Top Spec

The Top-Spec Automotive Web Portal in Malayalam

ആകർഷക വിലയിൽ മഹീന്ദ്ര ഥാർ

ഇന്ത്യ എക്സ് ഷോറൂം വില 9.80 ലക്ഷം മുതൽ 13.75 ലക്ഷം രൂപ വരെ. ബുക്കിംഗ് തുടങ്ങി. നവംബർ ഒന്നിന് ഡെലിവറി ആരംഭിക്കും 

ഏവരും കാത്തിരുന്ന രണ്ടാം തലമുറ മഹീന്ദ്ര ഥാറിന്റെ വിലവിവരങ്ങൾ ഒടുവിൽ പുറത്ത്. ഗാന്ധി ജയന്തി ദിനത്തിൽ ഇന്ത്യൻ വിപണിയിൽ എസ് യുവി ഔദ്യോഗികമായി അവതരിപ്പിച്ചു. മഹീന്ദ്ര ഗ്രൂപ്പിന്റെ 75-ാം വാർഷികം കൂടിയായിരുന്നു ഒക്ടോബർ രണ്ട്. 9.80 ലക്ഷം മുതൽ 13.75 ലക്ഷം രൂപ വരെയാണ് പുതിയ ഥാറിന് ഇന്ത്യയിലെങ്ങും എക്സ് ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. എഎക്സ്, എൽഎക്സ് എന്നീ രണ്ട് വേരിയന്റുകളിലും 4 സീറ്റ്, 6 സീറ്റ് എന്നീ രണ്ട് സീറ്റിംഗ് ഓപ്ഷനുകളിലും 2020 മഹീന്ദ്ര ഥാർ ലഭിക്കും. ഹാർഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ്, കൺവെർട്ടിബിൾ ടോപ്പ് എന്നീ മൂന്ന് ബോഡി സ്റ്റൈലുകളിലും എസ് യുവി ലഭ്യമായിരിക്കും. റെഡ് റേജ്, അക്വാമറീൻ, റോക്കി ബേഷ് എന്നീ നിറങ്ങൾ കൂടാതെ മിസ്റ്റിക് കോപ്പർ, ഗ്യാലക്സി ഗ്രേ, നാപോളി ബ്ലാക്ക് എന്നീ പുതിയ കളർ ഓപ്ഷനുകളിലും പുതിയ ഥാർ വാങ്ങാം. ഇതോടുകൂടി ബുക്കിംഗ് ആരംഭിച്ചു. 21,000 രൂപയാണ് ബുക്കിംഗ് തുക. നവംബർ ഒന്നിന് ഡെലിവറി ആരംഭിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ആദ്യ യൂണിറ്റ് മഹീന്ദ്ര ഥാറിന്റെ ഓൺലൈൻ ലേലം സംഘടിപ്പിച്ചിരുന്നു. സ്വകാര്യ വ്യക്തി 1.11 കോടി രൂപ ലേലം വിളിച്ച് രണ്ടാം തലമുറയിലെ ആദ്യ ഥാർ സ്വന്തമാക്കി.

 

സവിശേഷ മൾട്ടി സ്ലാറ്റ് ഗ്രിൽ, വൃത്താകൃതിയിൽ ഹെഡ്ലാംപുകൾ, ഫെൻഡറുകളിൽ നൽകിയ ടേൺ ഇൻഡിക്കേറ്ററുകൾ, ചതുരാകൃതിയിൽ എൽഇഡി ടെയ്ൽ ലൈറ്റുകൾ, ഫോഗ് ലൈറ്റുകൾ, 18 ഇഞ്ച് 5 സ്പോക്ക് അലോയ് വീലുകൾ, ഡുവൽ ടോൺ ബംപറുകൾ എന്നിവ പുതിയ മഹീന്ദ്ര ഥാറിന്റെ പുറത്തെ വിശേഷങ്ങളാണ്.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, കളർ ടിഎഫ്ടി ഡിസ്പ്ലേയോടുകൂടിയ പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബിൽറ്റ്-ഇൻ റോൾ കേജ്, ഉയരം, നടുഭാഗം എന്നിവ ക്രമീകരിക്കാൻ കഴിയുന്ന മുൻ സീറ്റുകൾ, ഇഷ്ടാനുസൃതമാക്കാവുന്ന അഡ്വഞ്ചർ ഗേജുകൾ, റൂഫിൽ ഘടിപ്പിച്ച സ്പീക്കറുകൾ, ക്രൂസ് കൺട്രോൾ, സ്റ്റിയറിംഗിൽ നൽകിയ കൺട്രോളുകൾ, മുന്നിൽ പവർ വിൻഡോകൾ എന്നിവ അകത്തെ സവിശേഷതകളാണ്. 

 

ഇരട്ട എയർബാഗുകൾ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), റോൾ ഓവർ മിറ്റിഗേഷൻ സഹിതം ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം (ഇഎസ്പി), ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസെന്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (ടിപിഎംഎസ്) എന്നിവയാണ് സുരക്ഷാ ഫീച്ചറുകൾ.

പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളിൽ പുതിയ മഹീന്ദ്ര ഥാർ ലഭിക്കുമെന്നതാണ് ഒരു വലിയ മാറ്റം. 2.0 ലിറ്റർ, 4 സിലിണ്ടർ, ടർബോ പെട്രോൾ എൻജിൻ 152 എച്ച്പി കരുത്തും 300 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും (ഓട്ടോമാറ്റിക് ഗിയർബോക്സിൽ 320 എൻഎം). അതേസമയം 2.2 ലിറ്റർ, 4 സിലിണ്ടർ, ടർബോചാർജ്ഡ് ഡീസൽ എൻജിൻ പുറപ്പെടുവിക്കുന്നത് 132 എച്ച്പി കരുത്തും 300 എൻഎം ടോർക്കുമാണ്. 6 സ്പീഡ് മാന്വൽ, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഗിയർബോക്സുകൾ രണ്ട് എൻജിനുകളുടെയും ഓപ്ഷനുകളാണ്. 4×4 ട്രാൻസ്ഫർ കേസ് സ്റ്റാൻഡേഡായി നൽകി.

വേരിയന്റ്                 വില  

പെട്രോൾ  

എഎക്സ് സ്റ്റാൻഡേഡ്, എംടി, 6 സീറ്റ്, സോഫ്റ്റ് ടോപ്പ്…….. 9.80 ലക്ഷം രൂപ  

എഎക്സ്, എംടി, 6 സീറ്റ്, സോഫ്റ്റ് ടോപ്പ് …… 10.65 ലക്ഷം രൂപ  

എഎക്സ് (ഒ), എംടി, 4 സീറ്റ്, കൺവെർട്ടിബിൾ ടോപ്പ്…… 11.90 ലക്ഷം രൂപ 

എൽഎക്സ്, എംടി, 4 സീറ്റ്, ഹാർഡ് ടോപ്പ്…… 12.49 ലക്ഷം രൂപ  

എൽഎക്സ്, എടി, 4 സീറ്റ്, കൺവെർട്ടിബിൾ ടോപ്പ്…… 13.45 ലക്ഷം രൂപ

എൽഎക്സ്, എടി, 4 സീറ്റ്, ഹാർഡ് ടോപ്പ് …… 13.55 ലക്ഷം രൂപ

ഡീസൽ  

എഎക്സ്, എംടി, 6 സീറ്റ്, സോഫ്റ്റ് ടോപ്പ്….. 10.85 ലക്ഷം രൂപ

എഎക്സ് (ഒ), എംടി, 4 സീറ്റ്, കൺവെർട്ടിബിൾ ടോപ്പ്……. 12.10 ലക്ഷം രൂപ

എഎക്സ് (ഒ), എംടി, 4 സീറ്റ്, ഹാർഡ് ടോപ്പ്…… 12.20 ലക്ഷം രൂപ 

എൽഎക്സ്, എംടി, 4 സീറ്റ്, കൺവെർട്ടിബിൾ ടോപ്പ്….. 12.85 ലക്ഷം രൂപ

എൽഎക്സ്, എംടി, 4 സീറ്റ്, ഹാർഡ് ടോപ്പ്….. 12.95 ലക്ഷം രൂപ

എൽഎക്സ്, എടി, 4 സീറ്റ്, കൺവെർട്ടിബിൾ ടോപ്പ്…… 13.65 ലക്ഷം രൂപ  

എൽഎക്സ്, എടി, 4 സീറ്റ്, ഹാർഡ് ടോപ്പ്…… 13.75 ലക്ഷം രൂപ