Top Spec

The Top-Spec Automotive Web Portal in Malayalam

എന്തതിശയമേ… എഎംജി കാറുകൾ ഇന്ത്യയിൽ നിർമിക്കും

— ഇന്ത്യയിൽ പെർഫോമൻസ് കാറുകൾ അസംബിൾ ചെയ്യുന്ന ആദ്യ കമ്പനിയായി മാറുകയാണ് മെഴ്സേഡസ് ബെൻസ്  

— എഎംജി ജിഎൽസി 43 4മാറ്റിക് കൂപ്പെ ആയിരിക്കും ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ എഎംജി കാർ  

— ഇന്ത്യയിൽ എഎംജി കാറുകളുടെ നിർമാണച്ചെലവും അതുവഴി വിലയും കുറയുന്നതിന് കാരണമാകും  

ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സേഡസ് ബെൻസ് ഇന്ത്യയിൽ എഎംജി കാറുകൾ നിർമിക്കും! ഇതോടെ ഇന്ത്യയിൽ പെർഫോമൻസ് കാറുകൾ അസംബിൾ ചെയ്യുന്ന ആദ്യ കമ്പനിയായി മാറുകയാണ് മെഴ്സേഡസ് ബെൻസ്. എഎംജി ജിഎൽസി 43 4മാറ്റിക് കൂപ്പെ ആയിരിക്കും ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ എഎംജി കാർ. നിലവിൽ പുണെയ്ക്കു സമീപത്തെ ചാകൺ പ്ലാന്റിൽ സികെഡി (കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗൺ) രീതിയിൽ പത്ത് മോഡലുകളാണ് മെഴ്സേഡസ് ബെൻസ് നിർമിക്കുന്നത്. വാഹന പാർട്ടുകളും ഘടകങ്ങളും മറ്റൊരു രാജ്യത്തേക്ക് കയറ്റുമതി ചെയ്ത് അവിടെവെച്ച് പൂർണ വാഹനമായി കൂട്ടിയോജിപ്പിക്കുന്ന രീതിയാണ് സികെഡി. ഇന്ത്യയിൽ എഎംജി കാറുകൾ അസംബിൾ ചെയ്യുന്നത് ആരംഭിച്ചു.

നിലവിൽ വിവിധ ബോഡി സ്റ്റൈലുകളിലായി 43, 53, 63, ജിടി സീരീസ് എഎംജി കാറുകളാണ് ഇന്ത്യയിൽ മെഴ്സേഡസ് ബെൻസ് വിൽക്കുന്നത്. ഇറക്കുമതി ചുങ്കം കുറവായതിനാൽ തദ്ദേശീയമായി നിർമിക്കുന്നത് ഇന്ത്യയിൽ എഎംജി കാറുകളുടെ നിർമാണച്ചെലവും അതുവഴി വിലയും കുറയുന്നതിന് കാരണമാകും. പൂർണമായി നിർമിച്ചശേഷം (സിബിയു രീതി) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനിരിക്കുന്ന എഎംജി ജിഎൽസി 43 മോഡലിന് ഒരു കോടിയിൽ അധികമായിരിക്കും വില. സികെഡി രീതിയിൽ ഇതേ മോഡൽ ഇന്ത്യയിൽ നിർമിക്കുമ്പോൾ ഏകദേശം 80 ലക്ഷം രൂപ വില നിശ്ചയിക്കാൻ കഴിയും.

 

ഇന്ത്യയിൽ കൂടുതൽ പേർക്ക് എഎംജി കാറുകൾ പ്രാപ്യമാക്കുകയാണ് ലക്ഷ്യമെന്ന് മെഴ്സേഡസ് ബെൻസ് ഇന്ത്യ എംഡി & സിഇഒ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു. പുതിയ തീരുമാനത്തിലൂടെ സുപ്രധാന നാഴികക്കല്ല് താണ്ടുകയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2019 ൽ എഎംജി കാറുകൾ 54 ശതമാനം വിൽപ്പന വളർച്ച കൈവരിച്ചതായി മെഴ്സേഡസ് ബെൻസ് അവകാശപ്പെടുന്നു.