Top Spec

The Top-Spec Automotive Web Portal in Malayalam

ടിവിഎസ് എൻടോർക്ക് ഇപ്പോൾ ‘മാർവലസ്’

— ടിവിഎസ് എൻടോർക്ക് 125 സൂപ്പർസ്ക്വാഡ് എഡിഷൻ പുറത്തിറക്കി  
— ബ്ലാക്ക് പാന്തർ, അയേൺ മാൻ, ക്യാപ്റ്റൻ അമേരിക്ക എന്നീ മാർവൽസ് അവെഞ്ചേഴ്സ് സൂപ്പർ ഹീറോകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട ഗ്രാഫിക്സ് നൽകി  
— കോംബാറ്റ് ബ്ലൂ, ഇൻവിൻസിബിൾ റെഡ്, സ്റ്റെൽത്ത് ബ്ലാക്ക് എന്നീ കളർ വേരിയന്റുകളിൽ ലഭിക്കും. 85,526 രൂപയാണ് കേരള എക്സ് ഷോറൂം വില

ടിവിഎസ് എൻടോർക്ക് 125 സ്കൂട്ടറിന്റെ സൂപ്പർസ്ക്വാഡ് എഡിഷൻ വിപണിയിൽ. യുവാക്കളെ കൂടുതൽ ആകർഷിക്കുന്നതിനാണ് ടിവിഎസ് മോട്ടോർ കമ്പനി തങ്ങളുടെ സ്പോർട്ട് സ്കൂട്ടറിന്റെ പുതിയ എഡിഷൻ പുറത്തിറക്കിയത്. രാജ്യത്തെ ഉൽസവകാല വിപണിയാണ് ലക്ഷ്യം. 

മാർവൽസ് അവെഞ്ചേഴ്സ് കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ഗ്രാഫിക്സാണ് സ്കൂട്ടറുകൾക്ക് നൽകിയിരിക്കുന്നത്. കോംബാറ്റ് ബ്ലൂ, ഇൻവിൻസിബിൾ റെഡ്, സ്റ്റെൽത്ത് ബ്ലാക്ക് എന്നീ മൂന്ന് കളർ വേരിയന്റുകളിൽ ടിവിഎസ് എൻടോർക്ക് 125 സൂപ്പർസ്ക്വാഡ് എഡിഷൻ ലഭിക്കും. 85,526 രൂപയാണ് കേരള എക്സ് ഷോറൂം വില.

ബ്ലാക്ക് പാന്തർ കഥാപാത്രത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് സ്റ്റെൽത്ത് ബ്ലാക്ക് വേരിയന്റിന് ജെറ്റ് ബ്ലാക്ക് നിറം നൽകിയിരിക്കുന്നു. കൂടാതെ ഊതനിറ അലങ്കാരങ്ങളും കാണാം. ഇൻവിൻസിബിൾ റെഡ് വേരിയന്റിന് പ്രചോദനമായത് അയേൺ മാൻ കഥാപാത്രമാണ്. ‘ഡൈനാമിക് റെഡ്’ നിറ പ്രയോഗത്തിനൊപ്പം മഞ്ഞ, ചാര നിറ ഡീകാളുകളും നൽകി. നീല ബോഡി പാനലുകളിൽ ‘ക്യാപ്റ്റൻ അമേരിക്ക’ പ്രചോദിത സ്റ്റിക്കറുകൾ പതിച്ചതാണ് കോംബാറ്റ്‌ ബ്ലൂ വേരിയന്റ്.  

ഹാര്‍ഡ്‌വെയറിന്റെ കാര്യത്തില്‍ സ്റ്റാന്‍ഡേഡ് എന്‍ടോര്‍ക്ക് സ്‌കൂട്ടറും സൂപ്പര്‍സ്‌ക്വാഡ് എഡിഷനും ഒരുപോലെയാണ്. ടിവിഎസ് എന്‍ടോര്‍ക്ക് റേസ് എഡിഷന്‍ വേര്‍ഷന്റെ ഫീച്ചറുകള്‍ നല്‍കി. ബ്ലൂടൂത്ത് ബന്ധിത ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സവിശേഷതയാണ്. പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാംപ്, ടെയ്ല്‍ ലാംപ്, സീറ്റിനടിയില്‍ 22 ലിറ്റര്‍ ശേഷിയുള്ള സ്റ്റോറേജ് ഇടം എന്നിവ മറ്റ് വിശേഷങ്ങളാണ്.

124 സിസി, 3 വാൽവ് എൻജിനാണ് സ്കൂട്ടറിന് കരുത്തേകുന്നത്. ഈ മോട്ടോർ 9.1 ബിഎച്ച്പി കരുത്തും 10.5 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും.  

125 സിസി സ്കൂട്ടർ സെഗ്മെന്റിൽ സുസുകി ബർഗ്മാൻ സ്ട്രീറ്റ് 125, ഹോണ്ട ഗ്രാസിയ, അപ്രീലിയ എസ്ആർ 125, യമഹ റേ സെഡ്ആർ 125 എന്നിവയാണ് എതിരാളികൾ.