Top Spec

The Top-Spec Automotive Web Portal in Malayalam

വലിയ പ്രതീക്ഷകളുമായി നിസാൻ മാഗ്നൈറ്റ് വരുന്നു

— ഒക്ടോബർ 21 ന് ഇന്ത്യയിൽ ആഗോള അരങ്ങേറ്റം നടത്തും  

— നാല് മീറ്ററിൽ താഴെ നീളം വരുന്ന എസ് യുവിയാണ് നിസാൻ മാഗ്നൈറ്റ് 

— ഇന്ത്യയിൽ ഏറ്റവുമധികം മൽസരം നടക്കുന്ന വാഹന സെഗ്മെന്റുകളിലൊന്നാണ് സബ്കോംപാക്റ്റ് എസ് യുവി സെഗ്മെന്റ്

ഇന്ത്യയിൽ ആഗോള അനാവരണത്തിന് തയ്യാറെടുത്ത് നിസാൻ മാഗ്നൈറ്റ്. ഒക്ടോബർ 21 ന് നിസാൻ മാഗ്നൈറ്റ് ലോകസമക്ഷം പ്രത്യക്ഷപ്പെടും. ജാപ്പനീസ് കാർ നിർമാതാക്കളുടെ സബ്കോംപാക്റ്റ് എസ് യുവിയാണ് മാഗ്നൈറ്റ്. നാല് മീറ്ററിൽ താഴെ നീളം വരുന്ന സ്പോർട്ട് യൂട്ടിലിറ്റി വാഹനത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ‘നിസാൻ നെക്സ്റ്റ്’ പദ്ധതിയുടെ ഭാഗമായാണ് മാഗ്നൈറ്റ് വിപണിയിലെത്തിക്കുന്നത്. ഈ പ്രോജക്റ്റ് അനുസരിച്ച് ആഗോളതലത്തിൽ 18 മാസങ്ങൾക്കുള്ളിൽ 12 കാറുകൾ പുറത്തിറക്കും.

ഇന്ത്യയിൽ ഏറ്റവുമധികം മൽസരം നടക്കുന്ന വാഹന സെഗ്മെന്റുകളിലൊന്നാണ് നാല് മീറ്ററിൽ താഴെ നീളം വരുന്ന എസ് യുവി സെഗ്മെന്റ്. മാരുതി സുസുകി വിറ്റാര ബ്രെസ, ഹ്യുണ്ടായ് വെന്യു, ടാറ്റ നെക്സോൺ, മഹീന്ദ്ര എക്സ് യുവി 300, ഫോഡ് ഇക്കോസ്പോർട്ട് എന്നിവ കൂടാതെ ഈയിടെ വിപണിയിലെത്തിയ കിയ സോണറ്റ്, ടൊയോട്ട അർബൻ ക്രൂസർ എന്നീ മോഡലുകളും ഇതേ സെഗ്മെന്റിലാണ് വിരാജിക്കുന്നത്. ഇവർക്കിടയിലേക്കാണ് വലിയ പ്രതീക്ഷകളുമായി നിസാൻ മാഗ്നൈറ്റ് വരുന്നത്.

ഷാർപ്പ് സ്റ്റൈലിംഗ് നൽകിയാണ് നിസാൻ മാഗ്നൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്ലീക്ക് പ്രൊജക്റ്റർ ഹെഡ്ലാംപുകൾ, ഇംഗ്ലീഷ് അക്ഷരമാലയിലെ ‘എൽ’ ആകൃതിയിൽ ബംപറിൽ സ്ഥാപിച്ച എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഷഡ്ഭുജ ആകൃതിയുള്ള വലിയ ഗ്രിൽ, ഗ്രില്ലിന് കട്ടികൂടിയ ക്രോം അതിരുകൾ, കറുപ്പ് നിറത്തിൽ പുറത്തെ റിയർ വ്യൂ കണ്ണാടികൾ എന്നിവ സബ്കോംപാക്റ്റ് എസ് യുവിയുടെ സവിശേഷതകൾ ആയിരിക്കും. പിറകിൽ റാപ്പ് എറൗണ്ട് എൽഇഡി ടെയ്ൽ ലൈറ്റുകൾ നൽകി.

അകത്തെ വിശേഷങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ എന്നിവ ഉണ്ടായിരിക്കുമെന്ന് നിസാൻ വെളിപ്പെടുത്തിയിട്ടുണ്ട്.

പൂർണമായും പുതിയ 1.0 ലിറ്റർ, ടിസിഇ 100, ടർബോ പെട്രോൾ എൻജിനായിരിക്കും നിസാൻ മാഗ്നൈറ്റ് ഉപയോഗിക്കുകയെന്ന് പ്രതീക്ഷിക്കുന്നു. ഈ മോട്ടോർ 100 ബിഎച്ച്പി പരമാവധി കരുത്തും 160 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. 5 സ്പീഡ് മാന്വൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ സിവിടി നൽകുമായിരിക്കും. ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഡെൽഹി ഓട്ടോ എക്സ്പോയിൽ നിസാൻ ഈ എൻജിൻ പ്രദർശിപ്പിച്ചിരുന്നു.