Top Spec

The Top-Spec Automotive Web Portal in Malayalam

വർധിത വീര്യത്തോടെ ഇസുസു ഡി-മാക്സ്, എസ്-ക്യാബ്

—  പിക്കപ്പ് ട്രക്കുകൾ ഇപ്പോൾ ബിഎസ് 6 പാലിക്കും  

—  യഥാക്രമം 7.84 ലക്ഷം രൂപയിലും 9.82 ലക്ഷം രൂപയിലും മുംബൈ എക്സ് ഷോറൂം വില ആരംഭിക്കുന്നു 

ബിഎസ് 6 (ഭാരത് സ്റ്റേജ് 6) പാലിക്കുന്ന ഇസുസു ഡി-മാക്സ്, ഡി-മാക്സ് എസ്-ക്യാബ് പിക്കപ്പ് ട്രക്കുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. യഥാക്രമം 7.84 ലക്ഷം രൂപയിലും 9.82 ലക്ഷം രൂപയിലുമാണ് മുംബൈ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. ക്യാബ് ചാസി, സ്റ്റാൻഡേഡ് (പേലോഡ് 1,240 കി.ഗ്രാം), സൂപ്പർ സ്ട്രോംഗ് (പേലോഡ് 1,710 കി.ഗ്രാം) എന്നീ മൂന്ന് വേരിയന്റുകളിൽ ഇസുസു ഡി-മാക്സ് ലഭിക്കും. സ്റ്റാൻഡേഡ്, ഹൈ-റൈഡ് എന്നിവയാണ് ഇസുസു ഡി-മാക്സ് എസ്-ക്യാബ് വേർഷന്റെ രണ്ട് വേരിയന്റുകൾ. ബിഎസ് 6 എൻജിൻ കൂടാതെ രണ്ട് മോഡലുകളിലും സൗന്ദര്യവർധക പരിഷ്കാരങ്ങൾ വരുത്തി.

 ബിഎസ് 6 പാലിക്കുന്ന 2.5 ലിറ്റർ ഡീസൽ എൻജിനാണ് രണ്ട് മോഡലുകൾക്കും കരുത്തേകുന്നത്. ഈ മോട്ടോർ 3,800 ആർപിഎമ്മിൽ 78 ബിഎച്ച്പി പരമാവധി കരുത്തും 1,500 നും 2,400 നുമിടയിൽ ആർപിഎമ്മിൽ 176 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ എൻജിനുമായി ഘടിപ്പിച്ചു.

ടിൽറ്റ് രീതിയിൽ ക്രമീകരിക്കാവുന്ന പവർ സ്റ്റിയറിംഗ്, ഹീറ്റർ സഹിതം ബ്ലോവർ, എയർ കണ്ടീഷണർ (ഓപ്ഷണൽ), ഡസ്റ്റ് ഫിൽറ്റർ, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെൽറ്റോടുകൂടി ഡ്രൈവർ സീറ്റ്, നിരക്കാൻ കഴിയുന്ന കോ-ഡ്രൈവർ സീറ്റ്, ക്ലച്ച് ഫൂട്ട്റെസ്റ്റ്, ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, സെൻട്രൽ ലോക്കിംഗ് എന്നിവയാണ് രണ്ട് ഡോറുകളോടുകൂടിയ ഇസുസു ഡി-മാക്സ് മോഡലിന്റെ ഫീച്ചറുകൾ.

  

ഇസുസു ഡി-മാക്സ് മോഡലിന്റെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 5,375 എംഎം, 1,860 എംഎം, 1,800 എംഎം എന്നിങ്ങനെയാണ്. വീൽബേസ് 3,095 മില്ലിമീറ്ററും ഗ്രൗണ്ട് ക്ലിയറൻസ് 220 മില്ലിമീറ്ററുമാണ്. 16 ഇഞ്ച് വ്യാസമുള്ള സ്റ്റീൽ വീലുകളിലാണ് വാഹനം ഓടുന്നത്.  

അഞ്ച് സീറ്റുകളോടുകൂടിയ 4 ഡോർ മോഡലാണ് ഇസുസു ഡി-മാക്സ് എസ്-ക്യാബ്. ഡി-മാക്സ് വകഭേദത്തിലെ ഫീച്ചറുകൾ കൂടാതെ ഹീറ്റർ സഹിതം എയർ കണ്ടീഷണർ, പവർ വിൻഡോകൾ, ഡ്രൈവർക്കായി ഓട്ടോമാറ്റിക് ഡൗൺ വിൻഡോ, പിറകിൽ 60:40 അനുപാതത്തിൽ ക്രമീകരിക്കാവുന്ന സീറ്റ്, പ്രീ-വയറിംഗ് ചെയ്ത നാല് സ്പീക്കറുകൾ എന്നിവ അധിക ഫീച്ചറുകളാണ്.  

എസ്-ക്യാബ് വകഭേദത്തിന്റെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 5,190 എംഎം, 1,775 എംഎം, 1,690 എംഎം എന്നിങ്ങനെയാണ്. ഹൈ റൈഡ് വേരിയന്റിന് വീതിയും ഉയരവും അൽപ്പം കൂടും. 1,860 എംഎം, 1,780 എംഎം എന്നിങ്ങനെ. 3,095 മില്ലിമീറ്ററാണ് വീൽബേസ്. സ്റ്റാൻഡേഡ് വേരിയന്റിന് 6.1 മീറ്ററും ഹൈ റൈഡ് വേരിയന്റിന് 6.3 മീറ്ററുമാണ് ടേണിംഗ് റേഡിയസ്.  

ബ്രേക്ക് ഓവർറൈഡ് സിസ്റ്റം, സ്റ്റീൽ സ്കിഡ് പ്ലേറ്റ്, എൻജിൻ ബോട്ടം ഗാർഡ്, ഡേ & നൈറ്റ് ഇൻസൈഡ് റിയർ വ്യൂ കണ്ണാടികൾ, റിയർ പാർക്കിംഗ് സിസ്റ്റം, മുന്നിൽ ക്രോസ് കാർ ബീം, ഡോർസൈഡ് ഇൻട്രൂഷൻ ബീം, വാണിംഗ് ലൈറ്റുകൾ, ബസറുകൾ തുടങ്ങിയവ സുരക്ഷാ ഫീച്ചറുകളാണ്.  

സ്പ്ലാഷ് വൈറ്റ്, ടൈറ്റാനിയം സിൽവർ എന്നീ നിറങ്ങൾ കൂടാതെ പുതുതായി ഗലീന ഗ്രേ കളർ ഓപ്ഷനിലും ഡി-മാക്സ്, ഡി-മാക്സ് എസ്-ക്യാബ് മോഡലുകൾ ലഭിക്കും.

ഡി-മാക്സ് 

ക്യാബ് ചാസി ……  7,84,239 രൂപ

റെഗുലർ …….. 8,28,911 രൂപ

സൂപ്പർ സ്ട്രോംഗ് …… 8,38,929 രൂപ 

എസ്-ക്യാബ് 

റെഗുലർ …… 9,82,150 രൂപ

ഹൈ-റൈഡ് ….. 10,07,139 രൂപ