Top Spec

The Top-Spec Automotive Web Portal in Malayalam

സാക്ഷാൽ ഷൂമാക്കറിനെ മറികടന്ന് ഹാമിൽട്ടൺ

— പോർച്ചുഗീസ് ഗ്രാൻഡ് പ്രിക്സിൽ കരിയറിലെ 92-ാം ജയം മെഴ്സേഡസ് താരം സ്വന്തമാക്കി 

— നിലവിലെ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയാൽ ഏഴ് ചാമ്പ്യൻഷിപ്പുകളെന്ന മൈക്കൽ ഷൂമാക്കറിന്റെ റെക്കോർഡിന് ഒപ്പമെത്തും

ഫോർമുല വൺ കാറോട്ട മത്സരങ്ങളുടെ ചരിത്രം തിരുത്തിക്കുറിച്ച് ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടൺ. പോർച്ചുഗീസ് ഗ്രാൻഡ് പ്രിക്സിൽ കരിയറിലെ 92-ാം ജയം മെഴ്സേഡസ് താരം സ്വന്തമാക്കി. 91 വിജയങ്ങൾ നേടിയ ജർമനിയുടെ സാക്ഷാൽ മൈക്കൽ ഷൂമാക്കറിനെയാണ് ഹാമിൽട്ടൺ മറികടന്നത്. 

മെഴ്സേഡസിന്റെ മറ്റൊരു ഡ്രൈവറായ വാൽട്ടേരി ബോട്ടാസിനേക്കാൾ ഏകദേശം 25.6 സെക്കൻഡും മൂന്നാമതായി ഫിനിഷ് ചെയ്ത റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റപ്പനേക്കാൾ 34.5 സെക്കൻഡും മുന്നിലായി ലൂയിസ് ഹാമിൽട്ടൺ ഫിനിഷ് ചെയ്തു. ഈ സീസണിലെ എട്ടാം വിജയമാണ് ഹാമിൽട്ടൺ നേടിയത്. ചാമ്പ്യൻഷിപ്പിൽ അഞ്ച് റേസുകൾ ബാക്കിനിൽക്കേ ബോട്ടാസിനേക്കാൾ 77 പോയന്റ് മുന്നിലാണ് ഇപ്പോൾ ലൂയിസ് ഹാമിൽട്ടൺ.

 

2007 ലാണ് ലൂയിസ് ഹാമില്‍ട്ടണ്‍ തന്റെ ആദ്യ എഫ്1 റേസ് ജയിക്കുന്നത്. തൊട്ടടുത്ത വര്‍ഷം ആദ്യ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. അന്ന് മക്‌ലാറനു വേണ്ടിയാണ് മല്‍സരിച്ചത്. ഷൂമാക്കറിന് പകരം 2013 ല്‍ മെഴ്‌സേഡസില്‍ എത്തിയതോടെയാണ് ലൂയിസ് ഹാമില്‍ട്ടണ് ശുക്രദശ തുടങ്ങിയത്. പിന്നീട് അഞ്ച് എഫ്1 കിരീടങ്ങള്‍ കൂടി ലൂയിസ് ഹാമില്‍ട്ടണ്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. നിലവിലെ ചാമ്പ്യന്‍ഷിപ്പില്‍ മുന്നിട്ടുനില്‍ക്കുന്ന ഹാമില്‍ട്ടണ്‍ ഈ വര്‍ഷം കിരീടം നേടിയാല്‍ ഏഴ് ചാമ്പ്യന്‍ഷിപ്പുകളെന്ന മൈക്കല്‍ ഷൂമാക്കറിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തും.

ഇതിനകം റെക്കോർഡായി മാറിയ കരിയറിലെ 97-ാം പോൾ പൊസിഷനാണ് ലൂയിസ് ഹാമിൽട്ടൺ പോർച്ചുഗലിൽ നേടിയത്. ഫോർമുല വൺ മത്സരത്തിന് ആദ്യമായി ഉപയോഗിച്ച ട്രാക്കിൽ ബോട്ടാസിനും വെർസ്റ്റപ്പനും മുന്നേ ഹാമിൽട്ടൺ നിലയുറപ്പിച്ചു.  

മക്‌ലാറന്റെ കാര്‍ലോസ് സെയ്ന്‍സ് ജൂനിയര്‍ അല്‍പ്പനേരം ലീഡ് നേടി. പിന്നീട് ബോട്ടാസ് മുന്നില്‍ക്കയറി. ഇരുപതാം ലാപ്പിലാണ് ഹാമില്‍ട്ടണ്‍ ബോട്ടാസിനെ മറികടന്നത്. കുതിച്ചുപാഞ്ഞ ലൂയിസ് ഹാമില്‍ട്ടണ്‍ ഫിനിഷ് ലൈന്‍ താണ്ടുകയും റെക്കോര്‍ഡ് ബുക്കുകളില്‍ കയറുകയും ചെയ്തു.