Top Spec

The Top-Spec Automotive Web Portal in Malayalam

പുതിയ ഡിസ്കവറി; ഇതു വേറെ ലെവൽ

— ഫുള്‍ സൈസ് ആഡംബര എസ്‌യുവി അടുത്ത വര്‍ഷം വിപണികളില്‍ അവതരിപ്പിക്കും

കഴിഞ്ഞയാഴ്ച്ചയാണ് നാലാം തലമുറ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി ആഗോളതലത്തില്‍ അനാവരണം ചെയ്തത്. ഫുള്‍ സൈസ് ആഡംബര എസ്‌യുവി അടുത്ത വര്‍ഷം വിപണികളില്‍ അവതരിപ്പിക്കും. ഓഫ് റോഡ് സാഹസികത്വം കൂടാതെ ആധുനിക സ്റ്റെലിംഗ്, അധിക ഫീച്ചറുകള്‍ എന്നിവയോടെയാണ് 2021 ലാന്‍ഡ് റോവര്‍ ഡിസ്‌കവറി വരുന്നത്.

സ്പോർട്ട് യൂട്ടിലിറ്റി വാഹനത്തിന്റെ അകത്തെ മാറ്റങ്ങൾ പരിശോധിച്ചാൽ, പുതിയ സ്റ്റിയറിംഗ് വളയം നൽകിയിരിക്കുന്നു. പുതിയ ട്രാൻസ്മിഷൻ ഉപയോഗിക്കുന്നതിനാൽ റോട്ടറി ഡയലിന് പകരം ടോഗിൾ ഷിഫ്റ്റ് ഗിയർ സെലക്റ്റർ കാണാം. പുതുതായി 11.4 ഇഞ്ച് ‘പിവി പ്രോ’ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം ലഭിച്ചു. പഴയതിനേക്കാൾ കൂടുതൽ വേഗമുള്ളതും സ്മാർട്ടും മെച്ചപ്പെട്ട കണക്റ്റിവിറ്റിയുള്ളതുമായിരിക്കും പുതിയ സിസ്റ്റം. കൂടാതെ, ഓവർ ദ എയർ (ഒടിഎ) അപ്ഡേറ്റുകൾ സ്വീകരിക്കാൻ കഴിയും. മാത്രമല്ല, മുമ്പത്തേക്കാൾ 48 ശതമാനം വലുതും മൂന്നുമടങ്ങ് തെളിച്ചമുള്ളതുമാണ് പുതിയ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം. 12.3 ഇഞ്ച് വലുപ്പമുള്ള വിർച്വൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് മറ്റൊരു സവിശേഷത. പിഎം 2.5 കാബിൻ എയർ ഫിൽറ്റർ സംവിധാനം എടുത്തുപറയേണ്ട സംഗതിയാണ്. യാത്ര തുടങ്ങുന്നതിനുമുന്നേ ലാൻഡ് റോവർ റിമോട്ട് ആപ്പ് വഴി കാബിനിലെ വായു ശുദ്ധീകരിക്കാൻ കഴിയും. സ്മാർട്ട് വാച്ചിലെ ‘ആക്റ്റിവിറ്റി കീ’ വഴി വിദൂരത്തിരുന്ന് വാഹനം ലോക്ക്, അൺലോക്ക്, സ്റ്റാർട്ട് ചെയ്യാൻ സാധിക്കും.

  

കൂടുതൽ ഇരിപ്പുസുഖം ലഭിക്കുന്നതിനായി രണ്ടാം നിര സീറ്റുകൾ പുനർരൂപകൽപ്പന ചെയ്തു. എല്ലാ നിരകളിലും ഹീറ്റഡ് സീറ്റുകൾ സ്റ്റാൻഡേഡായി നൽകി. രണ്ടാം നിര സീറ്റുകൾ പിറകിലേക്ക് 160 എംഎം നിരക്കിനീക്കാൻ കഴിയും. പതിനാല് ഇടങ്ങളിലായി 41.8 ലിറ്ററാണ് സ്റ്റോറേജ് ശേഷി. മുൻനിര സീറ്റുകൾക്കിടയിലെ കൈത്താങ്ങിയുടെ (ആംറെസ്റ്റ്) കീഴിൽ ശീതീകരിച്ച സ്റ്റോറേജ് ലഭിക്കും. ‘ഇന്റലിജന്റ് സീറ്റ് ഫോൾഡ്’ സാങ്കേതികവിദ്യ ഉപയോഗിച്ച് ടച്ച്സ്ക്രീൻ സംവിധാനത്തിലൂടെ സീറ്റിംഗ് ലേഔട്ട് അനായാസം ക്രമീകരിക്കാൻ കഴിയും.

മൂന്ന്  പുതിയ ഇൻലൈൻ 6 ഇൻജീനിയം എൻജിനുകളോടെയാണ് പുതിയ ഡിസ്കവറി വരുന്നത്. ഈ പെട്രോൾ, ഡീസൽ എൻജിനുകളുടെ കൂടെ കൂടുതൽ ഇന്ധനക്ഷമത, പ്രകടനമികവ് എന്നിവ ലഭിക്കുന്നതിന് 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ നൽകി. രണ്ട് പെട്രോൾ എൻജിൻ ഓപ്ഷനുകൾ നൽകുന്നതിനൊപ്പം ഡീസൽ എൻജിൻ രണ്ടുവിധത്തിൽ ട്യൂൺ ചെയ്തു. 

2.0 ലിറ്റർ, 4 സിലിണ്ടർ, ‘പി300’ പെട്രോൾ എൻജിൻ 5,500 ആർപിഎമ്മിൽ 296 ബിഎച്ച്പി കരുത്തും 1,500 നും 4,500 നുമിടയിൽ ആർപിഎമ്മിൽ 400 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. 3.0 ലിറ്റർ, 6 സിലിണ്ടർ, ‘പി360’ പെട്രോൾ എൻജിൻ 5,500- 6,500 ആർപിഎമ്മിൽ 355 ബിഎച്ച്പി കരുത്തും 1,750- 5,000 ആർപിഎമ്മിൽ 500 എൻഎം ടോർക്കുമാണ് പുറപ്പെടുവിക്കുന്നത്. ഡി250, ഡി300 എന്നീ രണ്ട് വകഭേദങ്ങളിലാണ് 3.0 ലിറ്റർ ഡീസൽ എൻജിൻ ലഭിക്കുന്നത്. ആദ്യ വേരിയന്റ് 4,000 ആർപിഎമ്മിൽ 245 ബിഎച്ച്പി കരുത്തും 1,250- 2,250 ആർപിഎമ്മിൽ 570 എൻഎം ടോർക്കുമാണ് സൃഷ്ടിക്കുന്നത്. 4,000 ആർപിഎമ്മിൽ 296 ബിഎച്ച്പി കരുത്തും 1,500- 2,500 ആർപിഎമ്മിൽ 650 എൻഎം ടോർക്കും പുറത്തെടുക്കുംവിധം ഡി300 വേരിയന്റ് ട്യൂൺ ചെയ്തു. എല്ലാ വേരിയന്റുകളുമായി സ്റ്റാൻഡേഡായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഘടിപ്പിച്ചു.  

19 ഇഞ്ച്, 20 ഇഞ്ച്, 21 ഇഞ്ച്, 22 ഇഞ്ച് എന്നീ വീല്‍ സൈസ് ഓപ്ഷനുകളില്‍ എസ്‌യുവി ലഭിക്കും. 2,485 ലിറ്റര്‍ ബൂട്ട് ശേഷി 2021 ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയുടെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ കുടുംബവുമൊത്തുള്ള ഉല്ലാസ നിമിഷങ്ങള്‍ക്ക് പുതിയ ഡിസ്‌കവറിയില്‍ ഇറങ്ങിത്തിരിക്കാം.