‍ മാഗ്‌നൈറ്റില്‍ നല്‍കിയ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും പുതിയ മോട്ടോര്‍. ഈ എന്‍ജിന്‍ 97 ബിഎച്ച്പി പരമാവധി കരുത്തും 160 എന്‍എം പരമാവധി ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 5 സ്പീഡ് മാന്വല്‍, സിവിടി എന്നിവ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളായി ലഭിച്ചേക്കാം.

റെനോ കൈഗര്‍ എസ്‌യുവിയുടെ ഉല്‍പ്പാദന പതിപ്പ് പിന്നീട് പ്രത്യക്ഷപ്പെടും. ഷോ കാറിലെ എത്രത്തോളം ഡിസൈന്‍ സൂചകങ്ങള്‍ ഉല്‍പ്പാദന പതിപ്പില്‍ ഉണ്ടാകുമെന്ന് കാത്തിരുന്ന് കാണാം.

റെനോ ഗ്രൂപ്പിന്റെ ക്വിഡ്, ട്രൈബർ മോഡലുകൾ ലോകത്ത് ആദ്യമായി ഇന്ത്യൻ വിപണിയിലാണ് അവതരിപ്പിച്ചത്. ഇന്ത്യയിൽ റെനോ ഇതിനകം ആറര ലക്ഷം കാറുകൾ വിറ്റു.