Top Spec

The Top-Spec Automotive Web Portal in Malayalam

‘മെയ്ഡ് ഇൻ ഇന്ത്യ’ മെഴ്സേഡസ് എഎംജി ജിഎൽസി 43 4മാറ്റിക് കൂപ്പെ പുറത്തിറക്കി

—  ഇന്ത്യ എക്സ് ഷോറൂം വില 76.70 ലക്ഷം രൂപ

ഇന്ത്യയില്‍ ആദ്യമായി നിര്‍മിച്ച മെഴ്‌സേഡസ് എഎംജി മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. ജിഎല്‍സി 43 4മാറ്റിക് കൂപ്പെയാണ് പുറത്തിറക്കിയത്. 76.70 ലക്ഷം രൂപയാണ് ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം വില. പാര്‍ട്ടുകളും വാഹനഘടകങ്ങളും ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ കൂട്ടിയോജിപ്പിച്ചതോടെ എഎംജി എസ്‌യുവിയുടെ വില ഗണ്യമായി കുറഞ്ഞു. ഇറക്കുമതി ചെയ്ത സികെഡി കിറ്റുകള്‍ ഉപയോഗിച്ചാണ് എസ്‌യുവി അസംബിള്‍ ചെയ്തത്.

റെഗുലർ ജിഎൽസി കൂപ്പെയുടെ ഹൈ പെർഫോമൻസ് വകഭേദമാണ് എഎംജി ജിഎൽസി 43 കൂപ്പെ. കൂടുതൽ സ്പോർട്ടിയായ ബോഡി കിറ്റ്, പാനമേരിക്കാന ഗ്രിൽ, 20 ഇഞ്ച് വ്യാസമുള്ളതും 5 സ്പോക്കുകളോടു കൂടിയതുമായ അലോയ് വീലുകൾ, ക്വാഡ് എക്സോസ്റ്റുകൾ എന്നിവ ലഭിച്ചതോടെയാണ് എഎംജി വേർഷൻ കാഴ്ച്ചയിൽ വ്യത്യസ്തമാകുന്നത്.  

ഫ്ളാറ്റ് ബോട്ടം സ്റ്റിയറിംഗ് വളയം, കറുത്ത ആർട്ടിക്കോ തുകൽ പൊതിഞ്ഞ സ്പോർട്സ് സീറ്റുകൾ, കോൺട്രാസ്റ്റ് എന്ന നിലയിൽ ചുവന്ന തുന്നലുകൾ, 12.3 ഇഞ്ച് വലുപ്പമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് വലുപ്പമുള്ള എംബിയുഎക്സ് ടച്ച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം എന്നിവ അകത്തെ വിശേഷങ്ങളാണ്.  

3.0 ലിറ്റർ, ഇരട്ട ടർബോ, വി6 പെട്രോൾ എൻജിനാണ് മെഴ്സേഡസ് എഎംജി ജിഎൽസി 43 4മാറ്റിക് കൂപ്പെ ഉപയോഗിക്കുന്നത്. ഈ മോട്ടോർ 382 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എൻജിനുമായി ഘടിപ്പിച്ചു. മെഴ്സേഡസിന്റെ ഓൾ വീൽ ഡ്രൈവ് സംവിധാനമായ ‘4മാറ്റിക്’ നൽകി. പൂജ്യത്തിൽനിന്ന് മണിക്കൂറിൽ നൂറ് കിമീ വേഗമാർജിക്കാൻ 4.9 സെക്കൻഡ് മതിയെന്ന് മെഴ്സേഡസ് അവകാശപ്പെടുന്നു. മണിക്കൂറിൽ 250 കിലോമീറ്ററാണ് ഏറ്റവും ഉയർന്ന വേഗത.  

ഒബ്സിഡിയൻ ബ്ലാക്ക്, ബ്രില്യന്റ് ബ്ലൂ, ഗ്രാഫൈറ്റ് ഗ്രേ, പോളാർ വൈറ്റ്, ഡിസൈനോ ഹയാസിന്ത് റെഡ്, ഡിസൈനോ സെലനൈറ്റ് ഗ്രേ മാഗ്നോ എന്നീ ആറ് കളർ ഓപ്ഷനുകളിൽ മെഴ്സേഡസ് എഎംജി ജിഎൽസി 43 4മാറ്റിക് കൂപ്പെ ലഭിക്കും.