Top Spec

The Top-Spec Automotive Web Portal in Malayalam

അജാതശത്രുവായി ഔഡി ക്യു2 അവതരിച്ചു

— അഞ്ച് വേരിയന്റുകളിൽ എസ് യുവി ലഭിക്കും. 34.99 ലക്ഷം മുതൽ 48.89 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില 

— ഔഡിയുടെ ഏറ്റവും ചെറിയ ക്യു മോഡലായ ക്യു2, 2016 മുതൽ അന്താരാഷ്ട്ര വിപണികളിൽ വിറ്റുവരുന്നു 

— പൂർണമായി നിർമിച്ചശേഷം ഇറക്കുമതി ചെയ്യുകയാണ് 

ഔഡി ക്യു2 എസ് യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 34.99 ലക്ഷം മുതൽ 48.89 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. അഡ്വാൻസ്ഡ് ലൈൻ, ഡിസൈൻ ലൈൻ എന്നീ രണ്ട് വകഭേദങ്ങളിലും സ്റ്റാൻഡേഡ്, പ്രീമിയം, പ്രീമിയം പ്ലസ് 1, പ്രീമിയം പ്ലസ് 2, ടെക്നോളജി എന്നീ അഞ്ച് വേരിയന്റുകളിലും 2020 ഔഡി ക്യു2 ലഭിക്കും. 

 

ഔഡിയുടെ ഏറ്റവും ചെറിയ ക്യു മോഡലായ ക്യു2, 2016 മുതൽ അന്താരാഷ്ട്ര വിപണികളിൽ വിറ്റുവരുന്നു. ഔഡി ക്യു2 സ്പോർട്ട് യൂട്ടിലിറ്റി വാഹനത്തിന് ഇന്ത്യയിൽ നേരിട്ടൊരു എതിരാളിയില്ല. രണ്ട് ലക്ഷം രൂപയാണ് ബുക്കിഗ് തുക. സ്റ്റാൻഡേഡ് വേരിയന്റിൽ സൺറൂഫ് ഓപ്ഷണലായിരിക്കും. 

 

2.0 ലിറ്റർ, ടിഎഫ്എസ്ഐ പെട്രോൾ എൻജിനിൽ മാത്രമായിരിക്കും ഔഡി ക്യു2 ലഭിക്കുന്നത്. ഈ മോട്ടോർ 190 എച്ച്പി കരുത്തും 320 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എൻജിനുമായി ഘടിപ്പിച്ചു. ഔഡിയുടെ ‘ക്വാട്രോ’ എന്ന ഓൾ വീൽ ഡ്രൈവ് സംവിധാനം എല്ലാ ചക്രങ്ങളിലേക്കും കരുത്ത് എത്തിക്കും. പൂജ്യത്തിൽനിന്ന് മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗമാർജിക്കാൻ 6.5 സെക്കൻഡ് മതി. മണിക്കൂറിൽ 228 കിലോമീറ്ററാണ് ടോപ് സ്പീഡ്.  

ഫോക്സ് വാഗണിന്റെ എംക്യുബി പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയ ഔഡി ക്യു2 പൂർണമായി നിർമിച്ചശേഷം (സിബിയു രീതി) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. എസ് യുവിയുടെ നീളം, വീതി, ഉയരം എന്നീ അളവുകൾ യഥാക്രമം 4,318 എംഎം, 1,805 എംഎം, 1,548 എംഎം എന്നിങ്ങനെയാണ്. 2,593 മില്ലിമീറ്ററാണ് വീൽബേസ്.  

എൽഇഡി ഹെഡ്ലാംപുകൾ, സിംഗിൾ ഫ്രെയിം ഗ്രിൽ, സിൽവർ സ്കിഡ് പ്ലേറ്റുകൾ, ഡോറുകളിൽ ഘടിപ്പിച്ച പുറത്തെ റിയർ വ്യൂ കണ്ണാടികൾ, കറുത്ത ബി പില്ലർ, കോൺട്രാസ്റ്റ് നിറത്തിൽ സി പില്ലർ, ഡുവൽ ടിപ്പ് എക്സോസ്റ്റുകൾ, എൽഇഡി ടെയ്ൽ ലൈറ്റുകൾ, അലോയ് വീലുകൾ എന്നിവ ഫീച്ചറുകളാണ്. പനോരമിക് സൺറൂഫ്, 12.3 ഇഞ്ച് വിർച്വൽ കോക്പിറ്റ്, വയർലെസ് ചാർജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, ‘എംഎംഐ നാവിഗേഷൻ പ്ലസ്’ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം എന്നിവ അകത്തെ ഫീച്ചറുകളാണ്.

വേരിയന്റ്          വില 
സ്റ്റാൻഡേഡ് ………. 34.99 ലക്ഷം രൂപ 
പ്രീമിയം ……….. 40.89 ലക്ഷം രൂപ 
പ്രീമിയം പ്ലസ് 1 ……… 44.64 ലക്ഷം രൂപ 
പ്രീമിയം പ്ലസ് 2 ………. 45.14 ലക്ഷം രൂപ 
ടെക്നോളജി ……… 48.89 ലക്ഷം രൂപ