Top Spec

The Top-Spec Automotive Web Portal in Malayalam

വീണ്ടും നിക്ഷേപം സ്വീകരിച്ച് റേസ് എനർജി

—  മൂന്നുചക്ര വാഹനങ്ങൾക്കായി ബാറ്ററി സ്വാപ്പിംഗ് ശൃംഖല സ്ഥാപിച്ചുവരികയാണ് റേസ് എനർജി 

വൈദ്യുത വാഹന മേഖലയിൽ പ്രവർത്തിക്കുന്ന റേസ് എനർജി കൂടുതൽ നിക്ഷേപം സ്വീകരിച്ചു. നിലവിലെ നിക്ഷേപകരായ ഗ്രോഎക്സ് വെഞ്ചേഴ്സിൽനിന്നും ഏയ്ഞ്ചൽ നിക്ഷേപകരിൽനിന്നുമാണ് പുതുതായി നിക്ഷേപ സമാഹരണം നടത്തിയത്. മൂന്നുചക്ര വാഹനങ്ങൾക്കായി ബാറ്ററി സ്വാപ്പിംഗ് ശൃംഖല സ്ഥാപിച്ചുവരികയാണ് റേസ് എനർജി. ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിന് തയ്യാറെടുക്കുമ്പോഴാണ് പുതിയ നിക്ഷേപ സമാഹരണം.

 

ബിറ്റ്സ് പിലാനിയിലെ പൂർവ വിദ്യാർത്ഥികളായ അരുൺ ശ്രേയസ്, ഗൗതം മഹേശ്വരൻ എന്നിവർ ചേർന്ന് 2018 ലാണ് റേസ് എനർജി സ്ഥാപിച്ചത്. ഗുരുഗ്രാം ആസ്ഥാനമായ ‘ഹഡിൽ’ ആണ് റേസ് എനർജിയെ പിന്തുണയ്ക്കുന്നത്. ഗ്രോഎക്സ് വെഞ്ചേഴ്സ്, പ്രൊഫെറ്റിക് വെഞ്ചേഴ്സ്, ഏയ്ഞ്ചൽ നിക്ഷേപകരായ അനന്ത് നകിരികാന്തി, സിദ്ധാർത്ഥ് നമ്പുരി എന്നിവരിൽനിന്ന് നേരത്തെ 2019 ഡിസംബറിൽ നിക്ഷേപം സ്വീകരിച്ചിരുന്നു.  

പുതിയ സാങ്കേതികവിദ്യകൾ, വാഹന, ഊർജ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഫണ്ട് കണ്ടെത്തിയത്. റേസ് എനർജി വഴി ഡ്രൈവർമാർക്ക് തങ്ങളുടെ പ്രവർത്തന ചെലവുകൾ 40 ശതമാനത്തോളം കുറയ്ക്കാൻ കഴിയും. ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് 50,000 രൂപ മാത്രം നൽകി റേസ് എനർജിയുടെ ഇലക്ട്രിക് പവർട്രെയ്ൻ സ്വന്തമാക്കാം.

ചെറിയ വാഹനങ്ങൾക്കായി രാജ്യമെങ്ങും ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ തയ്യാറെടുക്കുകയാണ് റേസ് എനർജി. വൈദ്യുത വാഹനങ്ങളുടെ ചാർജ് തീർന്ന ബാറ്ററി ഇവിടെ നൽകി ചാർജോടുകൂടിയ ബാറ്ററി മാറ്റിവാങ്ങാം. സാധാരണപോലെ ബാറ്ററി ചാർജ് ചെയ്യുന്നതിന് ഡ്രൈവർമാർക്ക്  സമയം ചെലവഴിക്കേണ്ടി വരില്ല. 2021 തുടക്കത്തിൽ വിവിധ നഗരങ്ങളിൽ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് റേസ് എനർജി സഹ സ്ഥാപകൻ അരുൺ ശ്രേയസ് പറഞ്ഞു.