Top Spec

The Top-Spec Automotive Web Portal in Malayalam

നിസാൻ മാഗ്നൈറ്റ്; അഴകിയ തമിഴ് മകൻ

— ഇന്ത്യയിലെ സബ്‌കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റില്‍ പുതിയ താരോദയം

— ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തി നിസാന്‍ മാഗ്‌നൈറ്റ്

— ഈ ഉല്‍സവ കാലത്തുതന്നെ വിപണിയില്‍ അവതരിപ്പിക്കും

— റെനോ – നിസാന്‍ സഖ്യത്തിന്റെ ചെന്നൈ പ്ലാന്റിലാണ് ഉല്‍പ്പാദനം

— 1.0 ലിറ്റര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ കരുത്തേകും

ഇന്ത്യയിലെ സബ്‌കോംപാക്റ്റ് എസ്‌യുവി സെഗ്മെന്റിലേക്ക് പുതിയ അതിഥി രംഗപ്രവേശം ചെയ്തു. നിസാന്‍ മാഗ്‌നൈറ്റ് എന്ന പുതിയ മോഡലിന്റെ ആഗോള അരങ്ങേറ്റം ഇന്ത്യയില്‍ നടന്നു. ഈ ഉല്‍സവ കാലത്തുതന്നെ എസ്‌യുവിയുടെ വില പ്രഖ്യാപിക്കുകയും വിപണിയില്‍ അവതരിപ്പിക്കുകയും ചെയ്യും. നാല് മീറ്ററില്‍ താഴെ നീളം വരുന്ന എസ്‌യുവിയാണ് നിസാന്‍ മാഗ്‌നൈറ്റ്. അഞ്ച് മോണോ ടോണ്‍ നിറങ്ങളിലും നാല് ഡുവല്‍ ടോണ്‍ നിറങ്ങളിലും എസ്‌യുവി ലഭിക്കും. റെനോ – നിസാന്‍ സഖ്യത്തിന്റെ ചെന്നൈയ്ക്കു സമീപത്തെ പ്ലാന്റിലാണ് നിസാന്‍ മാഗ്‌നൈറ്റ് നിര്‍മിക്കുന്നത്. ഇന്ത്യയിലെ വില്‍പ്പന കൂടാതെ മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്യും.

ബൈ പ്രൊജക്റ്റർ എൽഇഡി ഹെഡ്ലാംപുകൾ, ഇംഗ്ലീഷ് അക്ഷരമാലയിലെ എൽ ആകൃതിയുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, എൽഇഡി ഫോഗ് ലൈറ്റുകൾ, മുന്നിലും പിന്നിലും വെള്ളി നിറത്തിലുള്ള സ്കിഡ് പ്ലേറ്റുകൾ, 16 ഇഞ്ച് വ്യാസമുള്ള ഡയമണ്ട് കട്ട് അലോയ് വീലുകൾ, 50 കിലോഗ്രാം വരെ ഭാരം കെട്ടിവെയ്ക്കാൻ കഴിയുന്ന വെള്ളി നിറത്തിലുള്ള റൂഫ് റെയിലുകൾ, മുന്നിലെ ഫെൻഡറുകളിൽ മാഗ്നൈറ്റ് ബാഡ്ജ്, പഡിൽ ലാംപുകൾ എന്നിവയാണ് ഡിസൈൻ സവിശേഷതകൾ.  

വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ സഹിതം എട്ട് ഇഞ്ച് വലുപ്പമുള്ള ടച്ച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ‘നിസാൻ കണക്റ്റ്’, ആറ് സ്പീക്കറുകളോടുകൂടിയ മ്യൂസിക് സിസ്റ്റം, എറൗണ്ട് വ്യൂ മോണിറ്റർ, ഏഴ് ഇഞ്ച് വലുപ്പമുള്ളതും പൂർണ ഡിജിറ്റലുമായ ടിഎഫ്ടി എംഐഡി (മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ), സ്റ്റിയറിംഗിൽ സ്ഥാപിച്ച കൺട്രോളുകൾ, എൻജിൻ സ്റ്റാർട്ട് സ്‌റ്റോപ്പ് ബട്ടൺ, വയർലെസ് ചാർജിംഗ്, ഷഡ്ഭുജ ആകൃതിയുള്ള എസി നിർഗമ ദ്വാരങ്ങൾ (വെന്റുകൾ), ക്രൂസ് കൺട്രോൾ, രണ്ടാം നിരയിൽ എസി നിർഗമ ദ്വാരങ്ങൾ, കപ്പ് ഹോൾഡർ, മൊബൈൽ ഹോൾഡർ എന്നിവ സഹിതം പിൻ നിരയിൽ ആം റെസ്റ്റ്, പത്ത് ലിറ്റർ വലുപ്പമുള്ള ഗ്ലൗവ് ബോക്സ്, 60:40 അനുപാതത്തിൽ സ്പ്ലിറ്റ് സീറ്റുകൾ എന്നിവ അകത്തെ വിശേഷങ്ങളാണ്.  

1.0 ലിറ്റര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് പവര്‍ട്രെയ്ന്‍ ഓപ്ഷന്‍. സ്റ്റാന്‍ഡേഡായി 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ നല്‍കി. സിവിടി (കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍) ഓപ്ഷണലായി ലഭിക്കും. ഒരു ലിറ്റര്‍ പെട്രോള്‍ നിറച്ചാല്‍ 20 കിമീ സഞ്ചരിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇരട്ട എയർബാഗുകൾ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), വെഹിക്കിൾ ഡൈനാമിക് കൺട്രോൾ (വിഡിസി), ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ് (എച്ച്ബിഎ), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് (എച്ച്എസ്എ), ട്രാക്ഷൻ കൺട്രോൾ, സ്പീഡ് സെൻസിംഗ് ഡോർ ലോക്ക്, ആന്റി റോൾ ബാർ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്) എന്നിവയാണ് സുരക്ഷാ ഫീച്ചറുകൾ.