Top Spec

The Top-Spec Automotive Web Portal in Malayalam

സ്പെയർ പാർട്സ് വിൽപ്പനയുമായി ഗോമെക്കാനിക്

—  ന്യൂഡെൽഹിയിലെ കശ്മീരി ഗേറ്റിൽ സ്പെയർ പാർട്സ് വിതരണ സ്‌റ്റോർ തുറന്നു

—  രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലേക്ക് സ്പെയർ പാർട്സ് ബിസിനസ് വ്യാപിപ്പിക്കും 

രാജ്യത്തെ ഏറ്റവും വലിയ മൾട്ടി ബ്രാൻഡ് കാർ വർക്ക്ഷോപ്പ് ശൃംഖലയായ ഗോമെക്കാനിക് ന്യൂഡെൽഹിയിലെ കശ്മീരി ഗേറ്റിൽ സ്പെയർ പാർട്സ് വിതരണ സ്‌റ്റോർ തുറന്നു. ‘ഗോമെക്കാനിക് സ്പെയേഴ്സ്’ എന്ന സ്വന്തം ബ്രാൻഡിനു കീഴിൽ ‘കെപിഎൻ ഓവർസീസ്’ ആണ് പ്രവർത്തനമാരംഭിച്ചത്. ടാറ്റ മോട്ടോഴ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഞ്ജീവ് ഗാർഗ് ഉദ്ഘാടനം ചെയ്തു. വാഹന പാർട്സ് വിപണിയിൽ ഗോമെക്കാനിക് ഈയിടെയാണ് പ്രവേശിച്ചത്.

ലൂബ്രിക്കന്റുകൾ, കൂളന്റുകൾ, സ്പെയർ പാർട്ടുകൾ തുടങ്ങിയവയാണ് ഗോമെക്കാനിക് വിതരണം ചെയ്യുന്നത്. ന്യായവിലയിൽ എല്ലാ ടോപ് ബ്രാൻഡുകളുടെയും സ്പെയർ പാർട്ടുകൾ ഒരു മേൽക്കൂരയ്ക്കു കീഴിൽ ലഭ്യമാക്കുകയാണ് ഗോമെക്കാനിക് ചെയ്യുന്നത്. ‘സ്മാർട്ട്കൂൾ’ എന്ന സ്വന്തം കൂളന്റ് കൂടാതെ വിവിധ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളും പുതിയ ഔട്ട്ലെറ്റ് വഴി വിതരണം ചെയ്യും.

  

രാജ്യത്തെ രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലേക്ക് സ്പെയർ പാർട്സ് ബിസിനസ് വ്യാപിപ്പിക്കുകയാണ് ഗോമെക്കാനിക്കിന്റെ ലക്ഷ്യം. സ്പെയർ പാർട്സ് വിൽപ്പനക്കാരെയും വിതരണക്കാരെയും വർക്ക്ഷോപ്പ് ഉടമകളെയുമാണ് ഗോമെക്കാനിക് ഉന്നം വെയ്ക്കുന്നത്. 

 

ഐഐടി, ഐഐഎം പൂർവ വിദ്യാർത്ഥികളായ കുശൽ കർവ, അമിത് ഭാസിൻ, റിഷഭ് കർവ, നിതിൻ റാണ എന്നിവർ ചേർന്ന് 2016 ലാണ് ഗോമെക്കാനിക് ആരംഭിച്ചത്. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ ടെക്നോളജി അധിഷ്ഠിത കാർ സർവീസ് സെന്റർ ശൃംഖലയാണ് ഗോമെക്കാനിക്. രാജ്യത്തെ 25 നഗരങ്ങളിലായി 500 ഓളം കാർ റിപ്പയർ വർക്ക്ഷോപ്പുകളാണ് ഗോമെക്കാനിക് പ്രവർത്തിപ്പിക്കുന്നത്. വർഷംതോറും 20 ലക്ഷത്തിൽ കൂടുതൽ കാറുകൾ സർവീസ് ചെയ്യുന്നു. 2021 ഓടെ ഒരു കോടി ഉപയോക്താക്കളാണ് ലക്ഷ്യം.